ബിജെപിയുടെ വളർച്ച തടയാനായില്ല, കരുവന്നൂർ തിരിച്ചടിയായി; സിപിഎം തൃശൂർ ജില്ലാ സമ്മേളന പ്രവർത്തന റിപ്പോർട്ട്
കരുവന്നൂരും, പാർലമെൻറ് തിരഞ്ഞെടുപ്പിലെ തോൽവിയും, ക്രൈസ്ത വോട്ടുകളിലെ ചോർച്ചയുമാണ് റിപ്പോർട്ടിലെ പ്രധാന വിഷയങ്ങൾ
തൃശൂർ: ജില്ലയിലെ ബിജെപിയുടെ വളർച്ച തടയാനായില്ലെന്ന് സിപിഎം തൃശൂർ ജില്ലാ സമ്മേളനം പ്രവർത്തന റിപ്പോർട്ട്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് പാർട്ടിക്ക് ക്ഷീണം ഉണ്ടാക്കി. ക്രൈസ്ത വോട്ടുകളിൽ ചോർച്ചയുണ്ട്. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിൽ വീഴ്ച സംഭവിച്ചെന്നും തൃശൂർ സിപിഎം ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. കുന്നംകുളത്ത് വച്ച് നടക്കുന്ന സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.
കരുവന്നൂരും, പാർലമെൻറ് തിരഞ്ഞെടുപ്പിലെ തോൽവിയും, ക്രൈസ്ത വോട്ടുകളിലെ ചോർച്ചയുമാണ് റിപ്പോർട്ടിലെ പ്രധാന വിഷയങ്ങൾ. ബിജെപിക്ക് വലിയ വളർച്ച ജില്ലയിൽ ഉണ്ടായി എന്ന് റിപ്പോർട്ട് വിലയിരുത്തുന്നു. ക്രൈസ്തവ മേഖലയിലും ബിജെപിക്ക് സ്വാധീനം വർദ്ധിക്കുന്നുണ്ട്. അത് തടയാനായില്ല. ക്രൈസ്തവ മേഖലയിൽ നിന്നും സിപിഎമ്മിന് നഷ്ടമാവുന്ന വോട്ടുകളെക്കുറിച്ചും പ്രവർത്തന റിപ്പോർട്ടിൽ പറയുന്നുണ്ട്.
ലോകസഭാ തെരഞ്ഞെടുപ്പിൽ സിപിഎം ചേർത്ത വോട്ടുകൾ സിപിഎമ്മിന് ലഭിച്ചില്ല. വോട്ടർ പട്ടിക പരിശോധിക്കുന്നതിൽ വലിയ വീഴ്ചയുണ്ടായി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തവർ ഇത്തവണ മാറ്റിക്കുത്തി. എൽഡിഎഫ് വോട്ടുകൾ നഷ്ടപ്പെട്ടു. ഈഴവ വോട്ടുകൾ ബിജെപിക്കു ലഭിച്ചുവെന്നും പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു.
പ്രവർത്തന റിപ്പോർട്ടിലെ മറ്റൊരു പ്രധാന വിഷയം കരുവന്നൂർ ബാങ്ക് തട്ടിപ്പാണ്. കരുവന്നൂർ വിഷയം പാർട്ടിക്ക് കനത്ത പ്രഹരമായി. പ്രാദേശിക ജാഗ്രത കുറവാണ് പ്രശ്നങ്ങൾക്ക് കാരണം എന്നും റിപ്പോർട്ടിൽ പറയുന്നു. പാർട്ടി പ്രവർത്തന രീതികളിൽ അടിമുടി മാറ്റം അനിവാര്യം എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.