ബിഎല്‍ഒമാര്‍ നേരിടുന്നത് കടുത്ത സമ്മര്‍ദം; പരാതികള്‍ വ്യാപകം

തദ്ദേശ തെരഞ്ഞെടുപ്പിനൊപ്പം എസ്‌ഐആര്‍ കൂടി നടക്കുന്നതിനാല്‍ ബിഎല്‍ഒമാര്‍ക്ക് ഇരട്ടിപ്പണിയാണ്

Update: 2025-11-16 11:41 GMT
Editor : rishad | By : Web Desk

കോഴിക്കോട്: കണ്ണൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ(ബിഎല്‍ഒ) ജീവനൊടുക്കിയ സംഭവത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കുന്നരു യുപി സ്‌കൂളിലെ പ്യൂണ്‍ അനീഷ് ജോര്‍ജിനെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എസ്‌ഐആര്‍ ജോലിസംബന്ധിച്ച സമ്മര്‍ദമാണ് മരണകാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇതോടെയാണ് വലിയ രീതിയിലുള്ള പ്രതിഷേധം ഉയരുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിനൊപ്പം എസ്ഐആര്‍ നടപടികളും കൂടി വരുന്നത് ജോലിഭാരം കൂട്ടുമെന്നും തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ എസ്ഐആര്‍ മാറ്റിവെക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിരുന്നുവെങ്കിലും പരിഗണിച്ചിരുന്നില്ല. അതേസമയം മരണത്തിന് ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല എത്തുകയും ചെയ്തു. എസ്ഐആറിൻ്റെ പേരിൽ അമിത സമ്മർദമാണ് ബിഎൽഒമാർക്ക് നൽകുന്നതെന്നും ഇത്തരം നടപടികൾ തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മതിയായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Advertising
Advertising

ആരാണ് ബില്‍ഒ, എന്താണ് ഇപ്പോള്‍ അവരുടെ ജോലി

തെരഞ്ഞെടുപ്പ് കാലത്താണ് ബിഎല്‍ഒമാരെക്കുറിച്ച് അധികം പറഞ്ഞുകേള്‍ക്കുക. ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പെ ബിഎല്‍ഒമാരെക്കുറിച്ചുള്ള ചര്‍ച്ചകളും തുടങ്ങിയിരുന്നു. നേരത്തെ പറഞ്ഞതുപോല വോട്ടര്‍പട്ടികയിലെ തീവ്രപരിഷ്‌കരണവുമായി ബന്ധപ്പെട്ടായിരുന്നു അത്. എസ്‌ഐആറിന്റെ ഭാഗമായി ബിഎല്‍ഒമാരാണ് വീട്ടിലെത്തി ഫേം  നല്‍കുന്നതും അതു തിരിച്ചുവാങ്ങുന്നതും. 

ചുരുക്കിപ്പറഞ്ഞാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രാദേശിക പ്രതിനിധിയാണ് ബിഎല്‍ഒ. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദ്ദേശങ്ങൾക്കനുസരിച്ച് സംസ്ഥാനത്തെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറാണ് ബിഎൽഒമാരെ നിയമിക്കുന്നത്. അധ്യാപകർ, അങ്കണവാടി പ്രവർത്തകർ, വില്ലേജ് ലെവൽ വർക്കർമാർ തുടങ്ങിയവരെ എല്ലാം ബിഎൽഒ ആയി നിയമിക്കും. വോട്ടർപട്ടികയിലെ വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കാൻ വീട്ടിൽ ചെന്ന് പരിശോധന നടത്തുക, വോട്ടർമാരെ സഹായിക്കുക, തെരഞ്ഞെടുപ്പ് ദിവസം ബൂത്തിലെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുക എന്നിവയും ബിഎല്‍ഒയുടെ ചുമതലയിൽ വരും.

തദ്ദേശ തെരഞ്ഞെടുപ്പിനൊപ്പം എസ്‌ഐആര്‍ കൂടി നടക്കുന്നതിനാല്‍ ബിഎല്‍ഒമാര്‍ക്ക് ഇരട്ടിപ്പണിയാണ്. വേഗത്തില്‍ ഫോം വിതരണം ചെയ്യുക, സമയം നിശ്ചയിച്ച് അതിനുള്ളില്‍ തീര്‍ക്കാന്‍ ആവശ്യപ്പെടുക. ഒരു ദിവസം ആയിരത്തിലധികം ഫോം വിതരണം ചെയ്യാനുള്ള ടാര്‍ജറ്റ് വരെ ഉള്ളതായി ആരോപണം ഉണ്ട്. അതോടൊപ്പം പുതിയ ബിഎല്‍ഒമാര്‍ക്ക് നിശ്ചയിച്ച പ്രദേശത്തെക്കുറിച്ച് വലിയ ധാരണയില്ലെന്ന വിമര്‍ശനവും ചില ഭാഗങ്ങളിലുണ്ട്. 

നിലവില്‍ നേരിടുന്ന പ്രശ്നങ്ങള്‍

ഫോമിലെ സങ്കീര്‍ണത കാരണം സംശയനിവാരണം തന്നെയാണ് ഏറ്റവും വലിയ പ്രശ്‌നം. നിശ്ചയിച്ച സമയത്തിനകം തീര്‍ക്കാന്‍ കഴിയാവുന്ന അത്രയും സംശയങ്ങളാണ് പലര്‍ക്കും. ടൈം എടുത്ത് ചെയ്യേണ്ട ജോലിയാണിത്. ഒന്നും രണ്ടും തവണയല്ല, ഫോണെടുക്കാന്‍ തന്നെ ഒരാളെ വെക്കേണ്ട സ്ഥതി വരെയുണ്ടെന്ന് പറയുന്ന ബിഎല്‍ഒമാരുമുണ്ട്. ഫോം വിതരണം ചെയ്യാൻ എത്തുമ്പോൾ പല വീടുകളിലും ആളില്ലാത്ത സ്ഥിതിയുണ്ട്. ആളുകളെ കൃത്യമായി കണ്ടെത്താൻ ആകുന്നില്ലെന്ന് പരാതിയും ഉണ്ട്.

പലരും താമസം മാറിയിരിക്കുന്നു. ഇനി താമസം മാറിപ്പോയവരാകട്ടെ ഫോം ഇപ്പോള്‍ നിലവിലുള്ള സ്ഥലത്ത് കൊണ്ട് വരാനും ആവശ്യപ്പെടുന്നു. പല ആളുകളുടെയും പേരുകൾ പഴയ പട്ടികയിൽ ഇല്ല എന്നതിനാൽ വോട്ടർമാർക്ക് ആശയക്കുഴപ്പമുണ്ട്. കൃത്യമായി ട്രെയിനിങ് തരാത്തതിന്റെ പ്രശ്നങ്ങളും ബിഎല്‍ഒമാര്‍ക്കുണ്ട്. എസ്ഐആര്‍ എന്നതിനെക്കുറിച്ച് ധാരണയില്ലാത്തതിനാല്‍ പലരും ഉള്‍വലിയുന്നുണ്ട്. ഇവരെ തേടിപ്പിടിച്ച് കാര്യങ്ങള്‍ പറഞ്ഞുകൊടുക്കേണ്ട  ചുമതലയും ബിഎല്‍ഒമാര്‍ക്കാണ്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News