ബ്രഹ്മപുരത്തെ പ്ലാസ്റ്റിക് മാലിന്യം കത്തിയുണ്ടായ ചാരം നിർമാർജനം ചെയ്യാനാകാതെ നഗരസഭ; കടമ്പ്രയാറിലേക്ക് മാലിന്യമൊഴുകി
കടമ്പ്രയാറില്‍ മീനുകള്‍ ചത്തുപൊങ്ങുന്നത് നാട്ടുകാരെ ആശങ്കയിലാക്കിയിട്ടുണ്ട്
ബ്രഹ്മപുരം തീപിടിത്തം
കൊച്ചി: ബ്രഹ്മപുരത്തെ തീയും പുകയും കെട്ടടങ്ങിയെങ്കിലും പ്ലാസ്റ്റിക് മാലിന്യം കത്തിയുണ്ടായ ചാരം ഇനിയെന്തുചെയ്യുമെന്ന ചോദ്യം ബാക്കിയാണ്. പ്ലാന്‍റിനോട് ചേര്‍ന്നൊഴുകുന്ന കടമ്പ്രയാറിലേക്ക് ചാരവും മാലിന്യങ്ങളും ഒഴുകിപ്പരന്നു. കടമ്പ്രയാറില്‍ മീനുകള്‍ ചത്തുപൊങ്ങുന്നത് നാട്ടുകാരെ ആശങ്കയിലാക്കിയിട്ടുണ്ട് .
കടമ്പ്രയാറിന്‍റെ സ്വാഭാവിക നിറത്തിന് മാറ്റമുണ്ടായി എന്നതടക്കമുളള നാട്ടുകാരുടെ പരാതിക്കിടെയാണ് മീനുകള്‍ ചത്തുപൊങ്ങിയത്. കത്തുന്ന പ്ലാസ്റ്റിക് മാലിന്യത്തിലേക്ക് നീണ്ട പന്ത്രണ്ട് ദിവസം ഒഴിച്ച വെളളവും കഴിഞ്ഞ ദിവസങ്ങളില്‍ ഇടവിട്ട് പെയ്ത മഴവെളളവും രാസമാലിന്യം കടമ്പ്രയാറിലേക്കൊഴുകാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍.
ചാരം ബയോമൈനിങ്ങിലൂടെ തന്നെ സംസ്കരിക്കണമെന്ന് വിദഗ്ധര്‍
ബ്രഹ്മപുരം പ്ലാന്‍റിലെ മാലിന്യം കത്തിയുണ്ടായ ചാരം ബയോമൈനിങ്ങിലൂടെ തന്നെ സംസ്കരിക്കണമെന്ന് വിദഗ്ധര്‍. പ്രദേശത്ത് നിന്ന് ചാരം നീക്കിയില്ലെങ്കില്‍ കൂടുതല്‍ പ്രത്യാഘാതങ്ങളുണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇതെങ്ങനെ നീക്കുമെന്ന കാര്യത്തില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് കൃത്യമായ ധാരണയില്ല എന്നതാണ് വസ്തുത. പ്ലാസ്റ്റിക് കത്തിയ ചാരത്തിന്‍റെ മലകളാണ് ബ്രഹ്മപുരത്ത് ഇപ്പോഴുളളത്. വിഷപ്പുക കൊണ്ടുണ്ടായ. വായു മലിനീകരണത്തിന് പിന്നാലെയാണ് പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം കത്തിയമര്‍ന്നുണ്ടായ ചാരം ഭീഷണിയാകുന്നത്.
മഴ പെയ്യുമ്പോള്‍ ഇത് സമീപത്തെ ജലാശയങ്ങളിലേക്കൊഴുകുന്നതിനൊപ്പം ചാരത്തില്‍ നിന്നുളള പൊടിപടലങ്ങള്‍ പ്രദേശത്തെ വീണ്ടും പ്രതിസന്ധിയിലാക്കുകയാണ്. ഈ ചാരം എന്തുചെയ്യുമെന്നതിനെക്കുറിച്ച് കോര്‍പറേഷനോ ജില്ലാ ഭരണകൂടത്തിനോ കൃത്യമായ മറുപടിയില്ല. ബയോമൈനിങ്ങിലൂടെ തന്നെ ചാരം സംസ്കരിക്കണമെന്നാണ് വിദഗ്ധാഭിപ്രായം. ബയോമൈനിങ് നടത്തുന്ന സോണ്ട കമ്പനിയുടെ കരാര്‍ ജൂണ്‍ മാസം അവസാനിക്കും. സോണ്ടയുടെ കരാര്‍ കാലാവധി അവസാനിക്കും മുന്‍പ് ബയോമൈനിങ് പൂര്‍ത്തിയാകും എന്ന കാര്യവും സംശയമാണ്. 110 ഏക്കറില്‍ പരന്നുകിടക്കുന്ന മാലിന്യത്തില്‍ ഭൂരിഭാഗവും കത്തിക്കരിഞ്ഞ നിലയിലാണ്. ഇതിന്‍റെ അടിഭാഗത്ത് ഇപ്പോഴും കത്താത്ത മാലിന്യവുമുണ്ട്.
മാലിന്യ നിർമാർജനം ചർച്ച ചെയ്യാനുള്ള യോഗം ഇന്ന്
കൊച്ചി നഗരത്തിലെ മാലിന്യ നിർമാർജനം ചർച്ച ചെയ്യാനുള്ള യോഗം ഇന്ന് . മേയർ എം. അനിൽകുമാർ, സിറ്റി പൊലീസ് കമ്മീഷണർ കെ. സേതുരാമൻ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേരുക. റോട്ടറി ക്ലബ്ബ്, ചേംബർ ഓഫ് കോമേഴ്സ്, വ്യാപാരി വ്യവസായി സംഘടനകൾ , ക്രെഡായി, റസിഡൻസ് അസോസിയേഷൻസ് കൗൺസിൽ എന്നിവയുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും . റസിഡൻസ് അസോസിയേഷനുകളും ഭക്ഷണശാലകളും കേന്ദ്രീകരിച്ച് ഉറവിട മാലിന്യ സംസ്കരണം ഊർജ്ജിതമാക്കുന്നതിനുള്ള നടപടികൾ യോഗത്തിൽ ചർച്ചയാകും.