പീഡന പരാതി: കാലിക്കറ്റ് യൂണിവേഴ്സിറ്റി അധ്യാപകൻ ഹാരിസ് അറസ്റ്റില്‍

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസർ ഹാരിസിനെ ഗവേഷണ വിദ്യാർഥിനിയുടെ പരാതിയിലാണ് അറസ്റ്റ് ചെയ്തത്

Update: 2021-07-26 17:00 GMT

പീഡന പരാതിയിൽ അധ്യാപകൻ അറസ്റ്റിൽ. കാലിക്കറ്റ് യൂണിവേഴ്സിറ്റി അധ്യാപകൻ ഹാരിസ് കോടമ്പുഴയെയാണ് തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസർ ഹാരിസിനെ ഗവേഷണ വിദ്യാർഥിനിയുടെ പരാതിയിലാണ് അറസ്റ്റ് ചെയ്തത്. പരാതിയെ തുടർന്ന് നേരത്തെ ഹാരിസിനെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു.

ഈ മാസം 5 നാണ് വിദ്യാർഥിനി യൂണിവേഴ്സിറ്റി ആഭ്യന്തര പരാതി സമിതിക്ക് പരാതി നല്‍കിയത്. കഴിഞ്ഞ വർഷം ഒക്ടോബർ മുതലുള്ള വിവിധ സംഭവങ്ങളാണ് പരാതിയിലുള്ളത്. നേരിട്ടും ഫോണിലും വാട്സ് അപ് മുഖേനയും ലൈംഗിക ചുവയോടെ സംസാരിച്ചെന്നും ഇടപെട്ടെന്നും പരാതിയിലുണ്ട്. പലപ്പോഴായി എതിരഭിപ്രായം അറിയിച്ചിട്ടും ചൂഷണം തുടർന്നതോടെയാണ് പരാതി നല്‍കുന്നതെന്നും വിദ്യാര്‍ഥിനി വ്യക്തമാക്കി. അധ്യാപകന്‍ നേരത്തെ ജോലി ചെയ്തിരുന്ന പി എസ് എം ഒ കോളജിലെ വിദ്യാർഥിനികളും സമാനമായ അനുഭവം പങ്കുവെച്ചെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പരാതി പൊലീസിന് കൈമാറി. അന്നു തന്നെ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇന്നാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്.

Advertising
Advertising

ഇതിനിടെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ അധ്യാപകനെതിരെയുണ്ടായി. നിരവധി വിദ്യാർഥിനികളുടെ സ്വകാര്യ ദൃശ്യങ്ങളും ചിത്രങ്ങളും സൂക്ഷിക്കുകയും അവ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി. ദേശീയ സൈബർ ക്രൈം പോർട്ടലിലാണ് പേര് വെളിപ്പെടുത്താത്ത പരാതി വന്നത്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ സൈബർ കുറ്റകൃത്യങ്ങള്‍ പേര് വെളിപ്പെടുത്താതെ റിപ്പോർട്ട് ചെയ്യാനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സംവിധാനമാണ് നാഷണല്‍ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടല്‍. ഇതില്‍ വന്ന പരാതിയിലാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി അസി. പ്രൊഫസർ ഹാരിസ് കോടമ്പുഴക്കെതിരെ ഗുരുതര ആരോപണങ്ങളുള്ളത്. ഹാരിസ് കോടമ്പുഴ നിരവധി വിദ്യാർഥിനികളെ ലൈംഗികമായി ചൂഷണം ചെയ്തെന്നും ഇതിലെ ചില വിദ്യാർഥിനികളുടെ സ്വകാര്യ ദൃശ്യങ്ങളും ചിത്രങ്ങളുമെടുത്തെന്നും വാട്സ് ആപ്, ഇ-മെയില്‍ മുഖേന ഇവ അയച്ചുകൊണ്ട് വീണ്ടും ഇരകളെ ബ്ലാക്ക് മെയില്‍ ചെയ്തെന്നുമാണ് പേരു വെളിപ്പെടുത്താത്ത പരാതിയിലുള്ളത്. 4 ടാബുകളും രണ്ട് ലാപ് ടോപും രണ്ട് മൊബൈലും ഫോണും ഇയാള്‍ ഈ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാറുണ്ടെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News