കൊച്ചിയില്‍ മുങ്ങിയ ചരക്കുകപ്പലിലെ കണ്ടെയ്നർ വർക്കലയിലും അഞ്ചുതെങ്ങിലും അടിഞ്ഞു
തുറന്ന നിലയിലുള്ള രണ്ട് കണ്ടെയ്നറുകളാണ് വർക്കല ഇടവ മാന്ത്ര ഭാഗത്ത് അടിഞ്ഞത്
തിരുവനന്തപുരം: കൊച്ചിയിൽ അപകടത്തിൽപ്പെട്ട് മുങ്ങിയ കപ്പലിലെ കണ്ടെയ്നറുകൾ തിരുവനന്തപുരത്തിന്റെ തീരപ്രദേശങ്ങളിലും അടിഞ്ഞു.വർക്കല ഇടവ മന്ത്ര ഭാഗത്തും അഞ്ചു തെങ്ങ് അയിരൂർ ഭാഗങ്ങളിലുമാണ് കണ്ടെയ്നര്‍ അടിഞ്ഞത്.തുറന്ന നിലയിലുള്ള രണ്ട് കണ്ടെയ്നറുകളാണ് വർക്കല ഇടവ മാന്ത്ര ഭാഗത്ത് അടിഞ്ഞത്.
ഇന്നലെ രാത്രിയോടെയാണ് കണ്ടെയ്നറുകള്‍ അടിഞ്ഞിട്ടുള്ളത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് തിരിച്ചു. കണ്ടെയ്നര്‍ അടിഞ്ഞ ഭാഗത്തേക്ക് നാട്ടുകാര്‍ പോകരുതെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. ഉദ്യോഗസ്ഥര്‍ എത്തിയ ശേഷമായിരിക്കും കണ്ടെയ്നര്‍ മാറ്റുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.
വിഴിഞ്ഞം തുറമുഖത്തുനിന്നു പുറപ്പെട്ട എംഎസ് സി എല്‍സ 3, കൊച്ചി പുറംകടലിൽ കഴിഞ്ഞ ശനിയാഴ്ചയാണ് അപകടത്തിൽപ്പെട്ടത്. ചെരിവ് നിവര്‍ത്താനുള്ള ശ്രമം നടന്നെങ്കിലും ഞായറാഴ്ച രാവിലെയോടെ പൂര്‍ണമായും മുങ്ങി. കടൽക്ഷോഭത്തെ തുടർന്നാവാം കപ്പല്‍ ചെരിഞ്ഞത് എന്നാണ് പറയപ്പെടുന്നത്. അതേസമയം കപ്പലിലെ കണ്ടെയ്‌നറുകളിൽ അപകടകരമായ രാസവസ്തുക്കൾ ഉണ്ടാകാമെന്ന മുന്നറിയിപ്പിനെ തുടർന്ന് സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് ജാഗ്രതാ നിർദേശം നൽകിയിരുന്നു.