'കോടതി പലതും ചോദിക്കും, കെ റെയിൽ സമരക്കാർക്കെതിരായ കേസുകൾ പിൻവലിക്കില്ല'; എംവി ഗോവിന്ദൻ

കേസുകൾ പിൻവലിച്ചിരുന്നെങ്കിൽ ജനങ്ങൾക്ക് ആശ്വാസമാകുമായിരുന്നു എന്ന് ഹൈക്കോടതി പരാമർശിച്ചെങ്കിലും സർക്കാർ ഇതിന് തയ്യാറായില്ല.

Update: 2022-09-27 08:13 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: കെ റെയിൽ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിന് കല്ലിടുന്നതിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ രജിസ്റ്റർ ചെയ്‌ത കേസുകൾ റദ്ദാക്കില്ലെന്ന് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കോടതി പല ചോദ്യങ്ങളും ചോദിച്ചുകൊണ്ടേയിരിക്കും. സർക്കാർ അതിന് കൃത്യമായ ഉത്തരം നൽകുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

കേസ് പിൻവലിക്കില്ലെന്ന് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എംവി ഗോവിന്ദന്റെ പ്രതികരണം. കേസുകൾ പിൻവലിച്ചിരുന്നെങ്കിൽ ജനങ്ങൾക്ക് ആശ്വാസമാകുമായിരുന്നു എന്ന് ഹൈക്കോടതി പരാമർശിച്ചെങ്കിലും സർക്കാർ ഇതിന് തയ്യാറായില്ല.

ഇനിയും സർവേ നടത്താനാണ് സർക്കാരിന് താൽപര്യം. പ്രതിഷേധിച്ചവരുടെ തലക്ക് മുകളിൽ കേസ് വാളുപോലെ ഉണ്ടാകണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും ഹൈക്കോടതി വിമർശിച്ചു. സിൽവർ‌ലൈൻ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ 250ലേറെ കേസുകൾ ഇപ്പോഴുമുണ്ട്.

നിയമവിരുദ്ധ കൂടിച്ചേരൽ, കൃത്യനിർവഹണം തടസപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ, ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യൽ, കോവിഡ് പ്രോട്ടോക്കോൾ ലംഘനം തുടങ്ങി പല വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. കല്ലിടൽ നിർത്തിയെങ്കിലും സമരക്കാർക്ക് ഇപ്പോഴും സമൻസ് വരുന്നുണ്ട്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News