'പൊലീസ് സ്റ്റേഷനിൽ പോയി ജഡ്ജി കളിക്കാൻ ശ്രമിച്ചതാണ് പ്രശ്നം'; ചേരാനല്ലൂർ അപകടത്തിൽ ജഡ്ജി റെനോ ഫ്രാൻസിസിനെതിരെ കെമാൽ പാഷ
ഔദ്യോഗിക കൃത്യനിർവഹണത്തിനല്ലാതെ ഒരു ജഡ്ജിയും പൊലീസ് സ്റ്റേഷനിൽ പോകാൻ പാടില്ലെന്ന് ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു
കൊച്ചി: ചേരാനല്ലൂരിൽ പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ കുട്ടിയുടെ പിതാവും അഡീഷണൽ ജില്ലാ ജഡ്ജിയുമായ റെനോ ഫ്രാൻസിസിനെതിരെ രൂക്ഷവിമർശനവുമായി റിട്ട. ജസ്റ്റിസ് കെമാൽ പാഷ. ഔദ്യോഗിക കൃത്യനിർവഹണത്തിനല്ലാതെ ഒരു ജഡ്ജിയും പൊലീസ് സ്റ്റേഷനിൽ പോകാൻ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. മകനെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ ഒരു പിതാവെന്ന നിലയിൽ പോയതിനെ തെറ്റുപറയാൻ കഴിയില്ല. എന്നാൽ സ്റ്റേഷനിൽ ചെന്നുള്ള അദ്ദേഹത്തിന്റെ പെരുമാറ്റമാണ് പ്രശ്നങ്ങൾ സങ്കീർണ്ണമാക്കിയതെന്നും ജസ്റ്റിസ് കെമാൽ പാഷ അഭിപ്രായപ്പെട്ടു. അവിടെ ചെന്ന് 'ജഡ്ജ് കളിക്കാൻ' ശ്രമിക്കാതെ മര്യാദയ്ക്ക് പെരുമാറിയിരുന്നെങ്കിൽ ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ജഡ്ജിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യത്തെ അദ്ദേഹം തള്ളിപ്പറഞ്ഞു. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളതെന്നതിനാൽ ജഡ്ജിയെ അറസ്റ്റ് ചെയ്യുക പ്രായോഗികമല്ലെന്നും കെമാൽ പാഷ വ്യക്തമാക്കി. സാധാരണ ഇത്തരം കേസുകളിൽ പൊലീസ് അറസ്റ്റ് രേഖപ്പെടുത്താറില്ലെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം അതിന് വ്യക്തമായ നടപടിക്രമങ്ങളുണ്ടെന്നും പറഞ്ഞു.
പതിനേഴുകാരന് ജാമ്യം അനുവദിച്ച ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ നടപടിയെയും അദ്ദേഹം വിമർശിച്ചു. അപകടത്തിന്റെ ഗൗരവം പൂർണമായി മനസ്സിലാക്കാതെയാണ് ജാമ്യം നൽകിയിരിക്കുന്നത്. ബിഎൻഎസ് 105-ാം വകുപ്പ് പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. ഡ്രൈവിങ് ലൈസൻസ് പോലുമില്ലാതെ പ്രായപൂർത്തിയാകാത്ത പയ്യൻ കാറുമായി പോയി ഒരാളുടെ മരണത്തിനിടയാക്കിയ സംഭവത്തെ ഗുരുതര കുറ്റകൃത്യമായി കണക്കാക്കണം. 16 മുതൽ 18 വയസ്സുവരെയുള്ളവർ ഇത്തരം ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുമ്പോൾ അവരെ മുതിർന്നവരായി പരിഗണിക്കേണ്ടതാണെന്നും അതുകൊണ്ടുതന്നെ ജാമ്യം നൽകിയ നടപടി ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ പൊലീസ് സ്റ്റേഷനിൽ പോയി കുത്തിയിരിക്കുന്നതിന് പകരം നിയമപരമായ നടപടികളാണ് സ്വീകരിക്കേണ്ടത്.
കേസിലെ പൊലീസ് നടപടികളിലും ഗുരുതര വീഴ്ചയുണ്ടായതായി ജസ്റ്റിസ് കെമാൽ പാഷ കുറ്റപ്പെടുത്തി. ആദ്യം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത് 161-ാം വകുപ്പ് പ്രകാരമാണ്. കൂടാതെ, ജഡ്ജിക്കെതിരെ കേസ് എടുക്കാൻ മേലധികാരികളുടെ സമ്മതം വേണമെന്ന വാദം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. അറസ്റ്റിന് മാത്രമാണ് മേലധികാരികളുടെ അനുമതി ആവശ്യമുള്ളതെന്നും കേസ് രജിസ്റ്റർ ചെയ്യാൻ ആരുടെയും മുൻകൂർ അനുമതിയുടെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.