'കുട്ടികളൊക്കെ പല സ്ഥലങ്ങളില്‍'; ഇത്തവണത്തെ ഓണത്തിന് പരിമിതികളുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍

നീണ്ട ഇടവേളക്ക് ശേഷം കഴിഞ്ഞ ദിവസമാണ് കോടിയേരി പൊതുപരിപാടിയില്‍ പങ്കെടുത്തുതുടങ്ങിയത്

Update: 2021-08-21 14:41 GMT
Editor : ijas
Advertising

ഇത്തവണത്തെ ഓണത്തിന് പരിമിതികളുണ്ടെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ. കുട്ടികളൊക്കെ പല സ്ഥലങ്ങളിലാണ്. ഭാര്യയും താനും മാത്രമേ ഇപ്പോൾ ഇവിടെയുള്ളു. അതിനാൽ അതിന്‍റേതായ പരിമിതികൾ ഇത്തവണത്തെ ഓണത്തിന് ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. നീണ്ട ഇടവേളക്ക് ശേഷം കഴിഞ്ഞ ദിവസമാണ് കോടിയേരി പൊതുപരിപാടിയില്‍ പങ്കെടുത്തുതുടങ്ങിയത്. തിരുവനന്തപുരം ഭാരത് ഭവനിൽ മീഡിയ അക്കാദമി സംഘടിപ്പിച്ച ഒരു പൊതുപരിപാടിയിൽ ആണ് നീണ്ട ഇടവേളക്ക് ശേഷം കോടിയേരി പങ്കെടുത്തത്.

ഓണത്തിന് വീട്ടിലെത്തണം എന്ന് അമ്മ നിർബന്ധമായി പറയുമായിരുന്നു. സാധ്യമായ സമയത്തെല്ലാം ഓണത്തിന് വീട്ടിലെത്തിയിരുന്നു. ചില സന്ദര്‍ഭങ്ങളിൽ ഓണം വീട്ടിൽ ആഘോഷിക്കാൻ പറ്റാതെ പോയിട്ടുണ്ട്. അടിയന്തരാവസ്ഥ കാലത്ത് ഒന്നര വര്‍ഷം ജയിലിൽ കിടന്ന സന്ദർഭത്തിൽ അന്ന് ജയിലിനകത്തിയിരുന്നു ഓണം ആഘോഷിച്ചിരുന്നത്- കോടിയേരി പഴയ ഓണം ഓര്‍മ്മകള്‍ അയവിറക്കി.

ഇത് രണ്ടാം തവണയാണ് മലയാളികൾ ഒരു അടച്ചിട്ട ഓണം ആഘോഷിക്കുന്നത്. വീടുകളിലാണ് ഇത്തവണ എല്ലാവരുടെയും ഓണാഘോഷം. അതിന് ചില പരിമിതികളുണ്ട്. ഓണം ആർക്കും മറക്കാനും ഒഴിവാക്കാനും സാധിക്കാത്ത ഒരു ആഘോഷമാണ്, മലയാളികൾക്കുള്ള എല്ലാ സ്ഥലത്തും ഓണം ആഘോഷിക്കാറുണ്ട്. പരസ്യമായി ആഘോഷിക്കാൻ കഴിയാത്ത സാഹചര്യത്തിൽ വീടുകളിൽ ആഘോഷിക്കും, അത്തരമൊരു സാഹചര്യത്തിലാണ് ഇത്തവണത്തെ ഓണാഘോഷം നടക്കുന്നത്. കോവിഡിന്‍റെ പല പ്രത്യാഘാതങ്ങൾക്ക് നടുവിലും ലോക്ഡൗൺ ഒക്കെ നിലനിൽക്കുന്ന ഘട്ടത്തിലും ഓണത്തിനായി മലയാളികൾ തയാറാകുന്നത് തന്നെ അഭിമാനകരമായ ഒന്നാണെന്നും കോടിയേരി പറഞ്ഞു.

ആരോഗ്യപ്രശ്നങ്ങള്‍ കാരണം നീണ്ട കാലമായി കോടിയേരി പൊതുവേദികളില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ആരോഗ്യസ്ഥിതിയിൽ മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും മുൻപുണ്ടായിരുന്ന അസ്വസ്ഥതകൾ ഒന്നും ഇപ്പോൾ ഇല്ലെന്നും കോടിയേരി പറഞ്ഞു. ചികിത്സകൾ എല്ലാം തന്നെ ഇപ്പോൾ തൽക്കാലത്തേക്ക് നിർത്തി വെച്ചിരിക്കുകയാണ്. ഇനി ചെക്ക് അപ്പ് ചെയ്തതിന് ശേഷം മാത്രമേ തുടർ ചികിത്സയെ കുറിച്ച് തീരുമാനം എടുക്കുവെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ നവംബറിലാണ് കോടിയേരി പാർട്ടി സംസ്ഥാന സെക്രട്ടറി പദമൊഴിഞ്ഞത്. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണവേളയിൽ തിരുവനന്തപുരം ജില്ലയിലെ ചില വേദികളിലും കോടിയേരി പങ്കെടുത്തിരുന്നു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News