മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പ്: ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കൊരുങ്ങി സർക്കാർ

യോഗ്യതയില്ലാത്ത ഗുണഭോക്താക്കൾക്ക് വേണ്ടി ഉദ്യോഗസ്ഥർ ഒത്തുകളിച്ചത് വിജിലൻസ് അന്വേഷണത്തിൽ തെളിഞ്ഞു

Update: 2023-02-25 02:54 GMT
Advertising

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കൊരുങ്ങി സർക്കാർ. വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി നടപടി എടുക്കാനാണ് തീരുമാനം. വിജിലൻസ്, റവന്യൂ, ആരോഗ്യ വിഭാഗങ്ങൾ സംയുക്തമായാകും അന്വേഷണം നടത്തുക.

തീർത്തും പാവപ്പെട്ട ആളുകൾക്ക് ലഭിക്കേണ്ട സഹായമാണ് വ്യാജരേഖ ചമച്ച് പല ജില്ലകളിലായി തട്ടിയെടുത്തത്. ഏജൻറ്മാരുടെ നേതൃത്വത്തിലായിരുന്നു തട്ടിപ്പ്. യോഗ്യതയില്ലാത്ത ഗുണഭോക്താക്കൾക്ക് വേണ്ടി ഉദ്യോഗസ്ഥർ ഒത്തുകളിച്ചതും വിജിലൻസ് അന്വേഷണത്തിൽ തെളിഞ്ഞു.

വില്ലേജ്, താലൂക്ക് ഓഫീസുകളിൽ തട്ടിപ്പിന്റെ കണ്ണികൾ ഉണ്ടെന്നാണ് കണ്ടെത്തൽ. രോഗികളുടെ വീടുകൾ വില്ലേജ് ഉദ്യോഗസ്ഥർ സന്ദർശിക്കണം എന്നത് കൃത്യമായി നടന്നിരുന്നില്ല.മെഡിക്കൽ സർട്ടിഫിക്കറ്റുകളുടെ കാര്യത്തിലും വലിയ തട്ടിപ്പാണ് നടന്നത്. പുനലൂർ താലൂക്കിൽ മാത്രം ഒരു ഡോക്ടർ 1500 പേർക്ക് സർട്ടിഫിക്കറ്റ് നൽകി. ഹൃദ്രോഗം ഇല്ലാത്തവർക്ക് അങ്ങനെയുള്ള സർട്ടിഫിക്കറ്റുകൾ പല ജില്ലകളിൽ നൽകിയതും കണ്ടെത്തി.

എല്ല് രോഗ വിഭാഗം ഡോക്ടർമാർ മറ്റു രോഗികളുടെ സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തിയതും തട്ടിപ്പിന് തെളിവായി. സഹായമായി കിട്ടുന്ന തുക പങ്കുവെക്കുന്നതായിരുന്നു രീതി. വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം പൂർത്തിയാക്കി കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാനാണ് തീരുമാനം. സഹായവിതരണം ആറുമാസം കൂടുമ്പോൾ ഓഡിറ്റ് ചെയ്യാൻ കളക്ടറേറ്റുകൾ കേന്ദ്രീകരിച്ച് പ്രത്യേക സെൽ രൂപീകരിക്കണമെന്ന വിജിലൻസ് ശിപാർശ ഉടൻ നടപ്പിലാക്കാൻ ആണ് ആലോചന.

അതേസമയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് എറണാകുളം വാരപ്പെട്ടി സ്വദേശിയായ വിദേശമലയാളിക്ക് മൂന്ന് ലക്ഷം രൂപ അനുവദിച്ചെന്ന വിജിലൻസ് കണ്ടെത്തലിൽ പരിശോധന നടത്താൻ പ്രത്യേക സംഘമെത്തി.

എറണാകുളം കളക്ട്രേറ്റിൽ നിന്നും കോതമംഗലം താലൂക്ക് ഓഫീസിൽ നിന്നുമുള്ള പ്രത്യേക സംഘമാണ് പരിശോധന നടത്തിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ക്രമക്കേട് വിജിലൻസ് പുറത്തു കൊണ്ടു വന്ന സാഹചര്യത്തിലാണ് റവന്യൂ സംഘം അപേക്ഷകരെ തേടി നേരിട്ടു വീടുകളിൽ എത്തിയത്.

വാരപ്പെട്ടി പഞ്ചായത്തിലെ പ്രവാസിയായ ഷിബു ജോസിന് നാലു ലക്ഷം രൂപ അനുവദിച്ചത് നിയമാനുസൃതമല്ലെന്നാണ് വിജിലൻസ് കണ്ടെത്തൽ .എന്നാൽ താൻ നിയമാനുസൃതമായ രീതിയിലാണ് അപേക്ഷ സമർപ്പിച്ചതെന്നും, രണ്ട് വർഷമായി നാട്ടിൽ ജോലിയില്ലാതെ വൃക്കരോഗിയായി കഴിയുകയായിരുന്നുവെന്നും ഷിബു ജോസ് പറഞ്ഞു.

ഏഴ് മാസം മുമ്പ് വൃക്ക മാറ്റിവച്ചതിന് 18 ലക്ഷം രൂപ ചെലവായെന്നും ഇപ്പോൾ തുടർചികിത്സക്ക് 30,000 ഒരോ മാസവും ചെലവാകുന്നുണ്ടെന്നും 18 വർഷം കുവൈറ്റിൽ ജോലിയുണ്ടായിരുന്ന തനിക്ക് ഈ വീടും 19 സെന്റ് സ്ഥലവും അല്ലാതെ മറ്റ് സ്വത്തുക്കളോ വരുമാനമോ ഇല്ലെന്നും ഷിബു കൂട്ടിച്ചേർത്തു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News