മാസപ്പടിക്കേസ്: എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഇഡിയുടെ ഹരജി ഹൈക്കോടതി പരിഗണിക്കും
പ്രാഥമിക അന്വേഷണം നടത്താതെ വിജിലൻസിന് നേരിട്ട് കേസെടുക്കാനാകുമോ എന്ന വിഷയത്തിലാണ് ഹൈക്കോടതി വാദം കേൾക്കുന്നത്
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ നേരിട്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇഡി കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്താതെ വിജിലൻസിന് നേരിട്ട് കേസെടുക്കാനാകുമോ എന്ന വിഷയത്തിലാണ് ഹൈക്കോടതി വാദം കേൾക്കുന്നത്.
സംസ്ഥാന സർക്കാരിന് സമർപ്പിച്ച രേഖകൾ അടങ്ങിയ സീൽ വെച്ച കവർ ഇഡി ഇന്ന് കോടതിക്ക് കൈമാറും. വിഷയം പരിഗണിക്കുമ്പോൾ സർക്കാരും ഇഡിയും ഹർജിക്കാരനും തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കും.
ലളിതാകുമാരി കേസിലെ സുപ്രിംകോടതി വിധി ചൂണ്ടിക്കാട്ടി, അഴിമതി ആരോപണങ്ങളിൽ പ്രാഥമിക അന്വേഷണം നടത്താതെ നേരിട്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനാകില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. പ്രാഥമിക അന്വേഷണത്തിന് ശേഷമേ തുടർനടപടികളിൽ തീരുമാനമെടുക്കാൻ സാധിക്കൂ എന്ന് സർക്കാർ കോടതിയെ അറിയിക്കും.
എന്നാൽ, സാമ്പത്തിക ഇടപാടിൽ കൃത്യമായ തെളിവുകളുണ്ടെന്നും അതിനാൽ വിജിലൻസ് നേരിട്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കേസ് അന്വേഷിക്കുകയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്നുമാണ് ഇഡിയുടെ വാദം.