സ്പോൺസേർഡ് വിമാനയാത്ര; മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് കെ.എം ഷാജഹാൻ; ഹരജി ലോകായുക്ത ഇന്ന് പരിഗണിക്കും
സ്പോൺസേർഡ് വിമാനയാത്രയിൽ അഴിമതിയുണ്ടെന്നും അതിനാൽ അന്വേഷണവും തുടർനടപടികളും വേണമെന്നുമാണ് ഹരജിയിലെ പ്രധാന ആവശ്യം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ, വിഷയത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ലോകായുക്ത ഇന്ന് പരിഗണിക്കും. പൊതുപ്രവർത്തകനായ കെ.എം ഷാജഹാനാണ് അഴിമതി ആരോപണം ഉന്നയിച്ച് ലോകായുക്തയെ സമീപിച്ചിരിക്കുന്നത്. എന്നാൽ, ഹരജിക്കാരനായ കെ.എം ഷാജഹാന് വേണ്ടി ഹാജരാകാൻ അഭിഭാഷകൻ അസൗകര്യം അറിയിച്ചതിനാൽ കേസ് പരിഗണിക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാനാണ് സാധ്യത.
മുഖ്യമന്ത്രി വി.ഡി സതീശന്റെ സ്പോൺസേർഡ് വിമാനയാത്രയിൽ അഴിമതിയുണ്ടെന്നും അതിനാൽ അന്വേഷണവും തുടർനടപടികളും വേണമെന്നുമാണ് ഹരജിയിലെ പ്രധാന ആവശ്യം. ജനപ്രതിനിധികളുടെയും മന്ത്രിമാരുടെയും അഴിമതി തടയാൻ ജുഡീഷ്യൽ അധികാരങ്ങളോടെ പ്രവർത്തിക്കുന്ന സംവിധാനമാണ് ലോകായുക്ത. എന്നാൽ, സ്പോൺസർ ചെയ്തുള്ള യാത്ര അഴിമതിയായി കണക്കാക്കുമോ എന്നതിലും ഈ സൗജന്യ യാത്രക്ക് പ്രത്യുപകാരമായി ഏതെങ്കിലും തരത്തിലുള്ള ഉപകാരങ്ങൾ നടത്തിയിട്ടുണ്ടോ എന്നതിലും നിലവിൽ വ്യക്തതയില്ല. അധികാരത്തിൽ എത്തി മാസങ്ങൾ മാത്രം പൂർത്തിയായതിനാൽ വലിയ തീരുമാനങ്ങൾക്കായുള്ള സാവകാശം ലഭിച്ചിരുന്നില്ലെന്നതും ശ്രദ്ധേയമാണ്.
അതേസമയം, വിമാനയാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇപ്പോഴും തുടരുകയാണ്. തനിക്ക് ആരാണ് ചാർട്ടേഡ് വിമാനം സ്പോൺസർ ചെയ്തതെന്ന കാര്യത്തിൽ മുഖ്യമന്ത്രി ഇതുവരെയും കൃത്യമായ വ്യക്തത വരുത്തിയിട്ടില്ല. ബുധനാഴ്ച നടക്കുന്ന മന്ത്രിസഭായോഗ തീരുമാനങ്ങൾക്ക് ശേഷം മാധ്യമങ്ങളെ കാണുമ്പോൾ ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് കൂടുതൽ വിശദീകരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.