കൊച്ചിയില്‍ സ്വകാര്യ ബസ് കണ്ടക്ടർക്ക് എസ്.എഫ്.ഐ പ്രവർത്തകരുടെ മർദനം

മർദനമേറ്റ സ്വകാര്യ ബസ് ജീവനക്കാരിൽ നിന്നും എസ്.എഫ്.ഐ പ്രവർത്തകർക്ക് മർദനമേറ്റതായ പരാതിയുമുണ്ട്

Update: 2023-06-25 16:03 GMT
Editor : ijas | By : Web Desk

കൊച്ചി: സ്വകാര്യ ബസ് കണ്ടക്ടർക്ക് എസ്.എഫ്.ഐ പ്രവർത്തകരുടെ മർദനം. മഹാരാജാസ് കോളജിന് മുൻപിൽ വെച്ച് ചോറ്റാനിക്കര ആലുവ റൂട്ടിലോടുന്ന സാരഥി ബസ്സിലെ കണ്ടക്ടർ ജെഫിൻ ജോർജിനാണ് മർദ്ദനമേറ്റത്. നേരത്തെ കൺസഷൻ സംബന്ധിച്ച് ബസ് ജീവനക്കാരൻ ജെഫിൻ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗം ഷിഹാബിനെ മർദിച്ചിരുന്നു.

എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗം ഷിഹാബും കണ്ടക്ടർ ജെഫിനും തമ്മിൽ കൺസഷൻ നൽകാത്തതുമായി ബന്ധപ്പെട്ട് ജൂൺ 13ന് സംഘർഷമുണ്ടായിരുന്നു. ഷിഹാബിന്‍റെ പരാതിയിൽ ബസ് ജീവനക്കാർക്കെതിരെ സെൻട്രൽ പൊലീസ് കേസെടുത്തിരുന്നു. എസ്.എഫ്.ഐ പ്രവർത്തകരുമായുള്ള പ്രശ്നം സംസാരിച്ച് ഒത്തുതീർപ്പാക്കും വരെ ജെഫിനെ ജോലിയിൽ നിന്നും മാറ്റിനിർത്തി. തിരികെ ജോലിക്ക് കയറിയ ജെഫിനെ ഉച്ചക്ക് ശേഷം ആലുവയിലേക്കുള്ള ട്രിപ്പിനിടയിലാണ് മഹാരാജാസ് കോളജിൽ മുന്നിൽവച്ച് എസ്.എഫ്.ഐ പ്രവർത്തകർ മർദ്ദിച്ചത്.

Advertising
Advertising

അതെ സമയം മുൻപുണ്ടായ സംഘർഷത്തിലെ വൈരാഗ്യം മൂലം തന്നെ പണി എടുക്കാൻ അനുവദിക്കാതെ തക്കം പാർത്ത് എസ്.എഫ്.ഐക്കാർ മർദിക്കുകയായിരുന്നുവെന്ന് ജെഫിൻ പറഞ്ഞു. എന്നാൽ ഇന്ന് രാവിലെ എസ്.എഫ്.ഐ പ്രവർത്തകനെ ബസ് ജീവനക്കാരൻ വെല്ലുവിളിച്ചെന്നും, ഇത് ചോദിക്കാൻ ചെന്നപ്പോൾ ബസ് ജീവനക്കാരൻ തട്ടിക്കയറിയതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നുമാണ് എസ്.എഫ്.ഐയുടെ വാദം.

വിദ്യാർത്ഥി സംഘടനകളിൽ നിന്നും ബസ് ജീവനക്കാർക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരികയാണെന്ന് ബസ് ഓണേഴ്സ് അസോസിയേഷൻ സെക്രട്ടറി ടി ഗോപിനാഥ് പ്രതികരിച്ചു. ബസ് ജീവനക്കാരനായ ജെഫിന്‍റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

Full View
Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News