നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി; സ്ഥാനാര്‍ഥികളെച്ചൊല്ലി തര്‍ക്കം തീരാതെ മുന്നണികള്‍

ഇടുക്കിയിലും വയനാട്ടിലും കോണ്‍ഗ്രസിന് വിമത ഭീഷണി,അലപ്പുഴ ജില്ലാ പഞ്ചായത്തില്‍ ഒറ്റക്ക് മത്സരിക്കാന്‍ ലീഗ്

Update: 2025-11-21 08:08 GMT
Editor : Lissy P | By : Web Desk

representative image

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിർദേശ പത്രിക സമര്‍പ്പിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴും സ്ഥാനാര്‍ഥികളെച്ചൊല്ലി മുന്നണികളിലും പാര്‍ട്ടികളിലും തര്‍ക്കങ്ങള്‍ അവസാനിക്കുന്നില്ല. ഇന്ന് വൈകിട്ട്  മൂന്നു മണി വരെയാണ് നേരിട്ടോ നിർദേശകൻ വഴിയോ പത്രിക സമർപ്പിക്കാനുള്ള സമയം. നാളെയാണ് സൂക്ഷ്മ പരിശോധന. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം സ്ഥാനാർഥികളുടെ അന്തിമ പട്ടിക റിട്ടേണിംഗ് ഓഫീസർ പ്രസിദ്ധീകരിക്കും. നവംബര്‍ 24 ആണ് സ്ഥാനാര്‍ത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി.

ആലപ്പുഴ അമ്പലപ്പുഴ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ കോൺഗ്രസും ലീഗുമാണ് നേർക്കുനേർ പോരാട്ടം . സീറ്റ് ധാരണയാകാത്തതോടെ ഇരുപാർട്ടികളും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് ഇടുക്കി ഉപ്പുതറ ഡിവിഷനിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് വിമതനാകും. 

Advertising
Advertising

ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ അമ്പലപ്പുഴ ഡിവിഷനിലാണ് യുഡിഎഫിന്റെ സീറ്റ് വിഭജനം വഴിമുട്ടിയത്. ധാരണയാകാത്തതോടെ കോൺഗ്രസും ലീഗും പരസ്പരം മത്സരിക്കും. എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അൽത്താഫ് സുബൈർ ആണ് ലീഗ് സ്ഥാനാർഥി. മൽസ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എ.ആർ കണ്ണൻ ലീഗിനെതിരെ മത്സരിക്കും.

അതിനിടെ സീറ്റിൽ നോട്ടമിട്ടിരുന്ന യൂത്ത് കോൺഗ്രസ് ആലപ്പുഴ ‌ ജില്ലാ പ്രസിഡന്റ് എം.പി പ്രവീൺ അതൃപ്തിയുമായി രംഗത്തെത്തി. സമരങ്ങളിൽ പൊലീസിൽ നിന്ന് കിട്ടിയ അടിയേക്കാൾ വേദനയെന്നായിരുന്നു യൂത്ത് കോൺഗ്രസ് നേതാവിന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്.

ഇടുക്കിയിലും തർക്കമൊഴിയാതെ വിമത ഭീഷണിയിലാണ് കോൺഗ്രസ്. ഉപ്പുതറ ഡിവിഷനിൽ യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻറ് ടോണി തോമസാണ് ഔദ്യോഗിക സ്ഥാനാർഥി. പിന്നാലെ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് അറക്കപറമ്പിൽ വിമതനായി മത്സരിക്കുമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രഖ്യാപിച്ചു.

കണ്ണൂർ വേങ്ങാട് പഞ്ചായത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് മമ്പറം ദിവാകരനാണ് യുഡിഎഫ് സ്ഥാനാർഥി. കെ.എസ് ശബരിനാഥനും അനിൽ അക്കരയ്ക്കും ശേഷമാണ് കോൺഗ്രസ് മറ്റൊരു മുതിർന്ന നേതാവിനെ തദ്ദേശ പോരാട്ടത്തിനിറക്കുന്നത്. അതിനിടെ കണ്ണൂർ കോർപ്പറേഷനിൽ കോൺഗ്രസ് പുറത്താക്കിയ പി.കെ രാഗേഷിന്റെ നേതൃത്വത്തിൽ ഐക്യ ജനാധിപത്യ സംരക്ഷണ സമിതി സ്ഥാനാർഥികൾ മത്സരിക്കും. പഞ്ഞിക്കയിൽ ഡിവിഷനിൽ പി.കെ രാഗേഷ് സ്ഥാനാർഥിയാകും.

തൃശൂർ കുട്ടൻ കുളങ്ങര ഡിവിഷനിലേക്ക് ബിജെപി പ്രഖ്യാപിച്ച സ്ഥാനാർഥിയെ ഒരാഴ്ചയ്ക്ക് ശേഷം മാറ്റി. ഒരു വിഭാഗം പ്രതിഷേധവുമായി എത്തിയതോടെ സിറ്റി ജില്ലാ വൈസ് പ്രസിഡൻറ് ഡോ.വി ആതിരയെ മാറ്റി ശ്രീവിദ്യയെ ബിജെപി പ്രഖ്യാപിക്കുകയായിരുന്നു.

മലപ്പുറത്ത് സിപിഎമ്മിനെ തോൽപ്പിക്കാൻ സിപിഐ. വെട്ടത്തൂർ പഞ്ചായത്തിലാണ് എല്‍ഡിഎഫ് മുന്നണി ബന്ധം തകർന്നത്. സീറ്റ് ചർച്ചകൾ പരാജയപ്പെട്ടതോടെ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് സിപിഐ. വെട്ടത്തൂർ പഞ്ചായത്ത് വാർഡ് 16ലാണ് സിപിഐ മത്സരിക്കുക.മറ്റ് വാർഡുകളിൽ യുഡിഎഫിനെ പിന്തുണക്കുമെന്നും സിപിഐ നേതൃത്വം അറിയിച്ചു.

അതിനിടെ, കാസര്‍കോട് ഡിസിസിയിലുണ്ടായ കയ്യാങ്കളി രണ്ടംഗ സമിതി അന്വേഷിക്കും. സംഭവത്തില്‍ നടപടി ഉണ്ടാകുമെന്ന് ഡിസിസി പ്രസിഡന്റ്പി .കെ ഫൈസൽ പറഞ്ഞു.കയ്യാങ്കളി ദൃശ്യം പ്രചരിപ്പിച്ച കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News