സി.പി.എമ്മിൻ്റെ നിർണായക നേതൃയോഗങ്ങൾ ഇന്നും നാളെയും; കോടിയേരിക്ക് പകരക്കാരൻ വന്നേക്കും

ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പി.ബി അംഗം പ്രകാശ് കാരാട്ടും യോഗത്തിൽ പങ്കെടുക്കുന്നത് കൊണ്ട് നിർണായക തീരുമാനങ്ങൾ ഉണ്ടാകാനാണ് സാധ്യത.

Update: 2022-08-28 00:49 GMT
Advertising

സി.പി.എമ്മിൻ്റെ നിർണായക നേതൃയോഗങ്ങൾ ഇന്നും നാളെയുമായി നടക്കും. ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്ന സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു പകരം മറ്റൊരാൾക്ക് ചുമതല നൽകിയേക്കുമെന്നാണ് വിവരം. സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരിയെ മാറ്റിയാൽ മന്ത്രിസഭയിലടക്കം വലിയ മാറ്റങ്ങൾക്കും സാധ്യതയുണ്ട്.

സി.പി.ഐയടക്കം മന്ത്രിസഭയ്ക്കെതിരെ വലിയ വിമർശനം ഉന്നയിക്കുന്ന സാ​ഹചര്യത്തിലാണിത്. സർക്കാരിനെ നിരന്തരം സമ്മർദക്കിലാക്കുന്ന ഗവർണർക്കെതിരെ സ്വീകരിക്കേണ്ട നിലപാടും യോഗം ചർച്ച ചെയ്യും.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അനാരോഗ്യമാണ് പാർട്ടിയെ അലട്ടുന്നത്. സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറാമെന്ന് നേതൃത്വത്തെ കോടിയേരി അറിയിച്ചിട്ടുണ്ട്. എന്നാൽ മുഖ്യമന്ത്രി അടക്കമുള്ളവർ ഇതിനോട് പൂർണമായും യോജിക്കുന്നില്ല. കോടിയേരിയെ മാറ്റാതെ തത്കാലത്തേക്ക് ചുമതല ആർക്കെങ്കിലും നൽകാനാണ് സാധ്യത.

ഇ.പി ജയരാജനോ എ. വിജയരാഘവനോ എം.എ ബേബിയോ പകരം സെക്രട്ടറിയയേക്കും. മന്ത്രിസഭാ പുനഃസംഘടനാ ചർച്ചകളും നേതൃത്വത്തിൻ്റെ ആലോചനകളിൽ ഉള്ളതായി സൂചനയുണ്ട്. അങ്ങനെയുണ്ടായാൽ മന്ത്രിസഭയിലെ പ്രമുഖർ സംഘടനാ തലപ്പത്തേക്കു വന്നേക്കും. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പി.ബി അംഗം പ്രകാശ് കാരാട്ടും യോഗത്തിൽ പങ്കെടുക്കുന്നത് കൊണ്ട് നിർണായക തീരുമാനങ്ങൾ ഉണ്ടാകാനാണ് സാധ്യത.

ഇതിനിടെ ഇന്നലെ രാത്രി എ.കെ.ജി സെന്ററിൽ പി.ബി അംഗങ്ങളും മുഖ്യമന്ത്രിയുമായി ചർച്ചകൾ നടന്നിരുന്നു. ഇതിലെ ധാരണ സെക്രട്ടേറിയറ്റ് യോഗത്തിൽ അറിയിക്കും. നാളെ ചേരുന്ന സംസ്ഥാന കമ്മിറ്റിയിലാകും അന്തിമ തീരുമാനം. ഗവർണറുടെ നീക്കങ്ങളും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കന്നുണ്ട്. ഗവർണർക്കെതിരെയുള്ള രാഷ്ട്രീയ- നിയമ നീക്കങ്ങളും ചർച്ചയാകും.

ലത്തീൻ സഭ നേതൃത്വം നൽകുന്ന വിഴിഞ്ഞത്തെ സമരവും യോഗത്തിൽ ചർച്ചയ്ക്ക് വരും. എല്ലാ വകുപ്പുകളുടെയും നിയന്ത്രണം മുഖ്യമന്ത്രി കൈയടക്കുന്നു എന്നായിരുന്നു കഴിഞ്ഞദിവസം എറണാകുളം സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ പ്രവർത്തന റിപ്പോർട്ട്. കെ റെയിലിൽ സര്‍ക്കാരിന് വീഴ്ചയുണ്ടായെന്നായിരുന്നു സി.പി.ഐ തൃശ്ശൂർ ജില്ലാ സമ്മേളന പ്രവർത്തന റിപ്പോർട്ട്. ഇതെല്ലാം സർക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News