ക്രീമിലെയർ പരിധി: 'മാതാപിതാക്കളുടെ ശമ്പളം മാത്രം അടിസ്ഥാനമാക്കി ക്രീമിലെയർ വിഭാഗത്തിൽ ഉൾപ്പെടുത്തി സംവരണം നിഷേധിക്കരുത്- സുപ്രിംകോടതി

സിവിൽ സർവീസ് പരീക്ഷ പാസായിട്ടും ക്രീമിലിയർ പരിധിയിൽ ഉൾപ്പെടുത്തിയതിനാൽ നിയമനം നിഷേധിക്കപ്പെട്ട ഉദ്യോഗാർഥികൾക്ക് ആശ്വാസകരമാണ് വിധി

Update: 2026-03-13 11:05 GMT

ന്യുഡൽഹി: ഒബിസി സംവരണത്തിനുള്ള ക്രീമിലെയർ പരിധി നിശ്ചയിക്കുന്നതിൽ നിർണായക വിധിയുമായി സുപ്രിം കോടതി. മാതാപിതാക്കളുടെ ശമ്പളം മാത്രം അടിസ്ഥാനമാക്കി ഒരു ഉദ്യോഗാർത്ഥിയെ ക്രീമിലെയർ വിഭാഗത്തിൽ ഉൾപ്പെടുത്തി സംവരണം നിഷേധിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ പി.എസ് നരസിംഹ, ആർ. മഹാദേവൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് സുപ്രധാന ഉത്തരവ്.

ക്രീമിലെയർ പദവിയുമായി ബന്ധപ്പെട്ട 1993 ലെ നയവും പിന്നീടുണ്ടായ വിശദീകരണങ്ങളും പരിശോധിച്ച ശേഷമാണ് കോടതിയുടെ സുപ്രധാന വിധി. സിവിൽ സർവീസ് പരീക്ഷ പാസായിട്ടും ക്രീമിലെയർ പരിധിയിൽ ഉൾപ്പെടുത്തിയതിനാൽ നിയമനം നിഷേധിക്കപ്പെട്ട ഉദ്യോഗാർഥികൾക്ക് ആശ്വാസകരമാണ് വിധി. നേരത്തെ കേരള, മദ്രാസ്, ഡൽഹി ഹൈക്കോടതികൾ ഉദ്യോഗാർഥികൾക്ക് അനുകൂല ഉത്തരവുണ്ടായിട്ടും കേന്ദ്രസർക്കാർ അപ്പീലുമായി സുപ്രിംകോടതിയിലെത്തുകയായിരുന്നു. തിരുവനന്തപുരം സ്വദേശി ഇബ്‌സൺ ഷായാണ് ഹരജിക്കാരിൽ ഒരാൾ.

Advertising
Advertising

1993 ൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഓഫീസ് മെമ്മോറാണ്ടത്തിലാണ് ക്രീമിലെയർ വ്യവസ്ഥകളെ നിർവചിച്ചത്. മാതാപിതാക്കളുടെ പദവിയാണ് അതിന് അടിസ്ഥാനമാക്കിയത്. ഗ്രൂപ്പ് എ ഉദ്യോഗസ്ഥരുടേയും 40 വയസിനുള്ളിൽ ഗ്രൂപ്പ് എ യിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ഗ്രൂപ്പ് ബി ഉദ്യോഗസ്ഥരുടെ മക്കളേയും ക്രീമിലെയറായി പരിഗണിക്കും. ശമ്പളം, കൃഷിഭൂമിയിൽ നിന്നുള്ള വരുമാനം എന്നിവയൊഴികെ കുടുംബത്തിന്റെ വാർഷിക വരുമാനം തുടർച്ചയായ മൂന്നു വർഷം നിശ്ചിതപരിധി കവിഞ്ഞാൽ ക്രീമിലെയറായി പരിഗണിക്കുമെന്നും മെമ്മോറാണ്ടത്തിൽ പറഞ്ഞിരുന്നു. ഈ കണക്കെടുക്കുമ്പോൾ വരുമാനത്തിൽ ശമ്പളത്തെയോ കൃഷിവരുമാനവും കൂട്ടരുതെന്നും വ്യക്തമാക്കിയിരുന്നു.

2004 ഒക്ടോബറിൽ ഗ്രൂപ്പ് എ,ബി തുടങ്ങിയ സർക്കാർ തസ്തികകളില്ലാത്ത പൊതുമേഖല സ്ഥാപനങ്ങളിലും ബാങ്കുകളിലും സർവകലാശാലകളിലും സ്വകാര്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരുടെ മക്കളുടെ കാര്യത്തിൽ എന്ത് ചെയ്യണമെന്നതിലേക്കായി സർക്കാർ വിശദീകരണമിറക്കി. വരുമാനം അടിസ്ഥാനമാക്കിയായിരുന്നു വിശദീകരണം. 1993 ലെ മെമ്മോറാണ്ടത്തിൽ വ്യക്തമാക്കിയിരുന്ന പദവികളെ കുറിച്ച് പരാമർശിക്കാതെ വരുമാനത്തെമാത്രം അടിസ്ഥാനമാക്കി ക്രീമിലെയർ തീരുമാനിക്കുന്നത് നിയമപരമായി നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞു. ശരിയായ മാനദണ്ഡപ്രകാരം പരിശോധിച്ച് ഹരജിക്കാരുടെ കാര്യത്തിൽ ആറുമാസത്തിനുള്ളിൽ തീരുമാനമെടുത്ത് നടപ്പാക്കാനും കോടതി സർക്കാറിനോട് നിർദേശിച്ചു.

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News