ജമാഅത്ത് വിമർശനം മാർക്സിസ്റ്റ് ദാസ്യവേലയാവരുത്; നാസർ ഫൈസി കൂടത്തായി
കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച പാലത്തായി കേസിലെ സംഘ്പരിവാറുകാരനായ പ്രതിക്ക് വേണ്ടി മദ്രസാ അധ്യാപകരെ പോലും അധിക്ഷേപിച്ച് സിപിഎം നേതാക്കൾ വർഗീയ ആളിക്കത്തിക്കുന്നുവെന്നും സമസ്ത നേതാവ്
നാസർ ഫൈസി കൂടത്തായി
കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമിക്കെതിരായ വിമർശനം മാർക്സിസ്റ്റ് ദാസ്യ വേലയാക്കരുതെന്ന് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി.
ആദർശ പ്രചാരണമെന്ന പേരിൽ ചിലർ ജമാഅത്ത് പ്രതിരോധം സൃഷ്ടിക്കുന്നത് മാക്സിസ്റ്റ് പ്രീണനമായി പരിണമിക്കുന്നത് കാണാതെ പോവരുതെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ നാസര്‍ ഫൈസി പറയുന്നു.
വർഗീയത പച്ചക്ക് തുപ്പുന്ന വെള്ളാപ്പള്ളി നടേശനെ ആനയിക്കുകയും അഭിനന്ദിക്കുകയും നവോത്ഥാന നായകനാക്കുകയും ചെയ്യുകയാണ് മുഖ്യമന്ത്രിയും സിപിഎമ്മും. കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച പാലത്തായി കേസിലെ സംഘ്പരിവാറുകാരനായ പ്രതിക്ക് വേണ്ടി മദ്രസാ അധ്യാപകരെ പോലും അധിക്ഷേപിച്ച് സിപിഎം നേതാക്കൾ വർഗീയത ആളിക്കത്തിക്കുന്നുവെന്നും സമസ്ത നേതാവ് പറഞ്ഞു.
'' ജനാധിപത്യ രാഷ്ട്രീയത്തെ ജമാഅത്തെ ഇസ്‌ലാമി രൂപപ്പെടുത്തുന്നതിൻ്റെ മുമ്പ് തന്നെ കമ്മ്യൂണിസ്റ്റുകളും ജമാഅത്ത് കാരും നിരവധി തെരഞ്ഞെടുപ്പുകളിൽ മുച്ചൂടും ചങ്ങാത്തവും മുന്നണി ബന്ധവും ഉണ്ടാക്കി പരസ്യമായി കൊട്ടിയാടിയവരാണ്. അവരാണ് ഇപ്പോൾ ജമാഅത്തിൻ്റെ രാഷ്ട്രീയവേദിയെ പോലും തള്ളിപ്പറയുന്നത്''- ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ നാസര്‍ ഫൈസി പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
വർഗീയത പച്ചക്ക് തുപ്പുന്ന വെള്ളാപ്പള്ളി നടേശനെ ആനയിക്കുകയും അഭിനന്ദിക്കുകയും നവോത്ഥാന നായകനാക്കുകയും ചെയ്യുന്നു മുഖ്യമന്ത്രിയും സിപിഎമ്മും.
കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച പാലത്തായി കേസിലെ സംഘ്പരിവാറുകാരനായ പ്രതിക്ക് വേണ്ടി മദ്രസാ അധ്യാപകരെ പോലും അധിക്ഷേപിച്ച് വർഗ്ഗീയത ആളിക്കത്തിക്കുന്നു സിപിഎം നേതാക്കൾ. ഫാഷിസ്റ്റ് പ്രീണനം ആവത് പ്രകടിപ്പിച്ച് കൊണ്ടാണ് കേരള കമ്മ്യൂണിസം.
മതപ്രബോധന ലേബലില്‍ വർഗീയതയും മതരാഷ്ട്രവാദവും എതിർക്കുന്നവർ പരോക്ഷമായി മാർക്സിസ്റ്റ് ദാസ്യ വേല ചെയ്യുന്നത് ലജ്ജാകരമാണ്. ജമാഅത്തെ ഇസ്ലാമിയുടെ ആശയത്തെ പ്രതിരോധിക്കുന്നത് ആദർശബോധമാണ്, അതിൻ്റെ രാഷ്ട്രീയത്തെ എതിർക്കുന്നത് രാഷ്ട്രീയ ബോധവുമാണ്.
ജനാധിപത്യ രാഷ്ട്രീയത്തെ ജമാഅത്തെ ഇസ്‌ലാമി രൂപപ്പെടുത്തുന്നതിൻ്റെ മുമ്പ് തന്നെ കമ്മ്യൂണിസ്റ്റുകളും ജമാഅത്തുകാരും നിരവധി തെരഞ്ഞെടുപ്പുകളിൽ മുച്ചൂടും ചങ്ങാത്തവും മുന്നണി ബന്ധവും ഉണ്ടാക്കി പരസ്യമായി കൊട്ടിയാടിയവരാണ്. അവരാണ് ഇപ്പോൾ ജമാഅത്തിൻ്റെ രാഷ്ട്രീയവേദിയെ പോലും തള്ളിപ്പറയുന്നത്.
"വൈരുദ്ധ്യാധിഷ്ടിത രാഷ്ട്രീയ വാദം "
ആദർശ പ്രചാരണമെന്ന പേരിൽ ചിലർ ജമാഅത്ത് പ്രതിരോധം സൃഷ്ടിക്കുന്നത് മാക്സിസ്റ്റ് പ്രീണനമായി പരിണമിക്കുന്നത് കാണാതെ പോവരുത്. ജമാഅത്തെ ഇസ്‌ലാമിയെ ആദർശപരമായി തന്നെ പ്രതിരോധിക്കണം, എന്നാൽ അത് വർഗീയതയും മുസ്ലിം വിരുദ്ധതയും പച്ചക്ക് പറയുകയും വർഗീയ വിഷം ചീറ്റികളെ താലോലിക്കുകയും ചെയ്യുന്ന മാർക്സിസത്തിന് ദാസ്യ വേല ചെയ്താവരുത്.