'നെയ്യാറ്റിന്‍കര ബിഷപ്പ് ഇടപെട്ടാണ് ജാമ്യം കിട്ടിയതെന്നു പറഞ്ഞു, പണം ആവശ്യപ്പെട്ടു': ബാലചന്ദ്ര കുമാർ ബ്ലാക് മെയില്‍ ചെയ്തെന്ന് ദിലീപ്

ബിഷപ്പിനെ ഇടപെടുത്തിയതിനാൽ പണം വേണമെന്നായിരുന്നു ആവശ്യം. ഇത് നിരസിച്ചതോടെ ശത്രുതയായെന്ന് ദിലീപ്

Update: 2022-01-23 08:35 GMT
Advertising

നടിയെ ആക്രമിച്ച കേസിൽ ജാമ്യം റദ്ദാക്കുമെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാർ ഭീഷണിപ്പെടുത്തിയെന്ന് നടന്‍ ദിലീപ്. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ദിലീപിന്റെ ആരോപണം. വ്യക്തിപരമായ ആവശ്യങ്ങളുന്നയിച്ച് ബാലചന്ദ്രകുമാര്‍ 10 ലക്ഷം രൂപ കൈപ്പറ്റിയെന്നും ദിലീപ് സത്യവാങ്മൂലത്തില്‍ പറയുന്നു.

നെയ്യാറ്റിൻകര ബിഷപ്പ് ഇടപെട്ടാണ് ജാമ്യം കിട്ടിയതെന്ന് ബാലചന്ദ്രകുമാർ തെറ്റിദ്ധരിപ്പിച്ചു. ബിഷപ്പിനെ ഇടപെടുത്തിയതിനാൽ പണം വേണമെന്നായിരുന്നു ആവശ്യം. ഇത് നിരസിച്ചതോടെ ശത്രുതയായി. ഇതോടെ ജാമ്യം റദ്ദാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇയാളുടെ സിനിമയുമായി സഹകരിക്കണമെന്നും ആവശ്യപ്പെട്ടു. ബാലചന്ദ്രകുമാർ ബിഷപ്പിനൊപ്പം നിൽക്കുന്ന ഫോട്ടോ അന്വേഷണസംഘം വീട്ടിൽ നിന്ന് പിടികൂടിയിട്ടുണ്ടെന്നും ദിലീപ് സത്യവാങ്മൂലത്തില്‍ പറയുന്നു.

അതേസമയം ദിലീപ് പറയുന്നത് കള്ളക്കഥയാണെന്ന് ബാലചന്ദ്രകുമാര്‍ പ്രതികരിച്ചു. പ്രൊഡ്യൂസർ എന്ന നിലയ്ക്കാണ് ദിലീപ് പണം തന്നത്. പണം വാങ്ങിയതിന്‍റെ രേഖകൾ പൊലീസിന് നൽകിയിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

Full View

ദിലീപിനെ ചോദ്യംചെയ്യുന്നു

നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപ് ചോദ്യംചെയ്യലിനായി ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായി. ഹൈക്കോടതി നിർദേശ പ്രകാരമാണ് ദിലീപ് ഉൾപ്പെടെ അഞ്ച് പേർ ക്രൈംബ്രാഞ്ചിന് മുമ്പിൽ ഹാജരായത്. രാവിലെ ഒമ്പത് മുതൽ വൈകീട്ട് എട്ട് മണി വരെയാണ് ചോദ്യംചെയ്യാൻ അനുമതി. ഇന്ന് മുതൽ മൂന്ന് ദിവസത്തേക്കായിരിക്കും ചോദ്യംചെയ്യല്‍.

ദിലീപിന് പുറമേ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരോടാണ് ചോദ്യംചെയ്യലിന് ഹാജരാകാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. അഞ്ചു ദിവസമെങ്കിലും കസ്റ്റഡിയില്‍ ചോദ്യംചെയ്യണമെന്ന് പ്രോസിക്യൂഷൻ വാദിച്ചെങ്കിലും ഇത് നിരാകരിച്ച കോടതി, പ്രതികളെ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്ന വ്യാഴാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദേശിച്ചു.

അന്വേഷണസംഘം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാവും ഇന്നത്തെ ചോദ്യംചെയ്യല്‍. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതിനും ഇതിനായി ക്വട്ടേഷന്‍ നല്‍കിയത് സംബന്ധിച്ചും അന്വേഷണ സംഘത്തിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ക്വട്ടേഷന്‍ നല്‍കിയതിനെ കുറിച്ചും ഇത് നടപ്പിലാക്കാന്‍ സ്വീകരിച്ച നടപടികളെ കുറിച്ചും അന്വേഷണസംഘത്തിന് മൊഴികള്‍ ലഭിച്ചിട്ടുണ്ട്.

ബാലചന്ദ്രകുമാര്‍ നല്‍കിയ ഡിജിറ്റല്‍ തെളിവുകളുടെ പശ്ചാത്തലത്തിലുള്ള ചോദ്യംചെയ്യലാണ് ആദ്യം നടക്കുക. ആദ്യഘട്ടത്തില്‍ പ്രതികളെ ഓരോരുത്തരെയായി ചോദ്യംചെയ്യലിന് വിധേയമാക്കും. അതിന് ശേഷം പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും. ഗൂഢാലോചന നടന്നതായി പറയുന്ന ദിവസങ്ങളില്‍ പ്രതികള്‍ നടത്തിയ ഫോണ്‍ വിളികളുടെ വിശദാംശങ്ങളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. ദിലീപടക്കമുള്ള പ്രതികളെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയാകുന്നതോടെ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച കോടതിക്ക് മുന്നിലെത്താന്‍ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കു കൂട്ടല്‍.

ഗൂഢാലോചന നടന്ന ദിവസം ദിലീപിന്റെ വീട്ടില്‍ ബാലചന്ദ്രകുമാര്‍ കണ്ട വിഐപി ദിലീപിന്റെ സുഹൃത്തായ ശരത്താണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ശരത്തിനെ കേസില്‍ പ്രതിചേര്‍ത്തിട്ടില്ലെന്ന് അന്വേഷണസംഘം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ശരത്തിനെ ഈ ദിവസങ്ങളില്‍ ചോദ്യംചെയ്യില്ല. ചോദ്യംചെയ്യലിന്‍റെ വിശദാംശങ്ങൾ മുദ്രവെച്ച കവറിൽ വ്യാഴാഴ്ച പ്രോസിക്യൂഷൻ കൈമാറണം. അറസ്റ്റ് ഒഴിവാക്കണമെന്നും എത്ര ദിവസം വേണമെങ്കിലും ചോദ്യംചെയ്യലിനായി ഹാജരാകാമെന്നും ദിലീപ് കോടതിയെ അറിയിച്ചിരുന്നു. പ്രതികൾ എല്ലാ തരത്തിലും അന്വേഷണവുമായി സഹകരിക്കണം, ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ ശ്രമിക്കരുത്, കേസിൽ ഒരു തരത്തിലുള്ള ഇടപെടലുകളെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യരുതെന്നും കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്.

Full View


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News