പല്ല് കൊഴിഞ്ഞുതുടങ്ങി, പക്ഷേ അത്രത്തോളം പേടിക്കേണ്ട ആളാണ് ദിലീപ്: ബാലചന്ദ്രകുമാര്‍

'ഒരാള്‍ പിടിക്കപ്പെടുമെന്ന് വന്നപ്പോള്‍ ഞങ്ങളും നിങ്ങളുടെ കൂടെയുണ്ടെന്ന് പറഞ്ഞ് ഓരോരുത്തര്‍ വരികയാണ്. അത് സൂപ്പര്‍താരങ്ങളായാലും ശരി, മറ്റുള്ളവരായാലും ശരി'

Update: 2022-01-13 07:42 GMT
Advertising

നടന്‍ ദിലീപ് അത്രത്തോളം പേടിക്കേണ്ട ആളാണെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. സിനിമാ രംഗത്തുള്ളവര്‍ക്കും അടുത്ത് ഇടപഴകിയവര്‍ക്കും അറിയുന്ന കാര്യമാണത്. ഇന്ന് ആ സിംഹത്തിന്‍റെ പല്ല് കൊഴിഞ്ഞു തുടങ്ങിയിരിക്കണം, അതാവും അവനൊപ്പമില്ലെന്ന് സിനിമാരംഗത്തുള്ളവര്‍ പറയുന്നതെന്നും ബാലചന്ദ്രകുമാര്‍ മീഡിയവണിനോട് പറഞ്ഞു.

ദിലീപിന്‍റെ വീട്ടില്‍ പൊലീസ് സംഘം റെയ്ഡ് നടത്തുന്നതിനെ കുറിച്ച് സംവിധായകന്‍ പറഞ്ഞതിങ്ങനെ- "ഞാന്‍ രഹസ്യമൊഴിയില്‍ പറഞ്ഞ വിവരങ്ങളുടെ പിന്നാലെയാണ് പൊലീസ് പോകുന്നതെന്ന് ഞാന്‍ കരുതുന്നു. വിശദമായിത്തന്നെ ഞാന്‍ മൊഴി കൊടുത്തിട്ടുണ്ട്. റെയ്ഡ് നടക്കുന്ന കാര്യം ചാനലിലൂടെയാണ് അറിഞ്ഞത്. രഹസ്യമൊഴി രഹസ്യമായിത്തന്നെ ഇരിക്കണമെന്നതിനാല്‍ എനിക്ക് കൂടുതല്‍ പറയാനാവില്ല. തെളിവുകള്‍ ഞാന്‍ വ്യാജമായുണ്ടാക്കിയതാണെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പോലും ദിലീപിന് പറയാന്‍ കഴിഞ്ഞിട്ടില്ല".

നടിയോട് മുതലക്കണ്ണീരാണ് പലരും കാണിക്കുന്നതെന്നും ബാലചന്ദ്രകുമാര്‍ ആരോപിച്ചു- "ആരും അവരെ പിന്തുണച്ചില്ലെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഇപ്പോള്‍ ഒരാള്‍ പിടിക്കപ്പെടുമെന്ന് വന്നപ്പോള്‍ ഞങ്ങളും നിങ്ങളുടെ കൂടെയുണ്ടെന്ന് പറഞ്ഞ് ഓരോരുത്തര്‍ വരികയാണ്. അത് സൂപ്പര്‍താരങ്ങളായാലും ശരി, ടെക്നീഷ്യന്‍സായാലും ശരി, മറ്റുള്ളവരായാലും ശരി. മാധ്യമശ്രദ്ധ കിട്ടാനായി മാത്രം വരികയാണ്. സത്യത്തില്‍ അവരുടെ കൂടെ ആരുമില്ല, ഇപ്പോള്‍ ഞാന്‍ മാത്രമേയുള്ളൂവെന്നാണ് എന്‍റെ തോന്നല്‍. എനിക്കു തോന്നുന്നത് സിംഹത്തിന്‍റെ പല്ലുകൊഴിയുമ്പോ ആണല്ലോ മറ്റു ജന്തുക്കള്‍ക്ക് ആക്രമിക്കാന്‍ തോന്നുന്നത്. ഇപ്പോള്‍ ദിലീപ് എന്ന സിംഹത്തിന്‍റെ പല്ലുകൊഴിഞ്ഞു തുടങ്ങിയിരിക്കുന്നു. ഇപ്പോള്‍ അവനോടൊപ്പമില്ല എന്ന് കൂടെയുള്ളവര്‍ പറയുന്നതും അതുകൊണ്ടാവും".

താന്‍ കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി മുഖ്യമന്ത്രിക്ക് കൊടുത്ത പരാതി തന്നെ 32 പേജുണ്ട്. തെളിവുകള്‍ കൂടി കൊടുത്തപ്പോള്‍ ആണ് പൊലീസ് കേസെടുത്തത്. വെളിപ്പെടുത്താന്‍ എന്തുകൊണ്ട് താമസിച്ചു എന്ന് കോടതിയില്‍ പറഞ്ഞിട്ടുണ്ട്. നടിയുമായി സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ല. സിനിമാരംഗത്തെ ഒന്നുരണ്ട് സുഹൃത്തുക്കളോട് കാര്യങ്ങള്‍ പറഞ്ഞിരുന്നു. എല്ലാവരും ഭയം കാരണം പരാതിയില്‍ നിന്നും പിന്മാറാന്‍ ആവശ്യപ്പെട്ടു. കുടുംബം ഉള്‍പ്പെടെ പിന്തിരിപ്പിക്കാനാണ് ശ്രമിച്ചതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

Full View


Tags:    

Similar News