ഡിവൈഎഫ്‌ഐ നേതാവ് കെ.യു ബിജു കൊലക്കേസ്; പ്രതികളായ ആർഎസ്എസ് പ്രവർത്തകരെ വെറുതെ വിട്ടു

തെളിവുകൾ അപര്യാപ്തമെന്ന് കാട്ടി തൃശൂർ നാലാം അഡീഷണൽ സെഷൻസ് കോടതിയാണ് ഉത്തരവിട്ടത്

Update: 2023-12-22 09:50 GMT
Advertising

തൃശൂർ: ഡിവൈഎഫ്‌ഐ നേതാവ് കെയു ബിജു കൊലക്കേസിലെ പ്രതികളെ വെറുതെ വിട്ടു. പൊലീസ് പ്രതിചേർത്തിരുന്ന 14 ആർഎസ്എസ് പ്രവർത്തകരെയാണ് വെറുതെ വിട്ടത്. തെളിവുകൾ അപര്യാപ്തമെന്ന് കാട്ടി തൃശൂർ നാലാം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്.

കേസിൽ സാക്ഷിമൊഴികൾ അവിശ്വസനീയമെന്നും തെളിവുകൾ അപര്യാപ്തമെന്നും നിരീക്ഷിച്ചാണ് ജഡ്ജി കെ.വി അനീഷ് പ്രതികളെ വെറുതെ വിട്ടത്. സിപിഎം കൊടുങ്ങല്ലൂർ ലോക്കൽ കമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐ ബ്ലോക്ക് വൈസ് പ്രസിഡന്റുമായിരുന്നു ബിജു. 2008 ജൂൺ 30നാണ് ബിജുവിന് നേരെ ആക്രമണമുണ്ടാകുന്നത്. ചികിത്സയിലിരിക്കെ ജൂലൈ രണ്ടിന് ബിജു മരിച്ചു.

സഹകരണ ബാങ്കിന്റെ കുറി പിരിക്കാൻ ബൈക്കിൽ വരികയായിരുന്ന ബിജുവിനെ ആർഎസ്എസ് പ്രവർത്തകർ രാഷ്ട്രീയ വിരോധം മൂലം തടഞ്ഞു നിർത്തി ഇരുമ്പ് പൈപ്പുകൾ കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. പ്രായപൂർത്തിയാകാത്ത ഒരാളുൾപ്പടെ 14 പേരായിരുന്നു പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. ബിജെപി തൃശൂർ ജില്ലാ വൈസ് പ്രസിഡന്റായിരുന്ന ശ്രീകുമാറിനെയും കേസിൽ പ്രതി ചേർത്തിരുന്നു. കോടതിവിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് പബ്ലിക് പ്രോസിക്യൂട്ടർ വ്യക്തമാക്കിയിരിക്കുന്നത്.

ശരിയായ നിലയിൽ തെളിവുകൾ വിലയിരുത്താൻ കോടതിക്ക് കഴിഞ്ഞില്ല എന്നും അബോധാവസ്ഥയിലായിരുന്ന ബിജു മൊഴി നൽകി എന്ന വിചിത്ര വാദമാണ് കോടതി നടത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News