സ്കൂളുകളിലെത്തി പരിശോധന നടത്തുന്നതിൽ വിദ്യാഭ്യാസ ഓഫീസർമാർ വീഴ്ച വരുത്തുന്നു

ഭൂരിഭാഗം പേരും ഓഫീസുകളിലേക്ക് രേഖകൾ വിളിച്ചുവരുത്തി പരിശോധിക്കുന്നു

Update: 2023-12-01 01:14 GMT
Editor : Jaisy Thomas | By : Web Desk

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം

Advertising

തിരുവനന്തപുരം: സ്കൂളുകളിലെത്തി പരിശോധന നടത്തുന്നതിൽ വിദ്യാഭ്യാസ ഓഫീസർമാർ വീഴ്ച വരുത്തുന്നതായി കണ്ടെത്തൽ. ഭൂരിഭാഗം പേരും ഓഫീസുകളിലേക്ക് രേഖകൾ വിളിച്ചുവരുത്തി പരിശോധിക്കുന്നു. ഇൻസ്പെക്ഷൻ ഡയറിയടക്കമുള്ള പ്രധാന ഫയലുകൾ വിദ്യാഭ്യാസ ഓഫീസർമാർ സ്കൂളിലേക്ക് മടക്കി നൽകുന്നില്ല എന്നും സൂപ്പർ ചെക്ക് വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തി.

ചട്ടപ്രകാരം എല്ലാ വിദ്യാഭ്യാസ ഓഫീസർമാരും തങ്ങളുടെ പരിധിയിൽ വരുന്ന എല്ലാ സ്കൂളുകളിലും വർഷത്തിൽ ഒരുതവണയെങ്കിലും സന്ദർശനവും സമഗ്രപരിശോധനയും നടത്തണം. ഇതുകൂടാതെ ആകസ്മിക സന്ദർശനവും നിർബന്ധമാണ്. എന്നാൽ ഓഫീസർമാർ സ്കൂളുകളിൽ എത്തുന്നില്ല എന്ന് മാത്രമല്ല രേഖകൾ സ്വന്തം മേശപ്പുറത്തേക്ക് വിളിച്ചു വരുത്തുന്നതാണ് പതിവ് രീതി. ഇൻസ്പെക്ഷൻ ഡയറിയടക്കമുള്ള രേഖകളുമായി പറയുന്ന ദിവസം പ്രധാനധ്യാപകർ ഓഫീസിലേക്ക് എത്തണം. അതിനുശേഷം സമയം കിട്ടിയാൽ ഓഫീസിൽ ഇരുന്ന് തന്നെ വിസിറ്റിംഗ് റിപ്പോർട്ട് തയ്യാറാക്കും. അപ്രതീക്ഷിതമായി സൂപ്പർ ചെക്ക് വിഭാഗം സ്കൂളുകളിൽ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ഇക്കാര്യം പുറത്തുവരുന്നത്.

മാസങ്ങളോളം പല ഓഫീസർമാരും രേഖകൾ സ്വന്തം മേശപ്പുറത്ത് അനക്കാതെ വയ്ക്കുന്നു. ആവശ്യപ്പെട്ടാലും മറുപടി ലഭിക്കാറില്ല എന്ന് ചില പ്രധാനാധ്യാപകരും പറയുന്നുണ്ട്. ഓഫീസർമാരുടെ ഈ നയം ഗുരുതര ചട്ടലംഘനം എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. സ്കൂൾ സന്ദർശനം നടത്താത്തവർക്കെതിരെയും രേഖകൾ ഓഫീസിലേക്ക് വരുത്തുന്നവർക്ക് എതിരെയും കർശന അച്ചടക്ക നടപടി ഉണ്ടാകും. വിദ്യാഭ്യാസ രേഖകൾ സ്കൂളുകളിൽ ഉണ്ട് എന്ന് ഉറപ്പാക്കേണ്ട ചുമതല പ്രധാനധ്യാപകർക്ക് ആണ്. അതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സർക്കുലറിൽ പറയുന്നു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News