കേരളത്തിൽ തെരഞ്ഞെടുപ്പ് പോരാട്ടം കോൺഗ്രസിനെതിരെ തന്നെ: എം.വി ജയരാജൻ
'കോൺഗ്രസിനെ ജയിപ്പിക്കുന്നത് ബി.ജെ.പിയെ സഹായിക്കുന്നതിന് തുല്യം'
കണ്ണൂർ: കേരളത്തിൽ തെരഞ്ഞെടുപ്പ് പോരാട്ടം കോൺഗ്രസിനെതിരെ തന്നെയെന്ന് കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി എം.വി ജയരാജൻ. മീഡിയവൺ 'ദേശീയപാത'യിലാണ് പ്രതികരണം. അഖിലേന്ത്യാ രാഷ്ട്രീയത്തിലെ സ്ഥിതിയല്ല കേരളത്തിൽ കോൺഗ്രസ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിനെ ജയിപ്പിക്കുന്നത് ബിജെപിയെ സഹായിക്കുന്നതിന് തുല്യമാണെന്നും കേരളത്തിലെ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ഒഴുക്കാണെന്നും അദ്ദേഹം ആരോപിച്ചു. ബിജെപിയിലേക്ക് പോകില്ലെന്ന് തെളിയിക്കേണ്ടത് കെ സുധാകരൻ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയിലേക്ക് പോകുമെന്ന് മൂന്നു തവണ പറഞ്ഞിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. എകെ ആൻറണിയുടെ മകനും കരുണാകരന്റെ മകളും സുധാകരൻ മുഖ്യമന്ത്രിക്കെതിരെ മത്സരിപ്പിച്ചയാളും ബിജെപിയിലേക്ക് പോയെന്നും കൂടെയുള്ളവർ പോകുമ്പോൾ അദ്ദേഹത്തിനെങ്ങനെ മാറിനിൽക്കാൻ കഴിയുമെന്നും എംവി ജയരാജൻ ചോദിച്ചു. 2019ലെ തെരഞ്ഞെടുപ്പിൽ പ്രത്യേക സാഹചര്യമായിരുന്നുവെന്നും കെ. സുധാകരന്റെ ഭൂരിപക്ഷം മറികടക്കുമെന്നും എംവി ജയരാജൻ അവകാശപ്പെട്ടു.
ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള മീഡിയവൺ ദേശീയപാതാ പര്യടനം ഇന്ന് കണ്ണൂർ ജില്ലയിലാണ്. അതിശക്തമായ രാഷ്ട്രീയ പോരാട്ടം നടക്കുന്ന കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിൽ സ്ഥാനാർഥികളെയും നേതാക്കളെയും നേരിട്ട് കണ്ടാണ് ദേശീയപാതയുടെ രണ്ടാം ദിനം കടന്നുപോവുക. മീഡിയവൺ എഡിറ്റർ പ്രമോദ് രാമനാണ് എം.വി ജയരാജനുമായി സംസാരിച്ചത്.