എറണാകുളത്ത് കാട്ടാനക്കൂട്ടം വീട് തകർത്തു; വൈദ്യുതിവേലി സ്ഥാപിക്കണമെന്ന് നാട്ടുകാർ
വീട് പൂർണമായും തകർന്ന നിലയിലാണ്. വീട്ടിൽ ആളില്ലാത്തതിനാൽ ദുരന്തം ഒഴിവായി.
Update: 2024-02-11 07:07 GMT
കൊച്ചി: എറണാകുളം കുട്ടമ്പുഴ മണികണ്ഠൻ ചാലിൽ കാട്ടാനക്കൂട്ടം വീട് തകർത്തു. വെള്ളാരംകുത്ത് സ്വദേശി ശാരദയുടെ വീടാണ് തകർത്തത്. വീട് പൂർണമായും തകർന്ന നിലയിലാണ്. വീട്ടിൽ ആളില്ലാത്തതിനാൽ ദുരന്തം ഒഴിവായി. സമീപത്തുള്ള വീടിന്റെ അടുക്കള ഭാഗവും കാട്ടാനക്കൂട്ടം തകർത്തു.
ഇന്ന് പുലർച്ചെയായിരുന്നു കാട്ടാനക്കൂട്ടം വീട് ആക്രമിച്ചത്. വീട്ടിൽ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന ശാരദ രാത്രികാലങ്ങളിൽ ബന്ധു വീട്ടിലേക്ക് മാറിത്താമസിക്കുന്നത് പതിവായിരുന്നു. ഇന്നലെ രാത്രിയും ബന്ധുവീട്ടിലാണ് കഴിഞ്ഞത്. അതിനാൽ വൻ ദുരന്തം ഒഴിവായി. വീട് തകർത്ത സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തി. കാട്ടാന ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രദേശത്ത് വൈദ്യുതി വേലി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.