തിരുവനന്തപുരം: ചൂടുമായി ബന്ധപ്പെട്ട് സിവിൽ ഡിഫൻസ് വകുപ്പിന്‍റെ പേരിൽ നടക്കുന്ന വ്യാജപ്രചാരണങ്ങളിൽ വഞ്ചിതരാകരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി.
ഇത്തരം വ്യാജ പ്രചാരണങ്ങളും ദുരന്ത നിവാരണ നിയമം 2005, സെക്ഷൻ 54 അനുസരിച്ച് ശിക്ഷാർഹമാണ്. ഏപ്രിൽ 29 മുതൽ മെയ് 12 വരെ താപനില 45 ഡിഗ്രി മുതൽ 55 ഡിഗ്രി വരെ ഉയരും എന്നും തുറസായ സ്ഥലങ്ങളിൽ നിൽക്കരുതെന്നും ചൂട് മൂലം മൊബൈൽ ഫോണുകൾ പൊട്ടിത്തെറിക്കാം. കാറുകളിൽ ഇന്ധന ടാങ്കുകൾ മുഴുവനായി നിറയ്ക്കരുത് തുടങ്ങിയ നിർദേശങ്ങൾ അടങ്ങിയ വാട്സാപ്പ് പ്രചാരണമാണ് പ്രചരിക്കുന്നത്. സിവിൽ ഡിഫൻസ് വകുപ്പ് എന്ന പേരിലാണ് സന്ദേശം പ്രചരിക്കുന്നത്.
കേരളത്തിൽ സിവിൽ ഡിഫൻസ് എന്ന വകുപ്പ് ഇല്ല. കേരളത്തിലെ സിവിൽ ഡിഫൻസ് അഗ്നിരക്ഷാസേനയുടെ കീഴിൽ പ്രവർത്തിക്കുന്ന സന്നദ്ധ സേനയാണ്. ഔദ്യോഗിക അറിയിപ്പുകൾക്കും മുന്നറിയിപ്പുകൾക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ (KSDMA ) ഔദ്യോഗിക പേജുകൾ, വെബ്സൈറ്റ് എന്നിവ സന്ദർശിക്കുക. കേരളത്തിൽ താപനില 54 ഡിഗ്രി ആകുമെന്ന് പ്രവചനം കേന്ദ്ര കാലാവസ്ഥ വകുപ്പും പുറത്തിറക്കിയിട്ടില്ലെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ വാര്‍ത്താക്കുറിപ്പിൽ പറയുന്നു.
സിവിൽ ഡിഫൻസ് വകുപ്പിന്‍റെ പേരിൽ പ്രചരിക്കുന്ന സന്ദേശം
ഏപ്രിൽ 29 മുതൽ മെയ് 12 വരെ, രാവിലെ 10 മണി മുതൽ ഉച്ചകഴിഞ്ഞ് 3 മണി വരെ ആരും (പ്രത്യേകിച്ച് തുറസ്സായ സ്ഥലങ്ങളിൽ) പുറത്തിറങ്ങരുത്. താപനില 45°C മുതൽ 55°C വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആർക്കെങ്കിലും ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയോ പെട്ടെന്ന് അസുഖം അനുഭവപ്പെടുകയോ ചെയ്താൽ ഉടൻ ഒരു ഡോക്ടറെ സമീപിക്കുക. ശരിയായ വായുസഞ്ചാരത്തിനായി മുറികളുടെ വാതിലുകൾ തുറന്നിടുക. അമിതമായ ചൂട് കാരണം സ്ഫോടന സാധ്യതയുള്ളതിനാൽ മൊബൈൽ ഫോണുകളുടെ ഉപയോഗം കുറയ്ക്കുക. ശ്രദ്ധിക്കുക, ഈ വിവരങ്ങൾ മറ്റുള്ളവരുമായി പങ്കിടുക.
തൈര്, മോര്, വെറ്റില നീര് തുടങ്ങിയ ശീതളപാനീയങ്ങൾ ധാരാളം കുടിക്കുക. തണുത്ത സ്ഥലങ്ങളിൽ തേളുകളും പാമ്പുകളും വീടുകളിൽ പ്രവേശിക്കാം, അതിനാൽ ശ്രദ്ധിക്കുക. ധാരാളം വെള്ളവും ദ്രാവകങ്ങളും കുടിക്കുക. ഗ്യാസ് സിലിണ്ടർ വെയിലത്ത് വയ്ക്കരുത്. വൈദ്യുതി മീറ്ററുകളിൽ അധികം ലോഡ് വയ്ക്കരുത്. ആവശ്യമായ മുറികളിൽ മാത്രം എയർ കണ്ടീഷനിംഗ് ഉപയോഗിക്കുക. ഓരോ 2-3 മണിക്കൂറിലും കുറഞ്ഞത് 30 മിനിറ്റ് ഇടവേള എടുക്കുക. പുറത്തെ താപനില 45–47°C ആയിരിക്കുമ്പോൾ, എസി 24–25°C ആയി സജ്ജമാക്കുക. രാവിലെ 10 നും 3 നും ഇടയിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.