യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; രാഹുൽ മാങ്കൂട്ടത്തിൽ പ്രതികളെ സഹായിച്ചെന്ന് പൊലീസ്

മൊബൈൽഫോൺ ഒളിപ്പിച്ചതും രാഹുലിന്റെ സാന്നിധ്യത്തിലെന്നും കണ്ടെത്തൽ

Update: 2023-11-24 02:51 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ പ്രതികളെ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ സഹായിച്ചെന്ന് പൊലീസ്.പ്രതികളായ ഫെനി നൈനാനും ബിനിൽ ബിനുവിനും സഹായം ലഭിച്ചെന്നാണ് പൊലീസ് നിഗമനം.

പ്രതികൾക്ക് സഞ്ചരിക്കാൻ രാഹുൽ കാർ നൽകി. പ്രതികൾ മൊബൈൽ ഒളിപ്പിച്ചത് രാഹുലിന്റെ സാന്നിധ്യത്തിലാണെന്നാണ് പൊലീസ് കണ്ടെത്തൽ. വ്യാജ കാർഡുകൾ ഉണ്ടാക്കാനുള്ള ആപ്പ് നിർമിച്ചതിൽ യൂത്ത് കോൺഗ്രസ് നേതാവ് കാസർകോട് തൃക്കരിപ്പൂർ സ്വദേശി ജെയ്‌സൺ തോമസിന് പങ്കുണ്ട്. തൃക്കരിപ്പൂർ ഈസ്റ്റ് എളേരി മണ്ഡലം വൈസ് പ്രസിഡന്റായി ജെയ്‌സൺ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ജെയ്‌സൺ ഒളിവിലാണെന്നും പൊലീസ് പറയുന്നു.

 കേസിൽ ശനിയാഴ്ച തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ  ചോദ്യം ചെയ്യലിന് ഹാജരാകാൻ രാഹുൽ മാങ്കൂട്ടത്തിലിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. രാഹുല്‍ ചോദ്യം ചെയ്യലിന് ഹാജരാകുമെന്നാണ് വിവരം.

അതിനിടെ വ്യാജ ഐഡി കാർഡ് കേസിൽ നാലുപ്രതികൾക്കും ഇന്നലെ  ഉപാധികളോടെ തിരുവനന്തപുരം സി.ജെ.എം കോടതി ജാമ്യം അനുവദിച്ചിരുന്നു. പ്രതികൾ രാജ്യം വിട്ടുപോകരുതെന്നാണ് ഉപാധി. ഒന്നിടവിട്ട ദിവസങ്ങളിൽ ഒരു മാസത്തേക്ക് അന്വേഷണ ഉദ്യോഗസ്ഥൻ വിളിപ്പിക്കുമ്പോൾ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു.

തുറന്ന കോടതിയിൽ നടന്ന വിശദമായ വാദങ്ങൾക്ക് ശേഷമാണ് ഫെനി നൈനാൻ, ബിനിൽ ബിനു, അഭിനന്ദ് വിക്രം, വികാസ് കൃഷ്ണൻ എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചത്. പ്രതികളെ കസ്റ്റഡിയിലെടുത്തത് മുതൽ റിമാൻഡ് റിപ്പോർട്ട്‌ വരെയുള്ള കാര്യങ്ങളിൽ കോടതി വിമർശനമുന്നയിച്ചു. ഉറങ്ങിക്കിടന്ന പ്രതികളെ എന്തിന് വേണ്ടിയാണ് കസ്റ്റഡിയിലെടുത്തതെന്ന് ചോദിച്ച കോടതി, അന്വേഷണ ഉദ്യോഗസ്ഥൻ ഇതിൽ നടപടിക്രമങ്ങളൊന്നും പാലിച്ചില്ലെന്ന് കുറ്റപ്പെടുത്തി. പ്രതികളെ കസ്റ്റഡിയിലെടുത്ത സമയവും അറസ്റ്റ് രേഖപ്പെടുത്തിയ സമയവും തമ്മിലുള്ള അന്തരവും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ വിശദമായി ചോദ്യം ചെയ്തതുകൊണ്ടാണ് അറസ്റ്റിലേക്ക് കടക്കാൻ വൈകിയതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കോടതി ഇത് മുഖവിലക്കെടുത്തില്ല. ഇതിനിടെ പ്രതികളായ ഫെനി, ബിനിൽ എന്നിവർ ഒളിവിൽപ്പോകാൻ ശ്രമിച്ചത് തന്റെ കാറിലാണെന്ന മീഡിയവൺ വാർത്ത യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്‌ രാഹുൽ മാങ്കൂട്ടത്തിൽ സമ്മതിച്ചിരുന്നു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News