'ജനനം ബംഗ്ലാദേശിൽ, പഠനം പാകിസ്താനിൽ'; ഐഷ സുൽത്താനയ്ക്ക് എതിരെ സംഘ്പരിവാറിന്റെ വ്യാജപ്രചാരണം

ചിലർ തന്നെ ബംഗ്ലാദേശി ആക്കാൻ ഒരുപാട് കഷ്ടപ്പെടുന്നുണ്ടെന്ന് ഐഷ പ്രതികരിച്ചു

Update: 2021-06-15 11:36 GMT
Editor : abs | By : Web Desk

ലക്ഷദ്വീപിലെ സാമൂഹിക പ്രവർത്തക ഐഷ സുത്താനയ്‌ക്കെതിരെ സംഘ്പരിവാറിന്റെ വ്യാജപ്രചാരണം. ഐഷ ജനിച്ചത് ബംഗ്ലാദേശിലും പഠിച്ചത് പാകിസ്താനിലെ ലാഹോറിലുമാണ് എന്നാണ് സാമൂഹ്യമാധ്യമങ്ങൾ വഴിയുള്ള പ്രചാരണം. ഇന്റർനെറ്റിൽ ഇവരുടെ പേരിൽ വ്യാജ ബയോഗ്രഫിയും ഉണ്ടാക്കിയിട്ടുണ്ട്. ഇതിന്റെ സ്‌ക്രീൻ ഷോട്ടുകൾ ഐഷ തന്നെ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു.

വ്യാജ ബയോഡാറ്റയിൽ ഐഷ ജനിച്ചത് ബംഗ്ലാദേശിലെ ജസ്സോർ ജില്ലയിലാണ് എന്നാണ് രേഖപ്പടുത്തിയിട്ടുള്ളത്. മാതൃഭാഷ തുളു. നാട്ടിൽ പ്രാഥമിക പഠനം പൂർത്തിയാക്കിയ ശേഷം ഉന്നത പഠനത്തിനായി ലാഹോറിലെ ബീക്കൺ ഹൗസ് നാഷണൽ യൂണിവേഴ്‌സിറ്റിയിലേക്ക് പോയെന്നും ആരോപിക്കുന്നു. 2003ൽ പാകിസ്താനിൽ സ്ഥാപിക്കപ്പെട്ട ഉന്നത പഠന കേന്ദ്രമാണ് ബീക്കൺഹൗസ് നാഷണൽ യൂണിവേഴ്‌സിറ്റി.

Advertising
Advertising

ലക്ഷദ്വീപ് ആക്ടിവിസ്റ്റിനെ കുറിച്ചുള്ള അറിയാത്ത വസ്തുതകൾ എന്ന പേരിൽ പ്രചരിക്കുന്ന സ്‌ക്രീൻ ഷോട്ടിൽ ഐഷ ബംഗ്ലാദേശിൽ ജനിച്ച ഹിന്ദുവാണ് എന്നാണ് പറയുന്നത്. ലക്ഷദ്വീപിലേക്ക് ഇവർ കുടിയേറുകയായിരുന്നു എന്നും ഇവരുടെ ചിത്രസഹിതം സംഘ്പരിവാർ പ്രചരിപ്പിക്കുന്നു.

ചിലർ തന്നെ ബംഗ്ലാദേശി ആക്കാൻ ഒരുപാട് കഷ്ടപ്പെടുന്നുണ്ടെന്ന് ഐഷ ഫേസ്ബുക്കിൽ പ്രതികരിച്ചു. 'താൻ ആരാന്ന് തനിക്ക് അറിയില്ലെങ്കിൽ താൻ എന്നോട് ചോദിക്ക് താൻ ആരാന്നു, അപ്പോ ഞാൻ പറഞ്ഞൂ തരാം താൻ ആരാന്നും ഞാൻ ആരാന്നും...'- വിദ്വേഷ പ്രചാരണങ്ങൾ പങ്കുവച്ച് അവർ പരിഹസിച്ചു. 



ലക്ഷദ്വീപ് സമൂഹത്തിലെ ചെത്‌ലാത്ത് ദ്വീപിൽ കുഞ്ഞിക്കോയയുടെയും ഹവ്വയുടെയും മകളായാണ് ഐഷയുടെ ജനനം. സ്‌കൂൾ പഠനത്തിന് ശേഷം പ്ലസ് ടുവിനായി കോഴിക്കോട്ടെത്തി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലാണ് ബിരുദപഠനം.

ഈയിടെ ചാനൽ ചർച്ചയിൽ, കേന്ദ്രസർക്കാർ ദ്വീപ് നിവാസികൾക്കെതിരെ ബയോവെപ്പൺ പ്രയോഗിച്ചെന്ന് ഐഷ പറഞ്ഞത് വിവാദങ്ങൾക്കിടയാക്കിയിരുന്നു. ഇതിന് പിന്നാലെ ഇവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ പ്രതീകാത്മകമായി ആണ് ബയോവെപ്പൺ എന്ന പദം ഉപയോഗിച്ചത് എന്നാണ് ഐഷയുടെ വിശദീകരണം. കേസിൽ ഇവർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹർജി സമർപ്പിച്ചിട്ടുണ്ട്.

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News