പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തൽ; വിശദീകരണവുമായി മന്ത്രി

ഉത്തരവിനെതിരെ സി.പി.ഐ യുവജന സംഘടനയായ എ.ഐ.വൈ.എഫ് ഉൾപ്പെടെ രം​ഗത്തുവന്നിരുന്നു.

Update: 2022-10-31 15:57 GMT
Advertising

തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തിക്കൊണ്ടുള്ള ഉത്തരവ് വിവാദമായതോടെ വിശദീകരണവുമായി ധനമന്ത്രി. കാര്യങ്ങള്‍ പൂര്‍ണമായും മനസിലാക്കാതെയാണ് വിമര്‍ശനങ്ങളെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പ്രതികരിച്ചു. പെഷന്‍ പ്രായം ഉയര്‍ത്തല്‍ സര്‍ക്കാര്‍ മേഖലയിലേക്ക് വ്യാപിപ്പിക്കില്ല. പെന്‍ഷന്‍ പ്രായം ഏകീകരിക്കുകയല്ല ചെയ്തതെന്നും മന്ത്രി പറ‍ഞ്ഞു.

കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി ഏകീകരിച്ചാണ് ധനവകുപ്പ് ഉത്തരവിറക്കിയത്. ഇതിനെതിരെ സി.പി.ഐ യുവജന സംഘടനയായ എ.ഐ.വൈ.എഫ് ഉൾപ്പെടെ രം​ഗത്തുവന്നിരുന്നു. പൊതുമേഖല സ്ഥാപനങ്ങളുടെ സേവന- വേതന വ്യവസ്ഥകള്‍ക്ക് പൊതുമാനദണ്ഡം നിശ്ചയിച്ച് ഈ മാസം 29ന് ധനവകുപ്പില്‍ നിന്ന് ഇറക്കിയ ഉത്തരവിലാണ് വിരമിക്കല്‍ പ്രായം 60 ആക്കി ഉയര്‍ത്തിയത്.

പല പൊതുമേഖല സ്ഥാപനങ്ങളിലും പെന്‍ഷന്‍ പ്രായം 58 ആണ്. ചിലതില്‍ 60ഉം ഉണ്ട്. ഇത് ഏകീകരിച്ച് 60 ആക്കാനാണ് ഉത്തരവില്‍ പറയുന്നത്. പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാന്‍ 2017ല്‍ റിയാബ് ചെയര്‍മാന്‍ തലവനായി ഒരു വി​ദഗ്ധ സമിതിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു.

2020 നവംബര്‍ 30ന് വിദഗ്ധ സമിതി കൊടുത്ത റിപ്പോര്‍ട്ട് ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി, പ്ലാനിങ് അഡീഷണല്‍ ചീഫ് സെക്രട്ടറി, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരടങ്ങുന്ന സെക്രട്ടറിതല കമ്മിറ്റി പരിശോധിച്ചു. ഈ റിപ്പോര്‍ട്ട് ഈ വര്‍ഷം ഏപ്രിലില്‍ മന്ത്രിസഭാ യോഗം പരിഗണിക്കുകയും തുടര്‍നടപടികള്‍ക്കായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു.

ഇതിനെ തുടര്‍ന്നാണ് ധനവകുപ്പ് ഉത്തരവിറക്കിയത്. 122 പൊതുമേഖല സ്ഥാപനങ്ങള്‍ക്കും ആറ് ധനകാര്യ കോര്‍പ്പറേഷനുകള്‍ക്കും ഉത്തരവ് ബാധകമാകും. പൊതുമേഖല സ്ഥാപനങ്ങളുടെ പെന്‍ഷന്‍ പ്രായം 60 ആക്കിയതോടെ സര്‍ക്കാര്‍ മേഖലയിലും പെന്‍ഷന്‍ പ്രായം 60 ആക്കണമെന്ന ആവശ്യം സര്‍വീസ് സംഘടനകള്‍ ഉയര്‍ത്താനാണ് സാധ്യത.

എന്നാൽ, പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തിയതിൽ എതിർ‍പ്പുമായി രം​ഗത്തെത്തിയ എ.വൈ.എഫ്.ഐ, സർക്കാരിന്റേത് യുവജനദ്രോഹ നടപടിയാണെന്നും ഉത്തരവ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.

തൊഴിൽരഹിതരായ ചെറുപ്പക്കാരെ സർക്കാർ വെല്ലുവിളിക്കുകയാണ്. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നത് എൽ.ഡി.എഫ് നയമല്ലെന്നിരിക്കെ തീരുമാനമെടുത്തത് പ്രതിഷേധാർഹമാണെന്നും യുവജനങ്ങളുടെ തൊഴില്‍ ലഭിക്കാനുള്ള അവകാശം സംരക്ഷിക്കണമെന്നും എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണും സെക്രട്ടറി ടി.ടി ജിസ്‌മോനും ആവശ്യപ്പെട്ടു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News