സ്കൂളുകളിലെ ഉച്ചഭക്ഷണം: കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ക്കെതിരെ കഞ്ഞിവെപ്പ് പ്രതിഷേധവുമായി ഫ്രറ്റേണിറ്റി മൂവ്മെൻ്റ്

''സ്കൂളുകളിൽ കഴിഞ്ഞ മൂന്നുമാസമായി കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകിയതിന് പ്രഥമാധ്യാപകർക്ക് ലഭിക്കാനുള്ളത് 130 കോടി രൂപയാണ്.''

Update: 2023-09-21 13:21 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ 45 ലക്ഷത്തോളം വരുന്ന സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഉച്ചഭക്ഷണ വിതരണത്തിനുള്ള ഫണ്ട് ലഭ്യമാക്കാത്ത കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിദ്യാർത്ഥിദ്രോഹ നടപടിക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്‍റ് പ്രതിഷേധം. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണിയാപുരം മുസ്‍ലിം സ്കൂളിന് മുന്നിൽ പ്രതിഷേധ കഞ്ഞിവെപ്പ് സംഘടിപ്പിച്ചു.

സ്കൂളുകളിൽ കഴിഞ്ഞ മൂന്നുമാസമായി കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകിയതിന് പ്രഥമാധ്യാപകർക്ക് ലഭിക്കാനുള്ളത് 130 കോടി രൂപയാണ്. ഉച്ചഭക്ഷണ ഫണ്ടിൽ 60% കേന്ദ്രവിഹിതവും 40% സംസ്ഥാനവിഹിതവുമാണ്. തുക കിട്ടാത്തതിനാൽ പ്രഥമാധ്യാപകർ പലിശയ്ക്ക് പണം എടുത്ത് ഉച്ചഭക്ഷണം നൽകേണ്ട സ്ഥിതിയാണിപ്പോൾ. സംസ്ഥാനത്തെ ലക്ഷക്കണക്കിന് സ്‌കൂൾ വിദ്യാർത്ഥികൾ ഉച്ചഭക്ഷണം ഉണ്ണുന്നത് പ്രഥമാധ്യാപകരുടെ ദയാവായ്പിലാണെന്നത് സർക്കാരിന് നാണക്കേടാണ്. ഇനിയും കടംവാങ്ങി കുട്ടികളെ അന്നം കഴിപ്പിച്ചാൽ സ്വന്തം കുടുംബം പട്ടിണിയാകുമെന്ന തിരിച്ചറിവിൽ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി നിർത്തിവെക്കാന്‍ പ്രഥമാധ്യാപകരുടെ സംഘടന ഒരുങ്ങുന്നുവെന്നത് ആശങ്കയുളവാക്കുന്നതാണ്.


രാജ്യത്തിന് മാതൃകയായ പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ സർക്കാർ തന്നെ മണ്ണുവാരിയിടുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. വിദ്യാർഥികളുടെ വിശപ്പടക്കി സർക്കാരിന്റെ അന്തസ് കാത്ത അധ്യാപകരെ സംരക്ഷിക്കേണ്ടത് സർക്കാരിന്‍റെ ബാധ്യതയാണ്. സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതികൊണ്ട് കടക്കാരായ പ്രഥമാധ്യാപകരെ ഇനിയും കണ്ടില്ലെന്ന് നടിക്കരുതെന്ന് പ്രതിഷേധ സംഗമം ഉദ്ഘാടനം നിർവഹിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന ജനറൽ സെക്രട്ടറി അർച്ചന പ്രജിത്ത് ആവശ്യപ്പെട്ടു. പ്രതിഷേധ സംഗമത്തില്‍ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ പ്രസിഡന്‍റ് അംജദ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ഫൈസൽ, സാജിദ്, നിഷാത്ത്, നൂർഷ, ഹുദാ എന്നിവർ നേതൃത്വം നൽകി.

Summary: Fraternity Movement protested against the anti-student attitude of of the central and state governments in not providing funds for distribution of mid-day meals to around 45 lakh school students in the state's schools.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News