കണ്ണൂർ: രക്തസാക്ഷി ഫണ്ട് തിരിമറി വിവാദം തലവേദനയായതോടെ ആരോപണം ഉന്നയിച്ച സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കി.
അച്ചടക്കനടപടി ചർച്ച ചെയ്യാൻ ചേർന്ന സിപിഎം കണ്ണൂർ ജില്ലാ കമ്മറ്റി യോഗത്തിലാണ് തീരുമാനം. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയ കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ജില്ലാ സെക്രട്ടേറിയേറ്റ് ഇന്നലെ തീരുമാനിച്ചിരുന്നു. കുഞ്ഞികൃഷ്ണനെതിരെ രൂക്ഷ വിമർശനമാണ് ജില്ലാകമ്മറ്റി യോഗത്തിൽ ഉയർന്നത്. കുഞ്ഞികൃഷ്ണനെ ജില്ലാ കമ്മറ്റിയിൽ ഉൾപ്പെടുത്തിയതിൽ ഉൾപ്പെടെയുള്ള പാർട്ടി നിലപാടിൽ വിമർശനം ഉയർന്നു. കടുത്ത നടപടി നേരത്തെ എടുക്കേണ്ടിയിരുന്നു. വിഭാഗീയതയുടെ ഭാഗമായിരുന്ന കുഞ്ഞികൃഷ്ണനെ ജില്ലാ കമ്മറ്റിയിൽ എടുത്തത് ശരിയായില്ലെന്നും അംഗങ്ങൾ.
പുറത്താക്കൽ തീരുമാനം ഏകകണ്ഠമായാണ് ജില്ലാ കമ്മിറ്റി അംഗീകരിച്ചതെന്ന് ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ്. പാർട്ടിക്കെതിരായി അജണ്ട സെറ്റ് ചെയ്തുള്ള അഭിമുഖമാണ് നടന്നത്. കൃത്യമായ സമയം കണക്കാക്കി ആണ് അഭിമുഖം നൽകിയത്. ഉന്നയിച്ച ആരോപണങ്ങൾ എല്ലാം പാർട്ടി അന്വേഷിച്ച് തീർപ്പ് കൽപ്പിച്ച കാര്യങ്ങളാണ്. 2022 ഏപ്രിൽ മാസം പാർട്ടി പരിഹാരം കണ്ട വിഷയത്തിന് ശേഷം കുഞ്ഞികൃഷ്ണൻ ജില്ലാ കമ്മറ്റി അംഗം വരെ ആയി. ജില്ലാ കമ്മിറ്റി അംഗമായ ശേഷം റൂറൽ ബാങ്കിൻ്റെ ഭൂമി ഇടപാടുമായി ബന്ധപ്പെട് ടി.ഐ. മധുസൂദനനെ അധിക്ഷേപിക്കുകയാണ് കുഞ്ഞികൃഷ്ണൻ ചെയ്തത്. ബാങ്കിൻ്റെ ഭാരവാഹി അല്ലാത്ത മധുസൂദനനെ എന്തിനാണ് ക്രൂശിച്ചതെന്നും രാഗേഷ്.
പാർട്ടി കമ്മിറ്റിയിൽ ഉന്നയിച്ച വിഷയങ്ങൾ മാധ്യമങ്ങളിൽ ചർച്ചയാക്കി എന്ന് കണ്ടെത്തിയതിനെ തുടർന്ന് ശാസന നടപടി സ്വീകരിച്ചു. ജില്ലാ കമ്മിറ്റി യോഗത്തിൽ രൂക്ഷമായ വിമർശനം അന്ന് കുഞ്ഞികൃഷ്ണനെതിരെ ഉയർന്നു. വിഭാഗീയ പ്രവർത്തനത്തിൻ്റെ ഭാഗമായാണ് അടിസ്ഥാന രഹിതമായ ആരോപങ്ങൾ ഉന്നയിച്ചത് എന്ന കമ്മീഷൻ കണ്ടെത്തൽ കുഞ്ഞികൃഷ്ണൻ അടക്കം അംഗീകരിച്ചു. കുഞ്ഞികൃഷ്ണൻ നടത്തിയ വാർത്താ ചോർച്ചയുടെ കൃത്യമായ രേഖ പാർട്ടിക്കുണ്ട്. കുഞ്ഞികൃഷ്ണൻ പരസ്യമാക്കിയ സാഹചര്യത്തിലാണ് ഇക്കാര്യങ്ങൾ പാർട്ടി പുറത്ത് പറയുന്നത്. വാർത്ത ചോർത്തുന്നതിൽ മാധ്യമങ്ങളോട് കുറ്റസമ്മതം നടത്തി. ചോർത്തിയപ്പോൾ തന്നെ കുഞ്ഞികൃഷ്ണൻ കമ്മ്യൂണിസ്റ്റ് അല്ലാതായി മാറി. ശാസനക്ക് ശേഷം ആറു മാസത്തോളമായി പാർട്ടി പരിപാടികളാൽ പങ്കെടുക്കാറില്ല. മധുസൂദനനോടുള്ള പക കാരണമാണ് ഇപ്പോഴത്തെ വെളിപ്പെടുത്തലെന്നും രാഗേഷ്.
മധുവിൻ്റെ യശസ് കളങ്കപ്പെടുത്താനുള്ള വൈരനിര്യാതന ബുദ്ധിയാണ് വെളിപ്പെടുത്തലിന് പിന്നിൽ. റൂറൽ ബാങ്ക് ഭൂമി ഇടപാടിൽ തെളിവായി ഹാജരാക്കിയ ഫോട്ടോ പാർട്ടി പരിശോധിച്ചു. ഭൂമി വാങ്ങുന്നത് തീരുമാനിക്കും മുമ്പ് നടത്തിയ ഗൾഫ് സന്ദർശനത്തിൻ്റെ ഫോട്ടോ ആണ് കുഞ്ഞികൃഷ്ണൻ ഹാജരാക്കിയത്. പാർട്ടി ഓഫീസിനായി പിരിച്ച 70 ലക്ഷം രൂപ കാണാനില്ല എന്ന കാര്യവും പാർട്ടി പരിശോധിച്ചു. ഓഡിറ്റ് റിപ്പോർട്ടിൽ ഈ തുക കൃത്യമായി രേഖപ്പെടുത്തി എന്ന് കണ്ടെത്തി. രസീത് അച്ചടിച്ചതിൽ അക്ഷര പിശക് കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ ബുക്ക് അടിച്ചത്. പിശകുള്ള രസീത് അബദ്ധത്തിൽ മറ്റൊരാൾക്ക് പിരിവ് നടത്താനായി കൊടുത്തിരുന്നു. അത് പിഴവാണ്. എന്നാൽ ആ പൈസ മുഴുവനായും പാർട്ടിക്ക് കിട്ടി. മധുസൂദനന് നൽകിയ രശീത് ബുക്കിൽ ചിലത് കാണാതായിരുന്നു. എന്നാൽ പിന്നീട് അത് തിരിച്ചു കിട്ടി. ധനരാജ് ഫണ്ടുമായി ബന്ധപ്പെട്ട് വിശദമായ പരിശോധന ഓഡിറ്റർമാരും പാർട്ടി അന്വേഷണ കമ്മീഷനും നടത്തി. ധനാപഹരണവും ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തി. വരവ് ചെലവ് റിപ്പോർട്ട് ചെയ്യുന്നതിൽ കാലതാമസം ഉണ്ടായതാണ് ആകെ കണ്ടെത്തിയ തെറ്റ്. ബിജെപി അധ്യക്ഷൻ്റെ ചാനലിനെ ഉപയോഗിച്ച് വാർത്താ ചമച്ചത് ദുരൂഹം. എന്താണ് ഇപ്പോൾ കുഞ്ഞികൃഷ്ണന് ഉണ്ടായ പ്രകോപനമെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും സിപിഎം ജില്ലാ സെക്രട്ടറി.
പയ്യന്നുരെ പാർട്ടി അംഗങ്ങൾക്കിടയിൽ മാനസിക ഐക്യം തകർന്നെന്ന് കോടിയേരി ബാലകൃഷ്ണൻ തന്നെ നിരീക്ഷിച്ചിട്ടുണ്ട്. സമ്മാന കൂപ്പൺ പദ്ധതിയെ എന്തുകൊണ്ട് ജില്ലാ കമ്മറ്റി അംഗങ്ങൾ എതിർന്നില്ല എന്ന് കോടിയേരി ചോദിച്ചു. ഏരിയാ സെക്രട്ടറിയായ കുഞ്ഞികൃഷ്ണന് അംഗങ്ങളെ കൂട്ടി യോജിപ്പിക്കാൻ കഴിയുന്നില്ല എന്ന് നിരീക്ഷിച്ചിരുന്നു. അതിൻ്റെ പേരിലാണ് ഏരിയാ സെക്രട്ടറിയെ മാറ്റിയതെന്നും കെ.കെ രാഗേഷ് പറഞ്ഞു.
പുസ്തകം എഴുതുന്ന കാര്യം തന്നോട് പറഞ്ഞു. പാർട്ടിയെ സ്നേഹിക്കുന്ന ഒരാൾക്ക് ഇങ്ങനെ ചെയ്യാൻ കഴിയില്ലെന്ന് താൻ പറഞ്ഞു. അത് നിരാകരിക്കുകയാണ് ചെയ്തത്. ധനരാജ് ഫണ്ടിൻ്റെ വരവ് ചെലവ് കണക്ക് ഇന്ധപ്പെട്ട പാർട്ടി കമ്മിറ്റികൾ അംഗീകരിച്ചിട്ടുണ്ട്. ഒരു പൈസ പോലും പാർട്ടിക്ക് നഷ്ടമായിട്ടില്ല. പാർട്ടി കണക്ക് മാധ്യമങ്ങളോട് പറയേണ്ട കാര്യമില്ല. പാർട്ടിയുടെ ബന്ധപ്പെട്ട ഘടകത്തിൽ അതിൻ്റെ കണക്ക് ഉണ്ട്. വയനാട്ടിലെ ഫണ്ടിൻ്റെ കാര്യത്തിൽ മാധ്യമങ്ങൾ എന്താണ് ഇക്കാര്യം ചോദിക്കാത്തതെന്ന് മറു ചോദ്യം.
പാർട്ടിക്കകത്ത് പറയേണ്ട കാര്യങ്ങൾ പാർട്ടിയിൽ പറയും. മാധ്യമങ്ങളോട് പറയേണ്ട ബാധ്യത ഇല്ല. ജനങ്ങളുടെ മുന്നിൽ കണക്ക് അവതരിപ്പിക്കും. കേസ് നടത്താൻ ആവശ്യമായ ഫണ്ട് പാർട്ടിയുടെ കൈയ്യിൽ ഉണ്ട്. ധനാപഹാരണം നടന്നിട്ടില്ലെന്ന് പാർട്ടിയ്ക്ക് ബോധ്യം ഉണ്ടെന്നും കെ. കെ രാഗേഷ്.