മൂക്കുമുട്ടെ ബിരിയാണി തട്ടി; കൈ കഴുകാൻ പോയ തക്കത്തിന് യുവാവിന്റെ സ്‌കൂട്ടറുമായി 'വാട്ട്‌സാപ്പ്' കാമുകി മുങ്ങി

ഒരുമാസത്തെ പ്രണയത്തിന് ശേഷം കൊച്ചിയിലെ മാളില്‍ വെച്ചാണ് യുവാവും കാമുകിയും ആദ്യമായി കണ്ടത്

Update: 2025-11-11 06:43 GMT
Editor : Lissy P | By : Web Desk

AI generated image

കൊച്ചി: വയറ് നിറയെ ഭക്ഷണം വാങ്ങിക്കൊടുത്ത് കൈകഴുകാന്‍ പോയ തക്കത്തിന് യുവാവിന്‍റെ സ്കൂട്ടറുമായി കാമുകി കടന്നുകളഞ്ഞു.കൊച്ചിയിലാണ് സംഭവം നടന്നത്. ഒരുമാസം നീണ്ടുനിന്ന പ്രണയത്തിനൊടുവില്‍ കാമുകിയെ ആദ്യമായി കാണാനെത്തിയ യുവാവിനാണ് പണികിട്ടിയത്. മൂന്ന് മാസം മുന്‍പ് വാങ്ങിയ സ്കൂട്ടറുമായാണ് കാമുകി മുങ്ങിയത്. . യുവാവിന്റെ പരാതിയിൽ കളമശേരി പൊലീസ് കേസെടുത്തു. എറണാകുളം കൈപ്പട്ടൂർ സ്വദേശിയായ 24 കാരന്റെ പുത്തൻ  സ്‌കൂട്ടറാണ് നഷ്ടമായത്.

വാട്ട്സാപ്പില്‍ തെറ്റിയെത്തിയ ഒരു സന്ദേശത്തില്‍ നിന്നാണ് ഇരുവരും പരിചയപ്പെടുന്നത്.  ഒരുമാസം നീണ്ടുനിന്ന ചാറ്റിങ് ഒടുവില്‍ പ്രണയത്തിലേക്ക് വഴിമാറി. ഫോട്ടോ പോലും കൈമാറാത്ത പ്രണയത്തിനൊടുവില്‍ ഇരുവരും ആദ്യമായി കാണാമെന്ന് തീരുമാനിച്ചു. കൊച്ചിയിലെ പ്രമുഖ മാളില്‍ വെച്ച് കാണാമെന്ന് ഇരുവരും തീരുമാനിച്ചു. ഇത് പ്രകാരം വെള്ളിയാഴ്ച  യുവാവ് മാളിലെത്തി. 

Advertising
Advertising

മാളിന്റെ പാർക്കിംഗ് ഏരിയയിൽ വച്ച സ്‌കൂട്ടർ തൊട്ടപ്പുറത്തെ കടയ്ക്ക് സമീപം വയ്ക്കണമെന്ന നിർബന്ധത്തിന് വഴങ്ങിയ ശേഷമാണ് യുവതി നേരിൽകാണാൻ തയ്യാറായത്. നേരത്തെ ചാറ്റ് ചെയ്യുന്ന സമയത്തൊരിക്കലും ഇരുവരും ഫോട്ടോ കൈമാറിയിരുന്നില്ല. എന്നാല്‍ കാമുകിക്ക് തന്നേക്കാള്‍ പ്രായമുണ്ടെന്ന് യുവാവ് അപ്പോഴാണ് തിരിച്ചറിഞ്ഞത്. എന്നാല്‍ ഒരേ പ്രായമാണ് എന്ന് പറഞ്ഞ് യുവതി യുവാവിനെ വിശ്വസിപ്പിച്ചു. മാളിലെ ഫുഡ്കോര്‍ട്ടില്‍ കൊണ്ടുപോയി ബിരിയാണിയും ജ്യൂസും വാങ്ങിക്കഴിച്ചു, അതും യുവാവിന്‍റെ ചെലവില്‍.യുവാവ് കൈകഴുകാന്‍ പോയപ്പോള്‍  സ്കൂട്ടറിന്‍റെ കീയും മറ്റും യുവതി തട്ടിയെടുത്തു.പിന്നാലെ സ്കൂട്ടറുമായി സ്ഥലം വിട്ടു.

കൈകഴുകി തിരികെ എത്തിയപ്പോള്‍ യുവതിയെ കാണാതായപ്പോള്‍ കാമുകന് പന്തികേട് മണത്തു.മാള്‍ മുഴുവന്‍ അരിച്ചുപെറുക്കിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. സ്കൂട്ടര്‍ പോയി നോക്കിയപ്പോള്‍ അതും കാണാനില്ല.ഒടുവില്‍ ചതി തിരിച്ചറിഞ്ഞ യുവാവ് ബസില്‍ കയറി വീട്ടിലെത്തി. നടന്നതെല്ലാം സഹോദരിയോട് പങ്കുവെക്കുകയും ചെയ്തു.പിറ്റേന്ന് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതി സ്കൂട്ടറുമായി പോകുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. യുവതിയുടെ ഫോണ്‍ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ബസിലെ ജോലിക്കാരനായ യുവാവ് ഇഎംഎക്കാണ് മൂന്ന് മാസം മുന്‍പ് സ്കൂട്ടര്‍ വാങ്ങിയത്. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News