ഗവർണറുടെ മാധ്യമവിലക്കില്‍ പ്രതിഷേധം തുടരന്നു; കെ.യു.ഡബ്ല്യു.ജെ രാജ്ഭവൻ മാർച്ച് ഇന്ന്

ഇന്നലെ ഡി.വൈ.എഫ്.ഐ രാജ്ഭവനിലേക്ക് മാർച്ച് നടത്തിയിരുന്നു

Update: 2022-11-08 01:08 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: വാർത്താസമ്മേളനത്തിൽനിന്ന് മീഡിയവണിനെയും കൈരളിയെയും വിലക്കിയ ഗവർണറുടെ നടപടിക്കെതിരെ പ്രതിഷേധം തുടരുന്നു. കേരള പത്രപ്രവർത്തക യൂനിയന്റെ(കെ.യു.ഡബ്ല്യു.ജെ) നേതൃത്വത്തിൽ ഇന്ന് രാജ്ഭവനിലേക്ക് മാർച്ച് നടത്തും. വിവിധ ജില്ലകളിലും മാർച്ച് നടക്കുന്നുണ്ട്.

മാധ്യമ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ് ഗവർണറുടെ നടപടിയെന്നാണ് കെ.യു.ഡബ്ല്യു.ജെ നേതാക്കൾ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഇന്നു രാവിലെ 11.30നാണ് രാജ്ഭവൻ മാർച്ച്. ഇന്നലെ ഡി.വൈ.എഫ്.ഐയും രാജ്ഭവനിലേക്ക് മാർച്ച് നടത്തിയിരുന്നു.

വാർത്താസമ്മേളനത്തിൽനിന്ന് ഒരു വിഭാഗം മാധ്യമങ്ങളെ വിലക്കിയ ഗവർണറുടെ നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണെന്ന് കെ.യു.ഡബ്ല്യു.ജെ കുറ്റപ്പെടുത്തിയിരുന്നു. ഗവർണർ എന്ന ഭരണഘടനാ പദവിയുടെ അന്തസ്സിനെ കൂടി അപമാനിക്കുകയാണ് ആരിഫ് മുഹമ്മദ് ഖാൻ. ഗവർണർ തെറ്റ് തിരുത്തി ഖേദം പ്രകടിപ്പിക്കണമെന്ന് കേരളാ പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡന്റ് എം.വി വിനീതയും ജനറൽ സെക്രട്ടറി ആർ. കിരൺ ബാബുവും ആവശ്യപ്പെട്ടു.

പത്രസമ്മേളനത്തിൽ പങ്കെടുക്കാൻ മെയിൽ അയച്ച് അനുമതി നൽകി പേര് പരിശോധിച്ച് അകത്തുകയറ്റിയ ശേഷമാണ് കൈരളി, മീഡിയവൺ സംഘത്തെ വാർത്താസമ്മേളന ഹാളിൽനിന്ന് ഇറക്കിവിട്ടത്. ബോധപൂർവം മാധ്യമങ്ങളെ അപമാനിക്കാനുള്ള ശ്രമമാണിത്. വാർത്താസമ്മേളനത്തിൽ പങ്കെടുക്കാൻ അനുമതി ചോദിച്ച് ജയ്ഹിന്ദ് ടി.വി മെയിൽ നൽകിയിരുന്നെങ്കിലും അനുമതി നൽകിയില്ല. വിമർശനങ്ങളോടുള്ള കടുത്ത അസഹിഷ്ണുതയും ജനാധിപത്യ വിരുദ്ധവുമായ നിലപാടും ഗവർണർ ആവർത്തിക്കുകയാണ്. കഴിഞ്ഞ തവണ ഗവർണറുടെ ഭാഗത്തുനിന്ന് ഇത്തരത്തിൽ മാധ്യമവിലക്കുണ്ടായ ഘട്ടത്തിൽതന്നെ ഇത് ആവർത്തിച്ചാൽ ശക്തമായ പ്രതിഷേധത്തിലേക്ക് യൂനിയന് പോകേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതാണെന്നും കെ.യു.ഡബ്ല്യു.ജെ വാർത്താകുറിപ്പിൽ വ്യക്തമാക്കി.

Summary: The protest continues against the governor Arif Mohammed Khan's action of banning MediaOne and Kairali TV from the press conference. Kerala Journalists Union (KUWJ) will march to Raj Bhavan today

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News