ശിരോവസ്ത്ര വിലക്ക്; 'വസ്ത്രം ധരിക്കാനുള്ള ജനാധിപത്യ അവകാശത്തിൽ ആരും ഇടപെടണ്ട'- എം.വി ഗോവിന്ദൻ
'അയ്യപ്പന് ഒരു നഷ്ടവും സംഭവിക്കില്ല; നഷ്ടപ്പെട്ട സ്വർണം തിരിച്ചുപിടിക്കും'
തിരുവനന്തപുരം: ശിരോവസ്ത്ര വിലക്കിൽ നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. 'വസ്ത്രം ധരിക്കാനുള്ള മതപരമായ-ജനാധിപത്യ അവകാശം എല്ലാവർക്കുമുണ്ട് . അതിൽ ആരും ഇടപെടേണ്ടതില്ല. ഒരു കുട്ടിയുടെ പ്രശ്‌നവും പ്രശ്‌നമാണ്. അതും പരിഹരിക്കപ്പെടേണ്ടതാണ്' -എന്നും എം.വി ഗോവിന്ദൻ പറഞ്ഞു. വർഗീയ ധ്രുവീകരണത്തിന് ഈ വിഷയം ഉപയോഗിക്കരുത് എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാർട്ടി എല്ലാകാലത്തും വിശ്വാസി സമൂഹത്തിന് ഒപ്പമാണ് നിന്നിട്ടുള്ളത്. അത് വർഗീയവാദികൾക്ക് ഇഷ്ടപ്പെടുന്നില്ല. അയ്യപ്പന് ഒരു നഷ്ടവും സംഭവിക്കില്ല. നഷ്ടപ്പെട്ട സ്വർണം തിരിച്ചുപിടിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആഗോള അയ്യപ്പ സംഗമം കലക്കാൻ ഗൂഢാലോചന നടന്നുവെന്നും എം.വി ഗോവിന്ദൻ ആരോപിച്ചു.എല്ലാവരെയും ഒരുമിച്ച് ചേർത്താണ് കൊണ്ടുപോകുന്നത്. ഒരാളെയും ഒഴിവാക്കാൻ പാർട്ടി ഉദ്ദേശിക്കുന്നില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. മുതിർന്ന നേതാവ് ജി.സുധാകരനുമായി ബന്ധപ്പെട്ടുണ്ടായ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു. ഒരുപാട് കാലം പ്രധാനപ്പെട്ട ചുമതലയിൽ ഉണ്ടായിരുന്ന ആൾക്ക് അത് ഇല്ലാതിരിക്കുമ്പോൾ ഉള്ള പ്രശ്‌നങ്ങൾ ഉണ്ടാകും. ആരോഗ്യമുള്ള 75 വയസ്സ് കഴിഞ്ഞ ഏതു നേതാവിനും പാർട്ടി സംവിധാനങ്ങൾ ഉപയോഗിക്കാം എന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകന് ഇഡി സമൻസ് നൽകിയെന്ന മാധ്യമ വാർത്തകൾക്ക് പിന്നാലെ പോകാൻ ഞങ്ങളില്ല. ഇതൊന്നും കാണിച്ച് പേടിപ്പിക്കണ്ട. മാധ്യമങ്ങൾ വാർത്ത ഉത്പാദിപ്പിക്കുകയാണ്. ഇതൊന്നും കാണിച്ച് പേടിപ്പിക്കണ്ട. കള്ളപ്രചാരവേല നടത്തുകയാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.