മുനമ്പം വഖഫ് കേസിന്‍റെ വാദം ഇന്നും തുടരും
മുനമ്പത്തെ ഭൂമി സംബന്ധിച്ച് ഹൈക്കോടതി വിധിയാണ് ഇന്ന് പരിശോധിക്കുക
കോഴിക്കോട്: മുനമ്പം വഖഫ് കേസിന്‍റെ വാദം കോഴിക്കോട് വഖഫ് ട്രൈബ്യൂണലില്‍ ഇന്നും തുടരും. മുനമ്പത്തെ ഭൂമി സംബന്ധിച്ച് ഹൈക്കോടതി വിധിയാണ് ഇന്ന് പരിശോധിക്കുക. പരവൂർ സബ് കോടതിയുടെ വിധിക്കെതിരെ മുനമ്പത്തെ താമസക്കാരാണ് 1971 ല്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇന്നലെ പരവൂർ സബ് കോടതി വിധിയും കഴിഞ്ഞ ദിവസം വഖഫ് ആധാരവുമായി ട്രൈബ്യൂണല്‍ പരിശോധിച്ചത്.
ഭൂമി വഖഫ് ആണെന്ന വാദം വഖഫ് ബോർഡ് ആവർത്തിക്കും. ദാനം ലഭിച്ച ഭൂമിയാണെന്ന വാദമാകും ഫാറൂഖ് കോളജ് മാനേജ്മെന്‍റും മുനമ്പം നിവാസികളും സിദ്ദീഖ് സേഠിന്‍റെ മകളുടെ മക്കളും വാദിക്കുക. ജഡജ് രാജന്‍ തട്ടിലിന്‍റെ നേതൃത്വത്തിലുള്ള ട്രൈബ്യൂണലാണ് മുനമ്പം കേസില്‍ വാദം കേള്‍ക്കുന്നത്.
അതേസമയം വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹരജികൾ പരിഗണിക്കുക സുപ്രിം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ്.ജസ്റ്റിസുമാരായ സഞ്ജയ് കുമാർ കെ വി വിശ്വനാഥൻ എന്നിവരാണ് ബെഞ്ചിലെ മറ്റ് ജഡ്ജിമാർ. ഈ മാസം 16 നാണ് ഹരജികൾ പരിഗണിക്കുക. ഇതിനോടകം 15ലധികം ഹരജികളാണ് വഖഫ് ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയിൽ എത്തിയത്. വഖഫ് ഭേദഗതി നിയമത്തിന് എതിരെ രാജ്യത്ത് പ്രതിഷേധം തുടരുകയാണ്. പ്രതിഷേധത്തിനിടെ ബംഗാളിലെ മുർഷിദാബാദിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 22 പേരെ അറസ്റ്റ് ചെയ്തു.