'ബന്ധുനിയമനം അന്വേഷിക്കാന്‍ ഉന്നതസമിതി'; രണ്ടും കല്‍പ്പിച്ച് ഗവര്‍ണര്‍

വിരമിച്ച ജഡ്ജി ഉൾപ്പെട്ട ഉന്നത സമിതിയാകും നിയമനങ്ങള്‍ അന്വേഷിക്കുക.

Update: 2022-08-20 09:41 GMT
Advertising

യൂണിവേഴ്സിറ്റി ബന്ധു നിയമനങ്ങളേക്കുറിച്ച് അന്വേഷിക്കാന്‍ ഉന്നത സമിതിയെ വെക്കാന്‍ ഒരുങ്ങി ഗവര്‍ണര്‍. വിരമിച്ച ജഡ്ജി ഉൾപ്പെട്ട ഉന്നത സമിതിയാകും നിയമനങ്ങള്‍ അന്വേഷിക്കുക. വിരമിച്ച ചീഫ് സെക്രട്ടറിയും ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും ആകും മറ്റ് അംഗങ്ങൾ. ഗവര്‍ണര്‍ ഡല്‍ഹിൽ നിന്നും മടങ്ങി വന്നാൽ ഉടന്‍ സമിതിയെ വെക്കും

നേരത്തെ കണ്ണൂർ സർവകലാശാല വി.സിയെ രൂക്ഷമായ ഭാഷയില്‍ ഗവർണർ വിമർശിച്ചിരുന്നു. ഗോപിനാഥ് രവീന്ദ്രന്‍റെ പ്രവർത്തനം വി.സിക്ക് യോജിക്കാത്തതാണെന്ന് ഗവര്‍ണര്‍ തുറന്നടിച്ചു. വി.സിയുടെ രീതി പാർട്ടി കേഡറെപ്പോലെയാണെന്നും സർവകലാശാലകളിലെ എല്ലാ ബന്ധുനിയമനങ്ങളും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ പ്രസ്താവനയിലൂടെ സർക്കാരിനും കണ്ണൂർ യൂണിവേഴ്സിറ്റിക്കുമെതിരെ പോര് കടുപ്പിക്കുകയാണ് ഗവര്‍ണറെന്ന് വ്യക്തമായിരിക്കുകയാണ്. നേരത്തെ പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയ തീരുമാനം മരവിപ്പിച്ചതിനെതിരെ ആർക്കും കോടതിയെ സമീപിക്കാമെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയിരുന്നു.

ഇതിനു മറുപടിയായി ഗവര്‍ണര്‍ നിക്കറിട്ട സംഘിയെ പോലെയാണെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനും തിരിച്ചടിച്ച് രംഗത്തെത്തി. തറ വേല കാണിക്കുന്ന ഗവര്‍ണര്‍ ഇപ്പോൾ മലർന്നുകിടന്ന് തുപ്പുകയാണെന്നും ജയരാജന്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു. കണ്ണൂരില്‍ വെച്ച് മീഡിയവണിനോടായിരുന്നു ജയരാജന്‍റെ പ്രതികരണം.

''കണ്ണൂർ വി.സിയുടെ നിയമനം ഒപ്പിട്ട് അംഗീകരിച്ച ആളാണ് ഗവർണർ. എന്നാൽ, ഇപ്പോൾ അദ്ദേഹം മലർന്ന് കിടന്ന് മുകളിലോട്ട് തുപ്പുകയാണ്. ഗവർണറുടേത് തറവേല. നടപടി എടുക്കുമെന്ന ഭീഷണി വിലപ്പോകില്ല''. എം.വി ജയരാജൻ തുറന്നടിച്ചു.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News