ചികിത്സാപിഴവ്: വിദഗ്ധ സമിതി രൂപീകരണത്തിന് മാർഗനിർദേശങ്ങളുമായി ഹൈക്കോടതി
സംസ്ഥാന സര്‍ക്കാര്‍ വിദഗ്ധ പാനലും, ഉന്നതാധികാര സമിതിയും രൂപികരിക്കണമെന്നാണ് കോടതി നിര്‍ദേശം
കൊച്ചി: ചികിത്സാപിഴവ് ആരോപിച്ചുള്ള കേസുകളിൽ തീരുമാനമെടുക്കാൻ വിദഗ്ധസമിതി രൂപീകരിക്കുന്നതിന് കരട് മാർഗരേഖയുമായി ഹൈക്കോടതി.
ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ വിദഗ്ധ പാനലും, ഉന്നതാധികാര സമിതിയും രൂപികരിക്കണമെന്നാണ് കോടതി നിർദേശം. രണ്ട് രോഗികൾ മരിച്ചതുമായി ബന്ധപ്പെട്ട് ഡോക്ടർമാർ പ്രതികളായ കേസ് പരിഗണിക്കുകയായിരുന്നു, ജസ്റ്റിസ് വി.ജി. അരുൺ. 12ഇന മാർഗരേഖയാണ് കോടതി പുറത്തിറക്കിയത്.
മാർഗരേഖകൾ:
- ചികിത്സാ പിഴവ് സംബന്ധിച്ച പരാതി ലഭിച്ച ഉടൻ, ലഭ്യമായ എല്ലാ രേഖകളും അന്വേഷണ ഉദ്യോഗസ്ഥൻ ശേഖരിക്കണം. ഡോക്ടറുടെ കുറിപ്പ്, നഴ്സിന്റെ ഡയറി, ഡ്യൂട്ടി ചാർട്ട്, ഷിഫ്റ്റ് വിവരങ്ങൾ, ഹാജർ നില, ലാബ് റിപ്പോർട്ട്, രോഗിയുടെയും ബന്ധുക്കളുടെയും സമ്മതപത്രം എന്നിവ ശേഖരിക്കണം.
- പരാതി മേലുദ്യോഗസ്ഥനെ അറിയിക്കുകയും, വിദഗ്ധരുടെ പാനൽ ചേരാൻ ആവശ്യപ്പെടുകയും വേണം.
- ചികിത്സാപിഴവ് പരാതി കൈകാര്യം ചെയ്യാൻ പ്രാപ്തരായ വിദഗ്ധ ഡോക്ടർമാരുടെ പട്ടിക, ജില്ലകളിൽ ഉണ്ടാകണം. ഈ പട്ടികയിൽ നിന്നാകണം, വിദഗ്ധ പാനലിലേക്ക് ഡോക്ടർമാരെ നിയോഗിക്കേണ്ടത്
- പാനൽ രൂപികരിച്ചാൽ, അവർ 30 ദിവസത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കണം
- പരാതിക്കാർക്കും ഡോക്ടർമാർക്കും നോട്ടീസ് നൽകണം. ഇരുകൂട്ടർക്കും പറയാനുള്ളത് കേൾക്കുകയും രേഖാമൂലം അവ നൽകാനും അനുവദിക്കണം.
- പ്രഥമദൃഷ്ട്യാ ചികിത്സാപിഴവ് ബോധ്യപ്പെട്ടാൽ, പ്രസ്തുത ഡോക്ടറെ വിളിച്ചുവരുത്തി ചികിത്സയുടെ പൂർണവിവരങ്ങൾ തേടണം
- പാനലിലെ ഓരോ അംഗങ്ങളുടെയും അഭിപ്രായം പ്രത്യേകമായി തന്നെ റിപ്പോർട്ടിൽ പരാമർശിക്കണം. ഇതിൽനിന്ന് വേണം അന്തിമ റിപ്പോർട്ട് നൽകാൻ.
- ചികിത്സ പിഴവ് ഉണ്ടായിട്ടുണ്ടോ ഇല്ലയോ, എവിടെ നിന്ന് സംഭവിച്ചു, ഡോക്ടറുടെ പിഴവാണോ തുടങ്ങിയവ വ്യക്തവും സ്പഷ്ടവുമായി റിപ്പോർട്ടിൽ പരാമർശിച്ചിരിക്കണം.
- അന്തിമ ദിഗമനത്തിൽ എത്തിയത് എന്തിൻറെ അടിസ്ഥാനത്തിലാണെന്ന് കാര്യകാരണസഹിതം റിപ്പോർട്ടിൽ വിശദീകരിക്കുകയും വേണം
- ആരെക്കുറിച്ചാണോ റിപ്പോർട്ട് തയ്യാറാക്കിയത് ആ വ്യക്തിക്ക് റിപ്പോർട്ടിന്റെ പകർപ്പ് നൽകണം. ചികിത്സപ്പിഴവ് ഇല്ല എന്നാണ് കണ്ടെത്തലെങ്കിൽ, റിപ്പോർട്ടിന്റെ പകർപ്പ് പരാതിക്കാർക്കും നൽകണം.
- വിദഗ്ധ പാനലിന്റെ കണ്ടെത്തലുകൾക്കെതിരെ അപ്പീൽ നൽകാൻ പരാതിക്കാർക്കും ഡോക്ടർമാർക്കും അവസരം ഉണ്ടാകണം
- സംസ്ഥാനതലത്തിൽ അപ്പീലുകൾ പരിഗണിക്കാൻ ഉന്നതാധികാര വിദഗ്ധ സമിതി വേണം. നിശ്ചിത സമയപരിധിക്കുള്ളിൽ അപ്പീൽ നൽകിയിട്ടുണ്ടെങ്കിൽ, അക്കാര്യത്തിൽ അന്തിമ തീരുമാനമായ ശേഷമേ, അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ട് സമർപ്പിക്കാവൂ.
നെഞ്ചിലേറ്റ കുത്തുമായി ആശുപത്രിയിലെത്തി ചികിത്സയ്ക്കിടെ കുന്നംകുളം സ്വദേശി മരിച്ച സംഭവത്തിലും, പന്തളത്തെ ഗർഭിണിയുടെ മരണത്തിലും പൊലീസ് കേസെടുത്തിരുന്നു. ഡോക്ടർമാർക്കെതിരായ ഈ കേസുകൾ മൂന്നുമാസത്തേക്ക് സ്റ്റേ ചെയ്യാനും ഇവരുടെ അപ്പീലുകളിൽ രണ്ടുമാസത്തിനുള്ളിൽ തീരുമാനമെടുക്കാനും ഉന്നതാധികാര - വിദഗ്ധ സമിതികൾക്ക് കോടതി നിർദേശം നൽകി.