മഴ തുടങ്ങി; വിഷപ്പാമ്പുകളെ സൂക്ഷിക്കണം

പലപ്പോഴും പാദരക്ഷകള്‍ക്ക് അകത്ത് തണുപ്പു തേടി പാമ്പുകള്‍ ചുരുണ്ടു കൂടി കിടക്കാറുണ്ട്

Update: 2025-05-22 13:47 GMT
Editor : Jaisy Thomas | By : Web Desk

കോഴിക്കോട്: കാലവര്‍ഷം ഇങ്ങെത്താറായി..ചെറുതായി മഴ കനത്ത് തുടങ്ങിയിട്ടുമുണ്ട്...പകര്‍ച്ചവ്യാധികൾക്കൊപ്പം ഈ മഴക്കാലത്ത് സൂക്ഷിക്കേണ്ട മറ്റൊന്ന് കൂടിയുണ്ട്...വിഷപ്പാമ്പുകൾ. മഴക്കാലമായാൽ വീട്ടിലും പറമ്പിലുമൊക്കെ പാമ്പ് ശല്യം കൂടാറുണ്ട്. പാമ്പ് കടിയേൽക്കുന്നവരുടെ എണ്ണവും വര്‍ധിക്കാറുണ്ട്. പാമ്പിൽ നിന്നും രക്ഷ നേടാൻ വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

ചില മുന്‍കരുതലുകള്‍

1.പലപ്പോഴും പാദരക്ഷകള്‍ക്ക് അകത്ത് തണുപ്പു തേടി പാമ്പുകള്‍ ചുരുണ്ടു കൂടി കിടക്കാറുണ്ട്. അശ്രദ്ധ മൂലം ഇത് വലിയ അപകടങ്ങള്‍ക്ക് കാരണമാവും. അത് കൊണ്ട് ഷൂസ് അടക്കമുള്ള പാദരക്ഷകള്‍ ഉപയോ​ഗിക്കുന്നവർ നല്ല പോലെ പരിശോധിച്ച് ഇഴജന്തുക്കള്‍ ഇല്ലെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രം അവ ധരിക്കുക.

Advertising
Advertising

2.വാഹനങ്ങള്‍ വീടിന് പുറത്ത് നിര്‍ത്തിയിടാറുള്ളതിനാല്‍ പലപ്പോഴും വാഹനങ്ങളുടെ പലഭാഗങ്ങളിലും ഇവ കയറിപ്പറ്റാറുണ്ട്. അതിനാല്‍ വാഹനങ്ങള്‍ അടിഭാഗമടക്കം പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷം ഓടിക്കുക.

3. പലപ്പോഴും കൂട്ടിയിട്ട വസ്ത്രങ്ങളില്‍ പാമ്പുകൾ ചുരുണ്ടു കൂടിക്കിടക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ വസ്ത്രങ്ങള്‍ കുന്ന് കൂട്ടിയിടാതിരിക്കുക.

4. മഴക്കാലത്തു പൊഴിയുന്ന ഇലകള്‍ക്കടിയിലും തണുപ്പുപറ്റി പാമ്പുകള്‍ കിടക്കാറുണ്ട്. അതിനാല്‍ സൂക്ഷിച്ച് മാത്രം നടക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.

5. മഴക്കാലത്ത് വീട്ടിനകത്തേക്ക് പാമ്പുകള്‍ പലവിധേനയും ഇഴഞ്ഞെത്താന്‍ സാധ്യതയുണ്ട്. അതിനാല്‍ വീട്ടുപകരണങ്ങള്‍ ഉയര്‍ത്തുമ്പോഴും മറ്റും സൂക്ഷ്മത പാലിക്കുക.

6. പൊട്ടിയ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍, വൈക്കോല്‍ തുടങ്ങി പാമ്പിന് കയറി ഇരിക്കാന്‍ കഴിയുന്ന വസ്തുക്കളെല്ലാം നീക്കം ചെയ്യുക.

7.പാമ്പു കടിയേറ്റാല്‍ ഒട്ടും വൈകിക്കാതെ ഉടന്‍ തന്നെ ചികിത്സ തേടുക

പാമ്പ് കടിയേറ്റാൽ

1. ഇന്ത്യയില്‍ ലഭ്യമായ പാമ്പിന്‍ വിഷത്തിനു എതിരായ ചികിത്സ (ASV) പ്രധാനപ്പെട്ട നാല് പാമ്പുകളുടെ വിഷത്തിനെതിരായി പ്രവര്‍ത്തിക്കുന്നതാണ് (Polyvalent). അത് കൊണ്ട് തന്നെ വിഷബാധ ഏറ്റെന്ന് ഉറപ്പുണ്ടെങ്കില്‍, പാമ്പിനെ തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും ചികിത്സ കൃത്യമായിരിക്കും.

2. പാമ്പിനെ തിരിച്ചറിയുന്നതിലുപരി, കടിയേറ്റ ആളുടെ ശാരീരികലക്ഷണങ്ങള്‍ നോക്കിയാണ് ഡോക്ടര്‍ ചികിത്സ നിര്‍ണയിക്കുന്നത്. ASV ഡോസ് നിശ്ചയിക്കപ്പെടുന്നതും ഇങ്ങനെയാണ്. ഈ ഡോസ് ആളുടെ പ്രായത്തിനെയോ പാമ്പ് കടിച്ച മുറിവിന്റെ വലിപ്പത്തിനെയോ മറ്റേതെങ്കിലും പൊതുവായ കാരണത്തിനോ അനുസരിച്ച് മാറുന്നതല്ല. മറിച്ച്, രോഗിയുടെ ശാരീരിക ലക്ഷണങ്ങള്‍ നോക്കിയാണ് വിഷത്തിന് എതിരെയുള്ള മരുന്ന് നല്‍കേണ്ട അളവ് തീരുമാനിക്കുന്നതും മറ്റു ശാരീരിക വിവശതകള്‍ പരിഹരിക്കുകയും ചെയ്യുന്നത്.

3. പാമ്പിനെ തിരഞ്ഞു സമയം കളയുന്നത് രോഗിയുടെ നില വഷളാക്കാം.

4. പിടിച്ചു കൊണ്ട് വരുന്നത് കടിച്ച പാമ്പിനെ തന്നെ ആകണമെന്നില്ല. പാമ്പുകള്‍ മിക്കതും പൊതുവായ വാസസ്ഥലങ്ങള്‍ ഉള്ളവയാണ്. ഒരു പരിസരത്ത് ഒന്നിലേറെ പാമ്പുകള്‍ ഉണ്ടാകാം. ചിലപ്പോള്‍ രോഗിയെ വിഷമില്ലാത്ത പമ്പ് കടിക്കുകയും പാമ്പിനെ തിരയുന്ന ആളെ വിഷപ്പാമ്പ് കടിക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യാം. വിഷമുള്ള ജീവിയെ കൈകാര്യം ചെയ്യാന്‍ വേണ്ടത് ധൈര്യമല്ല, വൈദഗ്ധ്യമാണ്. വിവേകത്തോടെ പ്രവര്‍ത്തിക്കുക.

പാമ്പ് കടിയേറ്റാല്‍ ഉടന്‍ ചെയ്യേണ്ടത്

പാമ്പ് കടിച്ചാല്‍ തിരിച്ചു കടിച്ചാല്‍ വിഷമിറങ്ങും എന്നൊക്കെ കേട്ടിട്ടുണ്ട്. ഇതൊരു തമാശയായി മാത്രമേ കരുതാനാവൂ. തിരിച്ചു കടിക്കാന്‍ പാമ്പിനെ തിരഞ്ഞു പോയാല്‍ രണ്ടാമതൊരു കടി കൂടി വാങ്ങിക്കാം എന്നതില്‍ കവിഞ്ഞു യാതൊരു പ്രയോജനവും ഉണ്ടാകാന്‍ സാധ്യതയില്ല.ഇത്തരം സാഹസങ്ങള്‍ക്ക്‌ മുതിരാതിരിക്കുക.

ഭയമുണ്ടാകുക സ്വാഭാവികം മാത്രമാണ്. പക്ഷെ, പരിഭ്രമവും ഓടി രക്ഷപ്പെടാനുള്ള ശ്രമവും ശരീരത്തിലെ രക്തചംക്രമണം വേഗത്തിലാക്കുകയും ഹൃദയം, വൃക്ക, തലച്ചോര്‍ എന്നിവിടങ്ങളില്‍ വിഷം പെട്ടെന്ന് എത്തിക്കുകയും ചെയ്യും. ഒറ്റക്കാണെങ്കില്‍, കടിയേറ്റ ഭാഗം ഹൃദയത്തിനെക്കാള്‍ താഴെ ആയിരിക്കാന്‍ ശ്രദ്ധിക്കുക. വിഷം പ്രധാന അവയവങ്ങളില്‍ എത്തുന്നത് വൈകിക്കാന്‍ ഇത് വഴി സാധിക്കും. കഴിയുന്നത്ര വേഗം ഫോണിലൂടെയോ മറ്റോ സഹായം അഭ്യര്‍ത്ഥിക്കുക. കടിയേറ്റ ഭാഗം അനക്കാതിരിക്കുന്നതിന് ജീവന്റെ വിലയുള്ള സമയമാണെന്ന് മനസിലാക്കുക.

തുണി കൊണ്ട് മുറുക്കി കെട്ടുന്നത് പൊതുവെ കാണപ്പെടുന്ന രീതി ആണെങ്കിലും പ്രത്യേകിച്ചു ഗുണമൊന്നും ഉള്ളതല്ല. മാത്രമല്ല, ഈ കെട്ട് അമിതമായി മുറുകുന്നത് വഴി കടിയേറ്റ ഭാഗത്തേക്കുള്ള രക്തയോട്ടം തടയപ്പെടുകയും ആ ഭാഗം ഉപയോഗശൂന്യമായി മാറുകയും ചെയ്യാനുള്ള സാധ്യതയുണ്ട്. ഇനി അഥവാ കെട്ടുന്നുവെങ്കില്‍, ഒരു വിരല്‍ കയറാനുള്ള അയവ് ഉണ്ടായിരിക്കണം. കൈകാലുകളിൽ ആണ് കടി ഏറ്റതെങ്കിൽ അണിഞ്ഞിരിക്കുന്ന വാച്ച്, ആഭരണങ്ങൾ തുടങ്ങിയവ ഊരിമാറ്റുക. പിന്നീട് നീർവീക്കം വന്നാൽ ഇവ ഇറുകി ബുദ്ധിമുട്ടുണ്ടാവാൻ സാധ്യതയുണ്ട്. മുറിവില്‍ നിന്നുമുള്ള രക്തപ്രവാഹമുണ്ടെകില്‍ മുറിവ് വൃത്തിയുള്ള തുണി കൊണ്ട് കെട്ടാം.

പാമ്പിനെ പിടിക്കാനോ പാമ്പിന്റെ ഫോട്ടോ പിടിക്കാനോ ശ്രമിച്ചു സമയം കളയേണ്ടതില്ല . മുന്‍പ് സൂചിപ്പിച്ചത് പോലെ പാമ്പിനെ തിരിച്ചറിയുന്നതും ചികിത്സയും തമ്മില്‍ വലിയ ബന്ധമില്ല. രോഗിക്ക് ആവശ്യമായ ചികിത്സ എത്രയും പെട്ടെന്ന് കൊടുക്കുക എന്നത് തന്നെയാണ് ഏറ്റവും പ്രധാനം. സുരക്ഷിതമായ അകലത്തില്‍ നിന്ന് മൊബൈലില്‍ ചിത്രമെടുക്കാന്‍ സാധിക്കുമെങ്കില്‍, പാമ്പ് വിഷമുള്ളതാണോ അല്ലയോ എന്നറിയാന്‍ ചികിത്സിക്കുന്ന ഡോക്ടറെ സഹായിച്ചേക്കും. ഇതിനു സാധിച്ചില്ലെങ്കിലും കുഴപ്പമില്ല. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News