സ്‌കൂൾ ബസിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ചുവീണ സംഭവം; കളക്ടർ റിപ്പോർട്ട് തേടി

ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടിയെ വീട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Update: 2022-09-02 10:12 GMT
Editor : banuisahak | By : Web Desk

കൊച്ചി: ആലുവയിൽ എൽകെജി വിദ്യാർത്ഥിനി സ്‌കൂൾ ബസിൽ നിന്ന് തെറിച്ചുവീണ സംഭവത്തിൽ റിപ്പോർട്ട് തേടി ജില്ലാ കളക്ടർ. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ ഉപ ഡയറക്ടർക്കും എടത്തല എസ്എച്ച്ഒക്കും കളക്ടർ നിർദേശം നൽകി. 

വ്യാഴാഴ്ച ഉച്ചക്ക് ശേഷമായിരുന്നു അപകടം. പെങ്ങാട്ടുശ്ശേരി അൽഹിന്ദ് സ്‌കൂളിന്റെ ബസിൽ നിന്നാണ് അപകടം ഉണ്ടായത്. ആലുവ സ്വദേശി യൂസുഫിന്റെ മകൾ ഫൈസ ഫാത്തിമ ബസിന്റെ എമർജൻസി വാതിൽ വഴി റോഡിലേക്ക് വീഴുകയായിരുന്നു. പിറകെ വന്ന ബസ് ബ്രെക്കിട്ടതിനാൽ വൻ ദുരന്തം ഒഴിവായി. വീഴുന്നത് കണ്ട നാട്ടുകാരാണ് ഓടിയെത്തി കുട്ടിയെ എടുത്തത്. സാരമായ പരിക്കില്ലെന്ന് കണ്ടതിനെ തുടർന്ന് തിരികെ ബസിൽ കയറ്റിവിടുകയായിരുന്നു.

Advertising
Advertising

സംഭവത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കുടുംബം എടത്തല പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കുട്ടിയെ ആശുപത്രിയില്‍ പോലും പ്രവേശിപ്പിക്കാതെ വീട്ടിലേക്ക് എത്തിച്ചെന്ന് കുടുംബം പരാതിയില്‍ പറയുന്നു. വീഴ്ചയുടെ ആഘാതത്തില്‍ കുട്ടി മലമൂത്രവിസര്‍ജനം നടത്തിയെന്നും അതുപോലും നോക്കാതെ ബസില്‍ കയറ്റിവിടുകയുമായിരുന്നെന്ന് കുടുംബം പറയുന്നു. ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടിയെ വീട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിക്ക് നടുവേദനയും ചതവുണ്ടെന്ന് ആശുപത്രിയില്‍ നിന്ന് സ്ഥിരീകരിച്ചതായി പരാതിയില്‍ പറയുന്നു. 

സ്കൂള്‍ അധികൃതരോ ബസ് ഡ്രൈവറോ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയ്യാറാകാത്തത് ഗുരുതരമായ വീഴ്ചയാണെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും പിതാവ് പരാതി നല്‍കി. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News