'25 കി.മി നടക്കുന്നുണ്ട്, പിന്നീട് രാഹുൽ കിടക്കരുതെന്നാണോ സിപിഎം പറയുന്നത്?': കെ.സി വേണുഗോപാൽ

രാഹുൽ ഗാന്ധിയുടേത് കണ്ടെയ്‌നർ യാത്രയാണെന്നായിരുന്നു സിപിഎം വിമർശനം

Update: 2022-09-13 05:59 GMT
Editor : afsal137 | By : Web Desk
Advertising

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും ഭാരത് ജോഡോ യാത്രയ്ക്കുമെതിരായ സിപിഎം വിമർശനത്തിൽ പ്രതികരണവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. രാഹുൽ ഗാന്ധിയുടേത് കണ്ടെയ്‌നർ യാത്രയാണെന്നായിരുന്നു സിപിഎം വിമർശനം. രാഹുൽ ഗാന്ധി ദിവസവും 25 കി.മി നടക്കുന്നത്. നടത്തത്തിന് ശേഷം രാഹുൽ കിടക്കരുതെന്നാണോ സിപിഎം ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഭാരത് ജോഡോ യാത്രയ്ക്കിടയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ജോഡോ യാത്ര കേരളത്തിൽ 18 ദിവസമുണ്ടെന്നും, ഉത്തർപ്രദേശിൽ രണ്ട് ദിവസം മാത്രമാണുള്ളതെന്നും സിപിഎം നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് ഇന്ത്യയെന്നു പറഞ്ഞാൽ കേരളം മാത്രമാണെന്ന് പറയുന്ന പാർട്ടിയായി സിപിഎം മാറിയെന്നായിരുന്നു കെ.സി വേണുഗോപാലിന്റെ മറുപടി. സിപിഎം വേറെ എവിടെയെങ്കിലും ഉണ്ടോയെന്നും അവർ പറയുന്നതിൽ എന്ത് കാര്യമാണിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഭാരത് ജോഡോ യാത്ര കന്യാകുമാരിയിൽ നിന്ന് കാശ്മീരിലേക്കാണ്. 10 സംസ്ഥാനങ്ങൾ കവർ ചെയ്യുന്നുണ്ട്. രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലും പോകുന്നു. രാഹുൽ ഗാന്ധി പോകാത്ത സ്ഥലങ്ങളിൽ പി.സി.സി പ്രസിഡന്റുമാരും മറ്റും വലിയ പദയാത്രകൾ സംഘടിപ്പിക്കുന്നുണ്ടെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ ടീഷർട്ടിന്റെ വിലയെ ചൊല്ലി വിമർശനങ്ങളുന്നയിച്ച ബി.ജെ.പിക്കും കെ.സി വേണുഗോപാൽ മറുപടി നൽകി. എന്തായാലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോട്ടിന്റെ വിലയില്ലല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഈ യാത്ര ബി.ജെ.പിയെയും സിപിഎമ്മിനെയും അലോസരപ്പെടുത്തിയിട്ടുണ്ട്. അത് തന്നെയാണ് തങ്ങളുടെ വിജയമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ സംസ്ഥാനത്തെ മൂന്നാംദിന പര്യടനം ഇന്ന് ആറ്റിങ്ങലിൽനിന്നാണ് ആരംഭിച്ചത്. ഇന്ന് ഉച്ചയ്ക്ക് കെ-റെയിൽ സമരത്തിന് പിന്തുണ തേടി സമരസമിതി രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. വൈകീട്ട് കല്ലമ്പലത്താണ് ഇന്നത്തെ യാത്രയുടെ സമാപനം.

യാത്രയുടെ സംസ്ഥാനത്തെ മൂന്നാംദിനത്തിന് കഴക്കൂട്ടത്തുനിന്ന് രാവിലെ ഏഴു മണിയോടെയാണ് തുടക്കമായത്. യാത്രയുടെ ആദ്യഘട്ടം ഉച്ചയ്ക്ക് ആറ്റിങ്ങലിൽ സമാപിക്കും. രണ്ടാംഘട്ടം വൈകിട്ട് നാലിന് ആറ്റിങ്ങലിൽനിന്ന് ആരംഭിച്ച് കല്ലമ്പലത്തും സമാപിക്കും. തലസ്ഥാനത്തെ പര്യടനം പൂർത്തിയാക്കി പദയാത്ര നാളെ കൊല്ലം ജില്ലയിലേക്കാണ് പ്രവേശിക്കുന്നത്. ഇന്നലെ നേമം വെള്ളായണിയിൽനിന്ന് ആരംഭിച്ച യാത്ര കഴക്കൂട്ടത്താണ് സമാപിച്ചത്. യാത്രയിലുടനീളം സ്ഥിരാംഗങ്ങൾക്കൊപ്പം സംസ്ഥാന-ജില്ലാ നേതാക്കളും അനുഗമിച്ചിരുന്നു. യാത്ര കിള്ളിപ്പാലത്ത് എത്തിയപ്പോൾ മുതലപ്പൊഴിയിൽ വള്ളംമറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച മൂന്നുപേരുടെയും കുടുംബാംഗങ്ങൾ രാഹുലിനെ കാണാനെത്തി. ശേഷം സെക്രട്ടറിയേറ്റ് വഴി പാളയത്ത് എത്തി. രക്തസാക്ഷി മണ്ഡപത്തിൽ രാഹുൽ പുഷ്പാർച്ചന നടത്തി.

ഇന്നലെ പട്ടം സെന്റ് മേരീസ് സ്‌കൂളിൽ കർദിനാൾ ബസേലിയോസ് ക്ലീമിസ് കാത്തോലിക്കാ ബാവ, ലത്തീൻ ആർച്ച് ബിഷപ്പ് തോമസ് നെറ്റോ, പാളയം ഇമാം വി.പി സുഹൈബ് മൗലവി, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ബിഷപ്പ് ജോസ് മാർ ബർണബാസ് സഫ്രഗൻ, ബിഷപ്പ് ജോജ്വോ മാർ ഇഗ്‌നാത്തിയോസ്, അടൂർ ഗോപാലകൃഷ്ണൻ, സൂര്യ കൃഷ്ണമിൂർത്തി, പെരുടമ്പടവം ശ്രീധരൻ, ഡോ. ഉമ്മൻ വി. ഉമ്മൻ തുടങ്ങിയ പ്രമുഖരുമായി രാഹുൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇവർക്കൊപ്പം ഉച്ചഭക്ഷണവും കഴിച്ചു. പിന്നീട് വിഴിഞ്ഞം സമരസമിതി നേതാക്കളുമായും കൂടിക്കാഴ്ച നടന്നു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ 150 ദിവസത്തെ ഭാരത് ജോഡോ യാത്രയ്ക്ക് സെപ്തംബർ ഏഴിന് തമിഴ്നാട്ടിലെ കന്യാകുമാരിയിലാണ് തുടക്കം കുറിച്ചത്. തമിഴ്നാട്ടിലെ പര്യടനം പൂർത്തിയാക്കി ജാഥ ഇന്നലെയാണ് കേരളത്തിൽ പ്രവേശിച്ചത്. സംസ്ഥാനത്ത് ഏഴു ജില്ലകളിലൂടെയാണ് യാത്ര കടന്നുപോകുന്നത്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News