'ബിഎല്‍ഒയുടെ ആത്മഹത്യയില്‍ കണ്ണൂര്‍ കലക്ടര്‍ പറയുന്നത് പച്ചക്കള്ളം,നവീൻ ബാബുവിന്റെ മരണത്തിലും ഉരുണ്ടു കളിച്ച ആളാണ് കലക്ടര്‍'; ജോയിന്റ് കൗൺസിൽ

അനീഷിന്റെ മരണത്തിൽ ഒന്നാമത്തെ കുറ്റക്കാരൻ ജില്ലാ കലക്ടറാണെന്നും ജോയിന്റ് കൗൺസിൽ നേതാക്കള്‍ ആരോപിച്ചു

Update: 2025-11-17 07:28 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: കണ്ണൂരില്‍ ബിഎല്‍ഒ അനീഷിന്‍റെ ആത്മഹത്യയിൽ കണ്ണൂര്‍ കലക്ടറുടെ റിപ്പോർട്ടിനെതിരെ സിപിഐയുടെ സംഘടന ജോയിന്റ് കൗൺസിൽ. മരണത്തിൽ കലക്ടർ പുറത്തുവിടുന്നത് തെറ്റായ വിവരമെന്ന് ജോയിന്റ് കൗൺസിൽ അറിയിച്ചു. ഫോമുകൾ കൃത്യമായി വിതരണം ചെയ്യാൻ കഴിഞ്ഞിട്ടില്ല. ചെയ്യാത്ത ജോലി ചെയ്തു എന്ന് പറയാൻ ബിഎല്‍ഒമാരെ നിർബന്ധിക്കുകയാണ്.നവീൻ ബാബുവിന്റെ മരണത്തിൽ ഉരുണ്ടു കളിച്ച ആളാണ് കണ്ണൂർ ജില്ലാ കലക്ടർ.ആത്മഹത്യയെ നിസാരവത്കരിക്കുന്ന സ്വഭാവം കലക്ടര്‍ക്കുണ്ട്. അതേ നിലപാടാണ് ബിഎൽഒയുടെ ആത്മഹത്യയിലും കലക്ടർ സ്വീകരിച്ചതെന്നും ജോയിന്റ് കൗൺസിൽ ആരോപിച്ചു. 

Advertising
Advertising

കലക്ടർ പറഞ്ഞത് പച്ചക്കള്ളമാണ്. എന്തിനുവേണ്ടിയാണ് കലക്ടർ കള്ളം പറയുന്നത് എന്ന് അറിയില്ല.ബിഎല്‍ഒമാരെ കൊണ്ട് കള്ളം പറയാൻ പ്രേരിപ്പിക്കുന്നു.അനീഷിന്റെ മരണത്തിൽ ഒന്നാമത്തെ കുറ്റക്കാരൻ ജില്ലാ കലക്ടറാണ്.ആത്മഹത്യക്ക് കാരണക്കാരായവർക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തണം.അനീഷിന്റെ മരണത്തിന് കാരണം ജോലി സമ്മർദമാണെന്നും സംഘടനാ നേതാക്കള്‍ അറിയിച്ചു.

എസ്ഐആര്‍ ജോലി സമ്മർദത്തെ തുടർന്നാണ് കണ്ണൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസറായ അനീഷ് ജോര്‍ജ് ജീവനൊടുക്കിയതെന്നാണ് കുടുംബം പറയുന്നത്.  അതേസമയം, ആത്മഹത്യയിൽ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ, കലക്ടറോട് റിപ്പോർട്ട് തേടിയിരുന്നു. ഇന്നലെ പള്ളിയിൽ പ്രാർഥനക്ക് പോയി തിരിച്ചെത്തിയ വീട്ടുകാരാണ് അനീഷ് ജോർജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. എസ്ഐആർ ജോലികൾ ചെയ്തിരുന്ന അനീഷ്, വലിയ മാനസിക സമ്മർദം നേരിട്ടിരുന്നുവെന്ന് കുടുംബം പറയുന്നു.

എസ്‌ഐആറുമായി ബന്ധപ്പെട്ട ജോലികളും ബിഎൽഒയുടെ മരണവും തമ്മിൽ വ്യക്തമായ ബന്ധമില്ലെന്ന് കണ്ണൂർ കലക്ടർ അരുൺ കെ വിജയൻ പറഞ്ഞു. എസ്ഐആറുമായി ബന്ധപ്പെട്ട് അനീഷ് ജോർജിന് സമ്മർദ്ദം ഉണ്ടാക്കിയിട്ടില്ല, സംഭവ ദിവസമോ അതിനു മുമ്പോ ഒരു ഉദ്യോഗസ്ഥനും സമ്മർദം ചെലുത്തിയിട്ടില്ലെന്നും, ഭീഷണിപ്പെടുത്തുന്ന സ്വഭാവമുള്ള നിർദേശങ്ങള്‍ നൽകിയിട്ടില്ലെന്നും കലക്ടർ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. പൊലീസ് അന്വേഷണം തുടരുന്നതായും കലക്ടര്‍ വ്യക്തമാക്കിയിരുന്നു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News