പ്രമുഖ പണ്ഡിതനും ജമാഅത്തെ ഇസ്ലാമി മുൻ സംസ്ഥാന ശൂറാ അംഗവുമായിരുന്ന കെ. അബ്ദുല്ലാ ഹസൻ സാഹിബ് അന്തരിച്ചു

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച് ഇസ്ലാമിക ദർശനം എന്ന ഗ്രന്ഥത്തിന്റെ അസിസ്റ്റന്റ് എഡിറ്റർ, ശാന്തപുരം ദഅവാ കോളേജ് പ്രിൻസിപ്പൽ, റിസർച്ച് സെന്റർ ഡയറക്ടർ, ഐ.പി.എച്ച്. ഡയറക്ടർ ബോർഡ് അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചു

Update: 2021-09-15 08:24 GMT
Editor : ubaid | By : ubaid

പ്രമുഖ പണ്ഡിതനും എഴുത്തുകാരനും ജമാഅത്തെ ഇസ്ലാമി മുൻ സംസ്ഥാന ശൂറാ അംഗവുമായിരുന്ന കെ. അബ്ദുല്ലാ ഹസൻ സാഹിബ് അന്തരിച്ചു. 1943-ൽ മലപ്പുറം ജില്ലയിലെ മഞ്ചേരിയിലാണ് ജനനം. കുറ്റ്യാടി ഇസ്ലാമിയാ കോളേജിലെ വിദ്യാഭ്യാസത്തിനുശേഷം 1959-1967-ൽ ശാന്തപുരം ഇസ്ലാമിയാ കോളേജിൽ പഠിച്ച് എഫ്.ഡി, ബി.എസ്.എസ്.സി. ബിരുദങ്ങൾ നേടി. അധ്യാപകനും ജമാഅത്തെ ഇസ്‌ലാമി മുഴുസമയ പ്രവർത്തകനുമായി. സകരിയ്യാ ബസാറിൽ മർകസുൽ ഉലൂം മദ്റസ സ്ഥാപിക്കുന്നതിന് നേതൃത്വം നൽകി. പിന്നീട് പ്രബോധനം മാസികയുടെ ചുമതല വഹിച്ചതോടൊപ്പം ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര പ്രതിനിധിസഭാംഗമായും കേരള കൂടിയാലോചനാ സമിതിയംഗമായും പ്രവർത്തിച്ചിട്ടുണ്ട്. 

Advertising
Advertising

1975-76-ൽ ഖത്തറിലെ അൽ മഅ്ദുദ്ദീനിയിൽ ഉപരിപഠനം. തുടർന്ന് 2001 വരെ ദോഹ മുനിസിപ്പാലിറ്റിയിൽ ഉദ്യോഗസ്ഥനായിരുന്നു. ഖത്വർ ഇന്ത്യൻ ഇസ്ലാമിക് അസോസിയേഷൻ സ്ഥാപകാംഗമാണ്. മൂന്ന് തവണ അതിന്റെ പ്രസിഡന്റായിട്ടുണ്ട്. 2001-ൽ നാട്ടിൽ തിരിച്ചെത്തിയ ശേഷം വീണ്ടും ജമാഅത് ശൂറയിലും നുമാഇൻദഗാനിലും അംഗമായി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച് ഇസ്ലാമിക ദർശനം എന്ന ഗ്രന്ഥത്തിന്റെ അസിസ്റ്റന്റ് എഡിറ്റർ, ശാന്തപുരം ദഅവാ കോളേജ് പ്രിൻസിപ്പൽ, റിസർച്ച് സെന്റർ ഡയറക്ടർ, ഐ.പി.എച്ച്. ഡയറക്ടർ ബോർഡ് അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചു. ഇസ്ലാമിക വിജ്ഞാനകോശം നിർമാണ സമിതി, ശാന്തപുരം അൽജാമിഅ അലുംനി അസോസിയേഷൻ നിർവാഹക സമിതി, ഇത്തിഹാദുൽ ഉലമാ കേരള പ്രവർത്തക സമിതി എന്നിവയിൽ അംഗമായിരുന്നു.

ഇബാദത്ത് ഒരു ലഘുപരിചയം, റമദാൻ ആചാരങ്ങളും അനുഷ്ഠാനങ്ങളും, സച്ചരിതരായ ഖലീഫമാർ (രണ്ട് ഭാഗം), സകാത്ത്: തത്ത്വവും പ്രയോഗവും, ബഹുസ്വര സമൂഹത്തിലെ മുസ്ലിംകൾ, മുസ്ലിം സ്ത്രീ: പ്രമാണങ്ങളിലും സമ്പ്രദായങ്ങളിലും, മുത്തുമാല (രണ്ടുഭാഗം), കർമശാസ്ത്രത്തിന്റെ കവാടം എന്നിവയാണ് പ്രധാന കൃതികൾ. ഇസ്ലാമിക വിജ്ഞാനകോശത്തിലും ആനുകാലികങ്ങളിലും ധാരാളമായി എഴുതിയിരുന്നു.

Tags:    

Writer - ubaid

contributor

Editor - ubaid

contributor

By - ubaid

contributor

Similar News