കലൂർ സ്റ്റേഡിയം സ്‌പോൺസർക്ക് വിട്ടുനൽകിയത് 'തട്ടിക്കൂട്ട് കരാറിൽ'; ഒത്തുകളിയുടെ കൂടുതൽ തെളിവുകൾ പുറത്ത്
സ്റ്റേഡിയം സ്‌പോൺസർക്ക് കൈമാറിയത് മൂന്നുപേർ ഒപ്പുവെച്ച ഒരു കത്തിനെ മാത്രം അടിസ്ഥാനമാക്കി
കൊച്ചി: അർജന്റീന മത്സരത്തിന്റെ പേരിൽ കലൂർ രാജ്യാന്തര സ്റ്റേഡിയം റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് ഒരു മാസത്തേക്കു കൈമാറിയത് മൂന്നു പേർ ഒപ്പിട്ട കടലാസിന്റെ ബലത്തിൽ. ഏതോ കരാറിന്റെ അനുബന്ധം എന്ന നിലയിൽ തയാറാക്കിയ കത്തിൽ ജിസിഡിഎ സെക്രട്ടറി, സ്‌പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് എൻജിനീയർ, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ജനറൽ മാനേജർ എന്നിവരാണ് ഒപ്പിട്ടിരിക്കുന്നത്. സ്‌പോൺസറുമായി ബന്ധമില്ലെന്ന ജിസിഡിഎ വാദമാണ് ഇതോടെ പൊളിയുന്നത്.
ജിസിഡിഎ ആണ് തൃകക്ഷി കരാറുമായി ബന്ധപ്പെട്ട കത്ത് തയാറാക്കിയിരിക്കുന്നത്. ജിസിഡിഎയ്ക്ക് സ്‌പോൺസർ കമ്പനിയായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡുമായി ഒരു ബന്ധവും ഇല്ലെന്ന വാദം പൊളിക്കുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന രേഖ. അർജന്റീന ഫുട്‌ബോൾ ടീമിന്റെ സൗഹൃദ മത്സരവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 24നു ഡയറക്ടർ ഓഫ് സ്‌പോർട്‌സ് ആൻഡ് യൂത്ത് അഫയേഴ്‌സിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയതാണ് സ്റ്റേഡിയം കൈമാറിക്കൊണ്ടുള്ള കത്ത്.
സ്റ്റേഡിയവും ചുറ്റുമുള്ള സ്ഥലവും ഉൾപ്പെടെ 31.11 ഏക്കർ സ്ഥലം സെപ്റ്റംബർ 26 മുതൽ നവംബർ 30 വരെ സ്‌പോർട്സ് കേരള ഫൗണ്ടേഷനും തുടർന്ന് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കും കൈമാറുന്നു എന്നാണ് ഒരു പേജ് കത്തിലെ വാചകങ്ങൾ. സ്‌പോർട്‌സ് കേരള ഫൗണ്ടേഷനാണു ജിസിഡിഎ സ്റ്റേഡിയം കൈമാറിയതെന്നാണ് ഇതു വരെയുള്ള വാദം. എന്നാൽ ജിസിഡിഎ സെക്രട്ടറി ഒപ്പിട്ടരേഖയിൽ സ്‌പോൺസർ കമ്പനി സ്റ്റേഡിയം ഏറ്റെടുക്കുന്ന കാര്യം പറയുന്നുണ്ടെന്നു മാത്രമല്ല അവരുടെ പ്രതിനിധി ഒപ്പിട്ടിട്ടുമുണ്ട്. ജിസിഡിഎ സെക്രട്ടറി സ്റ്റേഡിയം കൈമാറുന്നു, സ്‌പോർട്‌സ് ഫൗണ്ടേഷൻ ഏറ്റെടുക്കുന്നു, സ്‌പോൺസർ കമ്പനി ഏറ്റെടുക്കുന്നു എന്നാണ് കത്തിലുള്ളത്.
നിയമപ്രകാരമല്ലാത്ത ഒരു രേഖയിൽ ഒപ്പിടാൻ ജിസിഡിഎ സെക്രട്ടറിക്ക് അനുമതിയില്ല. സ്റ്റേഡിയം കൈമാറുമ്പോൾ എന്താണ് നടപടിക്രമമെന്നു കൃത്യമായി നിഷ്‌കർഷിച്ചിട്ടുണ്ട്.അലോട്‌മെന്റ് ഓർഡറോ, കരാറോ ഇല്ലാതെ ഇത്തരമൊരു രേഖയിൽ ഒപ്പിടാൻ പാടില്ല. സ്റ്റേഡിയത്തിനുണ്ടാക്കുന്ന നഷ്ടത്തിന്റെ ഉത്തരവാദിത്തം ആർക്കാണെന്നു നിശ്ചയിക്കാതെയും പരിപാടി നടത്തുമ്പോൾ ജിസിഡിഎയുടെ വിഹിതം എന്താണെന്നു നിശ്ചയിക്കാതെയുമാണ് ഉടമ്പടി. വാടകയോ പ്രതിഫലത്തിന്റെ വിഹിതമോ വേണ്ടെന്നു സർക്കാർ നിർദേശിച്ചിട്ടുണ്ടെങ്കിൽ ആ ഉത്തരവു സംബന്ധിച്ച സു ചന ഇതിൽ വേണമെന്നിരിക്കെ അതും കത്തിൽ സൂചിപ്പിച്ചിട്ടില്ല.