കലൂർ സ്റ്റേഡിയം നവീകരണത്തിന് നൽകിയത് മന്ത്രിയുടെ നിർദേശപ്രകാരം- ജിസിഡിഎ
നടപടികളിൽ സുതാര്യത ഇല്ലെന്ന് ഉമ തോമസ് എംഎൽഎ
കൊച്ചി: കലൂർ സ്റ്റേഡിയം നവീകരണത്തിനായി കൈമാറിയത് കായിക മന്ത്രിയുടെ നിർദേശ പ്രകാരമാണെന്ന വിശദീകരണവുമായി ജിസിഡിഎ. നടപടികളിൽ സുതാര്യത ഇല്ലെന്ന് സ്ഥലം എം.എൽ.എ ഉമ തോമസും ഇല്ലാത്ത കരാർ ഉണ്ടാക്കാനുള്ള തന്ത്രപ്പാടിലാണ് ജിസിഡിഎ എന്ന് കോൺഗ്രസും കുറ്റപ്പെടുത്തി. ജിസിഡിഎ കൃത്യമായ മറുപടി പറഞ്ഞിട്ടുണ്ടെന്നും സ്‌പോൺസറെ കണ്ടെത്തിയത് സുതാര്യമായ നടപടികളിലൂടെയാണെന്നും കായിക മന്ത്രി വി.അബ്ദുറഹ്മാനും പ്രതികരിച്ചു.
2024 ൽ സ്‌പോൺസർക്ക് മൽസരം സംഘടിപ്പിക്കാനുള്ള അനുമതി ലഭിച്ചതിന് പിന്നാലെ സർക്കാരിന്റെ കത്ത് ലഭിച്ചെന്നും 2025 സെപ്റ്റംബർ 19 ന് കായിക മന്ത്രിയുടെ നിർദേശ പ്രകാരമാണ് സ്റ്റേഡിയം കൈമാറിയതെന്നുമാണ് ജിസിഡിഎ വിശദീകരണം. സ്‌പോർട്‌സ് കേരളാ ഫൗണ്ടേഷനായിരുന്നു നടത്തിപ്പ് ചുമതല. സെപ്റ്റംബർ 25 ന് ചേർന്ന ജിസിഡിഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ഇക്കാര്യം ചർച്ച ചെയ്‌തെന്നും ജിസിഡിഎ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. എന്നാൽ, കൂടിയാലോചനകൾ നടത്തിയിട്ടില്ലെന്നും നടപടികളിൽ സുതാര്യതയില്ലെന്നുമാണ് ജിസിഡിഎയുടെ ജനറൽ കൗൺസിൽ അംഗവും സ്ഥലം എംഎൽഎയുമായ ഉമ തോമസിന്റെ വാദം.
വിശ്വാസമില്ലാത്ത ഒരാളെ കൂട്ടുപ്പിടിച്ച് വൻ കൊള്ളക്ക് സർക്കാർ ശ്രമിച്ചെന്നാണ് കോൺഗ്രസ് ആരോപണം. സ്‌പോൺസറുടെ മുൻകാല ചരിത്രവും പണത്തിന്റെ ഉറവിടം ആന്വേഷിക്കമെന്നും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആവശ്യപ്പെട്ടു. സ്റ്റേഡിയത്തിലെ പോരായ്മകൾ പരിഹരിച്ച് ഫിഫയുടെ അനുമതി ലഭിച്ചാൽ കളി നടക്കുമെന്നും സ്‌പോൺസറെ കണ്ടെത്തിയത് സുതാര്യമായ നടപടികളിലൂടെയാണെന്നും കായിക മന്ത്രി വി.അബ്ദുറഹ്മാൻ പറഞ്ഞു. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി നവംബർ 30 തിനകം സ്റ്റേഡിയം കൈമാറുമെന്നാണ് സ്‌പോൺസർമാരുടെ വിശദീകരണം. അപ്പോഴും കരാറിലെ അവ്യക്തത നില നിൽക്കുകയാണ്.