സി.കെ.ആശയെ പരസ്യത്തിൽ നിന്ന് ഒഴിവാക്കിയതിൽ പരാതിയില്ല: കാനം
സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി വി ബി ബിനുവാണ് സി കെ ആശയുടെ ചിത്രം ഒഴിവാക്കിയതിനെതിരെ പരസ്യമായി രംഗത്തെത്തിയത്
കാനം രാജേന്ദ്രൻ
കോട്ടയം: വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിന്റെ പിആർഡി പരസ്യത്തിൽ നിന്ന് സികെ ആശ എംഎൽഎയെ ഒഴിവാക്കിയെന്ന ആരോപണത്തിൽ കഴമ്പില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ആശയെ ഒഴിവാക്കിയതിൽ പരിഭവമില്ല, പ്രോട്ടോകോൾ അറിയാത്തവരാണ് വിവാദത്തിന് കാരണം ജില്ലാ കമ്മിറ്റിക്ക് അങ്ങനെ ഒരു പരാതി ഉള്ളതായി അറിയല്ലെന്നും കാനം തൃശൂരിൽ പറഞ്ഞു.
പരിപാടിയുമായി ബന്ധപ്പെട്ട് പരാതികളൊന്നുമുണ്ടായിട്ടില്ലെന്ന് സംഘാടകരിലൊരാളായിരുന്ന മന്ത്രി വിഎൻ വാസവനും വിശദീകരിച്ചിരുന്നു. പരസ്യവുമായി ബന്ധപ്പെട്ട് പിആർഡിക്ക് തെറ്റു പറ്റിയിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി വി ബി ബിനുവാണ് സി കെ ആശയുടെ ചിത്രം ഒഴിവാക്കിയതിനെതിരെ പരസ്യമായി രംഗത്തെത്തിയത്. പിആർഡി നൽകിയ പരസ്യത്തിൽ സി കെ ആശ എംഎൽഎയുടെ പേര് ഉണ്ടാകേണ്ടതായിരുന്നുവെന്നും ഒഴിവാക്കിയതിൽ സിപിഐക്ക് പരാതിയുണ്ടെന്നും ഇത് സർക്കാരിനെ അറിയിച്ചുവെന്നുമാണ് ബിനു പറഞ്ഞത്.
അതേസമയം, വൈക്കം ശതാബ്ദി ആഘോഷവേദിയിൽ അവഗണിച്ചെന്ന വാർത്ത അവാസ്തവമാണെന്ന് സി.കെ ആശ എം.എൽ.എ പറഞ്ഞു. അർഹമായ പ്രാതിനിധ്യമാണ് എംഎൽഎ എന്ന നിലയിൽ ലഭിച്ചത്. പിആർഡി പരസ്യത്തിൽ തന്റെ പേര് ഉൾപ്പെടുത്തത്ത് ന്യൂനതയാണ് ഇക്കാര്യം സർക്കാർ ശ്രദ്ധിക്കുമെന്നും സി.കെ ആശ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.