കെ.സി വേണുഗോപാലിനെതിരായ സൈബറാക്രമണം; പ്രതികൾ അഞ്ചുപേരും കോൺഗ്രസ് അനുഭാവികൾ
കോൺഗ്രസ് നേതാവ് ജോൺസൺ എബ്രഹാമിന്റെ പരാതിയിൽ രണ്ടു മാസത്തിനുശേഷമാണ് കേസെടുത്തത്
തിരുവനന്തപുരം: കെ.സി വേണുഗോപാലിന് എതിരായ സൈബര്‍ ആക്രമണത്തില്‍ അഞ്ചുപേർക്കെതിരെ കേസെടുത്ത് സൈബർ പൊലീസ്. പ്രതികൾ അഞ്ചുപേരും കോൺഗ്രസ് അനുഭാവികളാണ്. കോൺഗ്രസ് നേതാവ് ജോൺസൺ എബ്രഹാമിന്റെ പരാതിയിൽ രണ്ടു മാസത്തിനുശേഷമാണ് കേസെടുത്തത്.
പ്രതികളായ രണ്ടുപേരുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ മുഖ്യമന്ത്രിക്കൊപ്പമുള്ള ഫോട്ടോകളും ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ആലപ്പുഴ സൈബർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
സിജു കെ. സാമുവൽ, ഹംസ കെ.പി, ജാഫർ കെ. അലിയാർ, അബ്ദുൽ ഖാദർ, റഷി പി.സി. പുലമോൾ എന്നീ പ്രൊഫൈലുകളുടെ ഉടമകൾക്കെതിരെയാണ് ഐ.ടി ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസ് എടുത്തിരിക്കുന്നത്. ഇവരെല്ലാം കോൺഗ്രസ് അനുഭാവികളാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. രണ്ട് പ്രതികൾ മുഖ്യമന്ത്രിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും ഫെയ്സ്ബുക്ക് പ്രൊഫൈലിൽ ഉപയോഗിച്ചിട്ടുണ്ട്.
അന്വേഷണത്തിന് സൈബർ വിഭാഗം ഐജിയെ ആഭ്യന്തരമന്ത്രി ചുമതലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആലപ്പുഴ സൈബർ ക്രൈം പൊലീസ് എഫ്ഐഅർ രജിസ്റ്റർ ചെയ്തത്. പരാതി നല്‍കി രണ്ടുമാസത്തിന് ശേഷമാണ് പൊലീസ് അന്വേഷണം നടത്തിയത്. ഡിജിപിക്ക് നേരിട്ട് നല്‍കിയ പരാതിയില്‍ രണ്ടുമാസക്കാലം പൊലീസ് ഒരു നടപടിയും എടുത്തിരുന്നില്ല.
സൈബര്‍ ആക്രമണം നടത്തിയ അക്കൗണ്ടുകളുടെ വിവരങ്ങള്‍ സഹിതമാണ് ജോണ്‍സണ്‍ പരാതി നല്‍കിയത്. ആഭ്യന്തരമന്ത്രിക്ക് വീണ്ടും പരാതി നല്‍കിയതോടെയാണ് സൈബര്‍ സെല്‍ ഐജിയെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്.