പാലാ നഗരസഭയിൽ കേരള കോൺഗ്രസ് എമ്മിൽ ഭിന്നത രൂക്ഷം; ചെയർമാൻ രാജി വച്ചില്ലെങ്കിൽ അവിശ്വാസ പ്രമേയത്തെ പിന്തുണക്കാൻ തീരുമാനം
നഗരസഭാധ്യക്ഷൻ ഷാജു വി.തുരുത്തനെ ഇന്നലെ പുലർച്ചെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കോട്ടയം: പാലാ നഗരസഭയിൽ കേരള കോൺഗ്രസ് എമ്മിൽ ഭിന്നത രൂക്ഷം. പാർട്ടി അന്ത്യശാസനം തള്ളി ഷാജു വി തുരുത്തേൽ ചെയർമാൻ സ്ഥാനം രാജിവെക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ്. ഷാജു വി തുരുത്തേലിന് രാജിവെക്കാൻ രാവിലെ 11 മണിവരെ നേതൃത്വം സമയം നൽകി. എന്നിട്ടും രാജിവെച്ചില്ലെങ്കിൽ ചെയർമാനെതിരായ UDF അവിശ്വാസത്തെ പിന്തുണയ്ക്കാനാണ് കേരളാ കോൺഗ്രസ് എം തീരുമാനം.
ധാരണയനുസരിച്ച് ഷാജു അധ്യക്ഷസ്ഥാനം രാജിവയ്ക്കണമെന്നാണ് കേരള കോൺഗ്രസ് (എം) നേതൃത്വം ആവശ്യപ്പെടുന്നത്. കൗൺസിലർ തോമസ് പീറ്ററിന് അവസാനത്തെ 9 മാസം നഗരസഭാധ്യക്ഷ സ്ഥാനം നൽകുന്നതു സംബന്ധിച്ച് കരാർ ഉണ്ടായിരുന്നതായും കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു പറഞ്ഞു.
അതിനിടെ, നഗരസഭാധ്യക്ഷൻ ഷാജു വി.തുരുത്തനെ ഇന്നലെ പുലർച്ചെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് നിലവിൽ ഷാജു.