കുഞ്ഞാലിക്കുട്ടിയുടെ മകന്റെ ബെൻസും റേഞ്ച് റോവറും ഇനി 'KERALA STATE 2’; ചെലവ് ആര് വഹിക്കും?
മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പൊതുഭരണ വകുപ്പിന് നൽകിയ അപേക്ഷയിലാണ് അനുമതി നൽകിയത്
തിരുവനന്തപുരം: വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് മകന്റെ ഉടമസ്ഥതയിലുള്ള മൂന്ന് കാറുകളിൽ ഔദ്യോഗിക 'കേരള സ്റ്റേറ്റ് നമ്പർ 2' ബോർഡ് പ്രദർശിപ്പിക്കാൻ പൊതുഭരണ വകുപ്പിന്റെ പ്രത്യേക അനുമതി.
മകൻ ഹാസിഖ് പാണ്ടിക്കടവത്തിന്റെ പേരിലുള്ള റേഞ്ച് റോവർ, ഇന്നോവ, മെഴ്‌സിഡസ് ബെൻസ് എന്നീ വാഹനങ്ങൾക്കാണ് ഔദ്യോഗിക വാഹനത്തിന് പുറമെ ഈ ഇളവ് അനുവദിച്ചത്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പൊതുഭരണ വകുപ്പിന് നൽകിയ പ്രത്യേക കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയിരിക്കുന്നത്.
ചട്ടപ്രകാരം മന്ത്രിമാർക്കോ ജനപ്രതിനിധികൾക്കോ സ്വന്തമായോ അടുത്ത കുടുംബാംഗങ്ങളുടെ പേരിലോ ഉള്ള സ്വകാര്യ വാഹനങ്ങളിൽ ഔദ്യോഗിക ബോർഡ് വെക്കാൻ അപേക്ഷ നൽകി അനുമതി നേടാവുന്നതാണ്. മന്ത്രി സംസ്ഥാനത്തിനകത്ത് സഞ്ചരിക്കുമ്പോൾ മാത്രമേ ഈ മൂന്ന് വാഹനങ്ങളിലും 'കേരള സ്റ്റേറ്റ് നമ്പർ 2' ബോർഡ് വെക്കാൻ അനുവാദമുള്ളൂ. മന്ത്രി വാഹനത്തിൽ ഇല്ലാത്ത സമയങ്ങളിൽ ബോർഡ് പൂർണമായും കവർ ചെയ്യണം . സ്വകാര്യ വാഹനങ്ങൾ ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുമ്പോഴുള്ള ഇന്ധനച്ചെലവോ അറ്റകുറ്റപ്പണികളോ സർക്കാർ വഹിക്കില്ല, അവ സ്വന്തം നിലയിൽ വഹിക്കണം.
മുമ്പ് കെ.എം. ഷാജി ഉൾപ്പെടെയുള്ള നേതാക്കളുടെ വാഹനങ്ങളിലെ ഔദ്യോഗിക ബോർഡ് ഉപയോഗം വലിയ വിവാദങ്ങൾക്കും ന്യായീകരണങ്ങൾക്കും വഴിവെച്ചിരുന്നിടത്താണ്, നിയമപരമായി മുൻകൂട്ടി അപേക്ഷ നൽകി സർക്കാർ ഉത്തരവ് സമ്പാദിച്ചത്.