കനത്ത മഴ; പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവേശനം അനുവദിക്കില്ല
തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് തുടർന്ന് പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവേശനം ഉണ്ടാവില്ലെന്നാണ് അറിയിപ്പ്. മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽകൂടിയാണ് അടച്ചത്. കല്ലാർ-പൊന്മുടി റോഡിൽ പന്ത്രണ്ടാം വളവിലും ഇരുപത്തിരണ്ടാം വളവിന് അടുത്ത് ഇടിയകോവിലിന് സമീപത്ത് മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. ഇന്നലെ രാത്രി മലയോര മേഖലയിൽ ശക്തമായ മഴ പെയ്തതിനെ തുടർന്നാണ് മണ്ണിടിച്ചിലുണ്ടായത്.
അതേസമയം, സംസ്ഥാനത്ത് അതിശക്തമായ മഴ നിലനിൽക്കുന്ന സാഹചര്യത്തിൽ രണ്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളിലാണ് റെഡ് അലർട്ട്. 10 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്. നാളെ പാലക്കാട് ഇടുക്കി ജില്ലകളിൽ റെഡ് അലർട്ടാണ്. പത്തനംതിട്ട കോട്ടയം എറണാകുളം തൃശ്ശൂർ മലപ്പുറം ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടാണ്.