ശക്തമായ മഴ: പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. നാളെ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിംഗ് ക്ലാസ്സുകൾ, സ്പെഷ്യൽ ക്ലാസ്സുകൾ തുടങ്ങി എല്ലാ പഠനകേന്ദ്രങ്ങൾക്കും അവധി ബാധകമായിരിക്കും. അതേസമയം, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതു/സർവകലാശാലാ പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ലെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് മാത്രമായി നാളെ അവധി പ്രഖ്യാപിച്ചു. മഴ കുറഞ്ഞുനിൽക്കുന്നതിനാൽ മറ്റ് സ്കൂളുകൾക്ക് അവധി ബാധകമല്ല.
കാസർകോട് ജില്ലയിൽ ഇന്ന് മഞ്ഞ അലർട്ടാണ്. നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിലും മറ്റന്നാൾ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും മഞ്ഞ അലർട്ട് ആയിരിക്കും.
കുറഞ്ഞ സമയം കൊണ്ട് വലിയ അളവിൽ മഴ പെയ്യുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ മലവെള്ളപ്പാച്ചിൽ, മിന്നൽ പ്രളയം, നഗരപ്രദേശങ്ങളിലെ വെള്ളക്കെട്ട് എന്നിവയ്ക്ക് സാധ്യതയേറെയാണ്. കൂടാതെ തുടർച്ചയായ മഴ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും കാരണമായേക്കാമെന്നതിനാൽ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.