ചേരാനല്ലൂർ വാഹനാപകടം: പതിനേഴുകാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു; ജുവനൈൽ ജസ്റ്റിസ് ബോർഡിലും ഹാജരാക്കിയില്ല!
കേസിന്റെ ആദ്യഘട്ടത്തിൽ തന്നെ ദുർബലമായ വകുപ്പുകൾ മാത്രമാണ് പൊലീസ് ചുമത്തിയത്
കൊച്ചി: കൊച്ചി ചേരാനല്ലൂരിൽ 56കാരന്റെ ജീവനെടുത്ത വാഹനാപകടത്തിൽ വാഹനം ഓടിച്ചിരുന്ന പ്രായപൂർത്തിയാകാത്ത 17കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കേസിൽ പ്രതിയായ കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിൽ പോലും ഹാജരാക്കിയിട്ടില്ല.
ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് ചേരാനല്ലൂർ മാനാപ്പുറം അമ്പലത്തിന് സമീപം അപകടമുണ്ടായത്. അഡീഷണൽ ഡിസ്ട്രിക്ട് ജഡ്ജി റെനോ ഫെർണാണ്ടിസിന്റെ ഉടമസ്ഥതയിലുള്ള ബെൻസ് കാറാണ് അപകടത്തിൽപെട്ടത്. അമിതവേഗതയിലെത്തിയ കാർ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ജയബാലകൃഷ്ണൻ എന്ന വ്യക്തിയുടെ വാഹനത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അദ്ദേഹം സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
അപകടത്തിന് പിന്നാലെ നാട്ടുകാർ ചേർന്ന് കുട്ടിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കേസിന്റെ ആദ്യഘട്ടത്തിൽ തന്നെ ദുർബലമായ വകുപ്പുകൾ മാത്രമാണ് പൊലീസ് ചുമത്തിയത്. ഐപിസി 305-ാം വകുപ്പ് പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഗുരുതരമായ വകുപ്പ് ചുമത്താത്തതിനാൽ പതിനേഴുകാരന് സ്റ്റേഷൻ ജാമ്യം ലഭിക്കാനുള്ള സാഹചര്യം ഒരുങ്ങുകയായിരുന്നു.
പ്രായപൂർത്തിയാകാത്ത കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടായിരുന്നെങ്കിലും അതും ഉണ്ടായില്ല. എന്നാൽ, അന്വേഷണ റിപ്പോർട്ടുകൾ സമർപ്പിച്ചതിനുശേഷം പിന്നീട് കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിലേക്ക് അയക്കുമെന്നാണ് പൊലീസിൻ്റെ വിശദീകരണം.
കാറോടിക്കാനുള്ള ആഗ്രഹം മൂലം വീട്ടുകാരുടെ അറിവില്ലാതെയാണ് താൻ വാഹനവുമായി പുറത്തിറങ്ങിയതെന്നാണ് കുട്ടി പൊലീസിന് നൽകിയ മൊഴി. ഇരുട്ടും മഴയുമുള്ള സമയമായതിനാൽ റോഡിൽ വാഹനങ്ങൾ കണ്ടിരുന്നില്ലെന്നും സ്കൂട്ടർ ശ്രദ്ധയിൽപെട്ടില്ലെന്നും പതിനേഴുകാരൻ മൊഴി നൽകി.
കുട്ടിയുടെ രക്തം പരിശോധിച്ചതിൽ മദ്യം ഉപയോഗിച്ചിട്ടില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. അശ്രദ്ധമായ ഡ്രൈവിങ്ങാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം കാറോടിച്ച കുട്ടി അഡീഷണൽ ഡിസ്ട്രിക്ട് ജഡ്ജിയുടെ മകനായതിനാൽ കേസിന്റെ തുടക്കം മുതൽ നിയമപരമായ പ്രത്യേക പരിഗണനയും ആനുകൂല്യങ്ങളും ലഭിച്ചതായി ആരോപണങ്ങൾ ഉയരുന്നുണ്ട്. കാറിന്റെ ആർസി ഉടമ ജഡ്ജി ആയതുകൊണ്ട് അദ്ദേഹത്തിനെതിരെ കൂടി കേസെടുക്കേണ്ടതുണ്ട്. എന്നാൽ ഇത്തരം നടപടികളിലേക്ക് പൊലീസ് കടന്നിട്ടില്ല.