സെക്രട്ടറിയേറ്റില്‍ തീപ്പിടിത്തമുണ്ടായത് ഫാന്‍ മോട്ടോര്‍ ചൂടായി പ്ലാസ്റ്റിക് ഉരുകി വീണ്; അട്ടിമറിയില്ലെന്ന് അന്വേഷണ റിപ്പോർട്ട്

സെക്രട്ടറിയേറ്റിൽ തീപ്പിടിത്തമുണ്ടായി നാളെ ഒരു വർഷം പൂർത്തിയാകുമ്പോഴാണ് അട്ടിമറി സാധ്യതകൾ തള്ളി അന്വേഷണ റിപ്പോർട്ട് പുറത്തുവന്നത്.

Update: 2021-08-24 12:30 GMT
Editor : ijas

സെക്രട്ടേറിയറ്റ് തീപ്പിടിത്തത്തില്‍ അട്ടിമറിയില്ലെന്ന് പൊലീസിന്‍റെ അന്തിമ അന്വേഷണ റിപ്പോർട്ട്. തീപ്പിടിത്തമുണ്ടായത് ഫാന്‍ മോട്ടോര്‍ ചൂടായി പ്ലാസ്റ്റിക് ഉരുകി വീണാണെന്ന് വ്യക്തമാക്കി പൊലീസ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. സ്ഥലത്ത് നിന്ന് മദ്യക്കുപ്പി കണ്ടെത്തിയതില്‍ വകുപ്പുതല അന്വേഷണത്തിനും ശിപാർശ ചെയ്യുന്നതാണ് റിപ്പോർട്ട്. സെക്രട്ടറിയേറ്റിൽ തീപ്പിടിത്തമുണ്ടായി നാളെ ഒരു വർഷം പൂർത്തിയാകുമ്പോഴാണ് അട്ടിമറി സാധ്യതകൾ തള്ളി പൊലീസ് പ്രത്യേക സംഘത്തിന്‍റെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നത്. ഫോറൻസിക് പരിശോധനാ ഫലമടക്കം ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം സി.ജെ.എം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.

Advertising
Advertising

തീപ്പിടിത്തമുണ്ടായത് ഫാന്‍ മോട്ടോര്‍ ചൂടായി പ്ലാസ്റ്റിക് ഉരുകി വീണാണെന്നും ഫാന്‍ ഓണാക്കിയത് രാവിലെ 9:30നാണെന്നും തീപ്പിടിത്തമുണ്ടായത് 3:30നാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഏറെ നേരം ഓണ്‍ ആയി കിടന്ന ഫാനിന്‍റെ മോട്ടോർ തകരാറിലാവുകയും ചൂട് വര്‍ധിച്ച് പ്ലാസ്റ്റിക് പുറംചട്ട ഉരുകി തൊട്ടു താഴെയുണ്ടായിരുന്ന കടലാസില്‍ വീണ് തീപിടിച്ചു. അഗ്നിബാധയുണ്ടായ ദിവസം ശുചീകരണ തൊഴിലാളികള്‍ മാത്രമാണ് ഓഫീസില്‍ പ്രവേശിച്ചത്. ഫാൻ ഓഫ് ചെയ്യുന്നതില്‍ തൊഴിലാളികള്‍ക്ക് അശ്രദ്ധയുണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്.

കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജീസിലും അന്വേഷണത്തിന്‍റെ ഭാഗമായി സാമ്പിൾ പരിശോധന നടത്തിയിരുന്നു. ഓഫീസിലെ ഉദ്യോഗസ്ഥരുടെ അടക്കം മൊബൈല്‍ ടവര്‍ ലൊക്കേഷൻ പരിശോധിച്ചെങ്കിലും സ്ഥലത്തുണ്ടായിരുന്നില്ല എന്നാണ് കണ്ടെത്തൽ.

2020 ഓഗസ്റ്റ് 25ന് വൈകിട്ടായിരുന്നു പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപ്പിടുത്തമുണ്ടായത്. സ്വർണക്കടത്ത് കേസിൽ സെക്രട്ടറിയേറ്റിൽ കേന്ദ്ര ഏജൻസികൾ പരിശോധന നടത്തുന്ന കാലയളവിൽ നടന്ന തീപ്പിടുത്തം അട്ടിമറിയാണെന്ന് പ്രതിപക്ഷ ആരോപണം ഉയർന്നിരുന്നു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News