Writer - അൻഫസ് കൊണ്ടോട്ടി
anfas123
തിരുവനന്തപുരം: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടറെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ജീവൻ രക്ഷാ സമരം പ്രഖ്യാപിച്ച് കെജിഎംഒഎ. കേരളത്തിലെ സർക്കാർ ആശുപത്രികളിലെ അരക്ഷിതാവസ്ഥയും സുരക്ഷാ വീഴ്ചയും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നവംബർ ഒന്ന് മുതലാണ് സമരം പ്രഖ്യാപിച്ചത്.
'തുടർച്ചയായി നൽകപ്പെട്ട ഉറപ്പുകൾ അവഗണിച്ചു കൊണ്ട് ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷിതമായ തൊഴിലിടങ്ങൾ ഉറപ്പാക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുന്നു എന്നത് തികച്ചും നിരാശാജനകമാണ്. നിരന്തരമായി ഉണ്ടാകുന്ന ആശുപത്രി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ആശുപത്രികളെ അതിസുരക്ഷാ മേഖലകളായി പ്രഖ്യാപിക്കണമെന്ന് ദീർഘകാലമായി സംഘടന മുന്നോട്ടുവച്ചിട്ടുള്ള ആവശ്യം ഇതേവരെ യാഥാർത്ഥ്യമായിട്ടില്ല. ഡോ. വന്ദനാ ദാസിൻ്റെ ദാരുണമായ കൊലപാതകത്തെത്തുടർന്നുള്ള പ്രതിഷേധ സമരങ്ങളുടെ പശ്ചാത്തലത്തിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ഉന്നതതല യോഗത്തിൽ കൈക്കൊണ്ട സുപ്രധാന തീരുമാനങ്ങളിൽ പലതും ഇപ്പോഴും നടപ്പിലായിട്ടില്ല. സുശക്തമായ ആശുപത്രി സംരക്ഷണ നിയമം രൂപീകരിച്ചതും കസ്റ്റഡിയിൽ ഉള്ള പ്രതികളുടെ മെഡിക്കൽ പരിശോധന സംബന്ധിച്ച മാനദണ്ഡങ്ങൾ പരിഷ്കരിച്ചതും മാത്രമാണ് നടപ്പിലായവ. എന്നാൽ പ്രധാന ആശുപത്രികളുടെ സുരക്ഷാ ചുമതല സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിനെ ഏൽപ്പിക്കും എന്ന തീരുമാനവും അതോടൊപ്പം തന്നെ എല്ലാ പ്രധാന ആശുപത്രികളിലും പോലീസ് എയ്ഡ് പോസ്റ്റുകൾ സ്ഥാപിക്കുമെന്ന വാഗ്ദാനവും ആറു മാസം കൂടുമ്പോൾ പ്രധാന ആശുപത്രികളിൽ സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന പ്രഖ്യാപനവും നാളിതുവരെ നടപ്പിലാക്കപ്പെട്ടിട്ടില്ല.' സമരം പ്രഖ്യാപിച്ചുകൊണ്ട് കെജിഎംഒഎ പുറത്തുവിട്ട വാർത്താകുറിപ്പിൽ പറഞ്ഞു.
ആശുപത്രിയിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി മുഴുവൻ കാഷ്യാലിറ്റികളിലും ട്രയാജ് സംവിധാനം നടപ്പാക്കണം. ഷിഫ്റ്റിൽ രണ്ട് സിഎംഒമാരുടെ സേവനം ഉറപ്പാക്കണം. സിസിടിവി സംവിധാനം സ്ഥാപിക്കൽ തുടങ്ങിയ ആവശ്യങ്ങളും സമരത്തിലൂടെ പരിഹരിക്കപ്പെടണമെന്നാണ് ആവശ്യം.